‘ഒപ്പം’ ഈ പാട്ടുകാരി

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ഒപ്പ’ത്തിലെ പാട്ടുകൾ കേട്ടുവോ?അതിലെ ‘പല നാളായ്’ എന്ന ഗാനത്തിന്റെ തുടക്കത്തിലെ ഹിന്ദിവരികൾ കേൾക്കുമ്പോൾ ഇനി ഓർമിക്കാം, പുണെക്കാരിയായ ഒരു മലയാളിപ്പെൺകുട്ടിയെ. പേര് ഷാരൺ ജോസഫ്.

വരികൾ എഴുതുകമാത്രമല്ല, എം.ജി ശ്രീകുമാർ, നജീം അർഷാദ്, ഹരിത ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവർക്കൊപ്പം ഈ ഗാനം ചിത്രത്തിൽ പാടുകയും ചെയ്തു മിടുക്കി. സുഹൃത്തായ മെജോ ജോസഫാണ് ‘ഒപ്പം’ എന്ന ചിത്രത്തിനുവേണ്ടി ഹിന്ദിയിൽ കുറച്ചു വരികളെഴുതാമോ എന്നു ഷാരണോടു ചോദിച്ചത്. ഒരു കൈ നോക്കട്ടെ എന്നു പറഞ്ഞപ്പോൾ ഒട്ടും താമസിച്ചില്ല, നേരെ കൊണ്ടുചെന്നു ചിത്രത്തിന്റെ സംഗീതസംവിധായകരായ ജിമ്മിന്റെയും ബിബിയുടെയും മുന്നിൽനിർത്തി. തനിയെ വരികളെഴുതി സ്വയം പാടി റെക്കോർഡ് ചെയ്യുന്നതാണ് ഷാരന്റെ ഇഷ്ടവിനോദം. ‘ഒപ്പ’ത്തിനു വേണ്ടി ഹിന്ദിയിൽ വരികളെഴുതിക്കഴിഞ്ഞപ്പോൾ ഷാരൺ തന്നെ അതുപാടി റെക്കോർഡ് ചെയ്ത് വെറുതെ ഒരു രസത്തിന് സംഗീതസംവിധായകർക്ക് അയച്ചുകൊടുത്തു. സംഗതി ക്ലിക്കായി. ജിമ്മും ബിബിയും മാത്രമല്ല, സാക്ഷാൽ പ്രിയദർശനും ഷാരന്റെ പാട്ടിന് ഒകെ പറഞ്ഞു. അങ്ങനെ ‘ഒപ്പ’ത്തിലെ ഗാനത്തിലൂടെ മലയാളികൾ വീണ്ടും ഷാരന്റെ സംഗീതം ആസ്വദിച്ചുകേട്ടു.

മൂന്നു വയസ്സുമുതൽ പാട്ടുപഠിക്കാൻ തുടങ്ങിയ ഷാരൺ മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ ഇതിനകം തന്നെ പാടിക്കഴിഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി, മറാത്തി, ഇംഗ്ലിഷ് ഗാനങ്ങളൊക്കെ ഷാരന്റെ നാവിൻതുമ്പിൽ ശ്രുതിമധുരിതം. വളർന്നതും പഠിച്ചതുമൊക്കെ അങ്ങു പുണെയിൽ ആണെങ്കിലും കുട്ടിക്കാലം മുതൽ മലയാളം നന്നായി എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു ഷാരന്റെ പപ്പയും മമ്മിയും. കർണാടകസംഗീതത്തിലും കുറച്ചുകാലം പയറ്റിയതിന്റെ പരിചയമുണ്ട് ഷാരണ്. മലയാളമാണ് മാതൃഭാഷയെങ്കിലും ഏറ്റവും വഴങ്ങുന്നത് ഇംഗ്ലിഷ് ഗാനങ്ങളാണെന്നു പറയുന്നു, ഒരു കള്ളച്ചിരിയോടെ ഷാരൺ.

വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് ഷാരൺ സിനിമാലോകത്ത് സജീവമാകുന്നത്. മെജോ ജോസഫാണ് 2014ൽ ആദ്യചിത്രമായ ‘ഹാങ്ങോവറി’ലേക്കുള്ള പാട്ടുക്ഷണവുമായി വന്നത്. പരസ്യജിംഗിളുകൾക്കുവേണ്ടി വരികളെഴുതിക്കൊണ്ടായിരുന്നു പാട്ടെഴുത്തിന്റെ തുടക്കം. പരസ്യനിർമാതാവായ ജിസ് ജോയ് ആണ് ഷാരണോട് ഒരു ജിംഗിളിനുവേണ്ടി ഇംഗ്ലിഷിൽ വരികളെഴുതാൻ ആവശ്യപ്പെടുന്നത്. അങ്ങനെയാണ് ഷാരൺ പാട്ടെഴുത്തിനെ ഗൗരവമായി കാണാൻ തുടങ്ങുന്നത്.

എങ്കിലും പാട്ടെഴുതുന്നതിനേക്കാൾ ഷാരണ് സന്തോഷം അതുപാടുമ്പോൾ തന്നെ. പിൽക്കാലത്ത് ഒരു പാട്ടുകാരിയായി അറിയപ്പെടണമെന്നതാണ് കെ.എസ് ചിത്രയെയും ശ്രേയാ ഘോഷാലിനെയും ആരാധിക്കുന്ന ഷാരന്റെ ഏറ്റവും വലിയ മോഹം. കർണാടകസംഗീതത്തോടുള്ള പ്രിയം കൊണ്ടാകാം മെലഡികൾ പാടുമ്പോഴാണ് ഷാരണ് കൂടുതൽ ആത്മവിശ്വാസം. പുത്തൻ അവസരങ്ങൾ കാത്തിരിക്കുമ്പോഴും ‘ഒപ്പ’ത്തിലെ തന്റെ പാട്ടുവരികളും സ്വരവും മലയാളികൾ നെഞ്ചോടു ചേർക്കുമെന്ന പ്രതീക്ഷയിലാണ് ഷാരൺ.