പേരു മറക്കുന്ന പ്രവണത നല്ല സംസ്കാരമല്ല: റഫീഖ് അഹമ്മദ്

നാഴിയൂരി പാലുകൊണ്ടു നാടാകെ കല്യാണം...അന്നു നുണഞ്ഞ ആ പാലിന്‍ മധുരം ഇന്നും ചുണ്ടോരത്തങ്ങനെ നില്‍പ്പുണ്ട്. ഇല്ലേ. പി.ഭാസ്‌കരന്‍ എഴുതി രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട പാട്ട്ാണിതെന്നും നമുക്കറിയാം. സംഗീത ലോകം ഇന്നും കൂട്ടി വയ്ക്കുന്നുണ്ട് കാലാതീതമാകുന്ന ചേലൊത്ത ഗാനങ്ങള്‍. 

പക്ഷേ നമ്മുടെ ചിന്തകളില്‍ അറിഞ്ഞോ അറിയാതെയോ പാട്ടെഴുതിയ ആള്‍ വിസ്മരിക്കുപ്പെടുന്നില്ലേ. പാട്ടെന്നാല്‍ പാട്ടുകാരിലേക്കു മാത്രം ചുരുങ്ങിപ്പോയിരിക്കുന്നു. സംഗീത ലോകം വലിയൊരു ബിസിനസായും പാട്ടിന്‍ തേരിലേറി ദൃശ്യമാധ്യമ പരിപാടികളും എഫ്എം ചാനലുകളും കുത്തിയൊഴുകുന്നതിനിടയില്‍ ഗാനങ്ങള്‍ക്കുള്ളിലെ സാഹിത്യത്തിനെ ചെറുതെങ്കിലും വലുതായി വിസ്മരിക്കുന്നു. നവകാല സിനിമയില്‍ കവിതയൂറും ഗാനരചന നടത്തിയ കവി റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ പങ്കുവച്ചതും അത്തരമൊരു ആശങ്കയായിരുന്നു. 

നിങ്ങള്‍ വിഷമിക്കണ്ട മാഷേ, നിങ്ങളുടെ പേര് പ്രസക്തമാണല്ലോ എന്ന കമന്റുകളായിരുന്നു അതിനു താഴെ നിറഞ്ഞത്. പക്ഷേ ഒരു പേര് പ്രസക്തമാകുന്നില്ലെന്ന പ്രശ്‌നമല്ല ഇവിടെ എന്ന് റഫീഖ് അഹമ്മദ് അടിവരയിടുന്നു. എഴുത്തുകാരനും ഈണമിടുന്നയാളുമാണ് അടിസ്ഥാനപരമായി ഒരു പാട്ടിനു പിന്നില്‍. അവരുടെ പേര് ഒരിടത്തും പറയാതെ വരുന്നത് നീതിശാസ്ത്രപരമായി ശരിയാണോ. 

ഞാനെഴുതിയ പാട്ട് മറ്റൊരാളുടേതാണെന്നോ അല്ലെങ്കില്‍ നമ്മളെഴുതാത്തത് നമ്മുടേതാണെന്നു കേള്‍ക്കുന്നതോ അത്ര സുഖകരമല്ല. ഇതൊരു കലാ സൃഷ്ടിയല്ലേ. അതാരു ചെയ്തതെന്നു ചോദിക്കുേേമ്പാള്‍ ഒരു ഉത്തരമില്ലാതെ വരുന്നത് നല്ലൊരു സംസ്‌കാരമല്ല. എഫ്എം ചാനലുകളും ടിവി ചാനലുകളും ഇതൊട്ടുമേ ശ്രദ്ധിക്കാറായേയില്ല. സൃഷ്ടാക്കളുടെ പേര് ഒരിടത്തും പറയാതിരിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. യുട്യൂബിലും പലവട്ടം ഇതുകണ്ടിട്ടുണ്ട്. പാട്ടെഴുതി ആളിന്‌റെ മാത്രം പേരുണ്ടാകില്ല. 

പുതിയ കാലത്ത് എഴുത്തുകാരന്റെ പേരിന് പ്രസക്തിയില്ലാതെയാകുന്ന പ്രവണതയുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഫേസ്ബുക്കില്‍ കുറിക്കേണ്ടി വന്നത്. റഫീഖ് അഹമ്മദ് പറഞ്ഞു, പുതിയ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാന്‍ സാധിക്കും, ഒരു ചിത്രത്തില്‍ തന്നെ ഒന്നിലധികം ഗാനരചയിതാക്കളുണ്ട്. അവരുടെ പേര് മാറിപ്പോകുന്നതും പറയാതിരിക്കുന്നതും അവര്‍ക്കു പലബുദ്ധിമുട്ടുകളുമുണ്ടാക്കില്ല. അതുപോലെ ഒരു ഗാനം എഴുതിയത് ആരാണെന്ന് നാളെയാര്‍ക്കെങ്കിലും അറിയണമെന്നു തോന്നിയാല്‍ അതിനു സാധിക്കാതെ വരും. പാട്ടുകളെ കുറിച്ചു പഠനം നടത്തുന്നവര്‍ ഏറെയുണ്ട്. ഈ സ്ഥതിവിശേഷം തുടര്‍ന്നുപോകുകയാണെങ്കില്‍ അത് ഇവര്‍ക്കൊക്കെ എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കും. ഒരു പേര് വിട്ടുപോകുന്നതിന്‌റെ പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്. അദ്ദേഹം പറഞ്ഞു.