കഠിനപ്രയത്നം ഒരു ഗായകന്റെ വിജയം

യേശുദാസിന്റെ ഗാനങ്ങളാൽ സമ്പന്നമായ കുട്ടിക്കാലം, രഞ്ജിത്ത് ഉണ്ണിയുടെ ജീവിതം സംഗീതത്തിലേക്ക് വഴിതെളിച്ച് വിട്ടത് ആ പാട്ടുകളാണ്. ഹൈസൂൾ പഠനം കഴിഞ്ഞതോടെ തനിക്കൊരു ഗായകനാകണമെന്ന് രഞ്ജിത്ത് ഉറപ്പിച്ചു. പിന്നീട് അതിനുള്ള കഠിന ശ്രമമായി. രഞ്ജിത്ത് ഉണ്ണിയുടെ ഒരു വ്യാഴവട്ടക്കാലത്തെ അധ്വാനത്തിന്റെ ഫലമായിരുന്നു ഡോക്ടർ ലൗവിലെ നന്നാവൂല്ല എന്ന ഗാനം. ആദ്യ ഗാനം ബെന്നി ദയാൽ, വിനു തോമസ് എന്നിവരുടെ കൂടിയായിരുന്നെങ്കിൽ ഏറ്റവും പുതിയ ഗാനം ഉത്തമവില്ലനിൽ കമൽഹാസന്റെ കൂടെയാണ്.

കൊച്ചിയിലെ കുട്ടിക്കാലം

അച്ഛനും അമ്മയ്്ക്കും ദുബായിലായിരുന്നു ജോലി. കുട്ടിക്കാലം മുഴുവനും കൊച്ചിയിൽ തന്നെയായിരുന്നു. തനിക്ക് സംഗീതത്തിലാണ് താൽപര്യം എന്നറിഞ്ഞപ്പോൾ വീട്ടിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് മുന്നേറാൻ മാത്രമേ അവർ പറഞ്ഞുള്ളു. അത് വളരെ വലിയ കാര്യമായിട്ടാണ് കാണുന്നത്.

ഭവൻസ് വിദ്യാമന്ദിർ എളമക്കരയിലെ വിദ്യാർഥിയായിരുന്ന തന്റെ ജീവിതത്തിന് ദിശാബോധം വന്നത് ഗായകൻ മധുബാലകൃഷ്ണനുമായുള്ള സൗഹൃദമാണ് രഞ്ജിത്ത് പറയുന്നു. മധു ബാലകൃഷ്ണനാണ് തന്നെ തിരുവനന്തപുരം കൃഷ്ണകുമാറിന്റേയും ഭാര്യ ബിന്നി കൃഷ്ണകുമാറിന്റേയും അടുത്തെത്തിക്കുന്നത്. പിന്നീട് കർണ്ണാടക സംഗീതത്തെ കൂടുതൽ പഠിക്കാനായി മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദം കരസ്ഥമാക്കി. അവിടുന്നുതന്നെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന് ശേഷം കർണ്ണാടക സംഗീതത്തിൽ എംഫിലുമെടുത്തു.

ഡോക്ടർ ലൗവിലൂടെ തുടക്കം

കുഞ്ചാക്കോ ബോബനും, ഭാവനയും അഭിനയിച്ച ഡോക്ടർ ലൗവിലെ നന്നാവൂല്ല എന്ന ഗാനം പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനു തോമസായിരുന്നു ഗാനത്തിന്റെ സംഗീത സംവിധായകൻ. ബെന്നി ദയാൽ, വിനു തോമസ്, അഞ്ജു ജോസഫ് എന്നിവരുടെ കൂടെയായിരുന്നു ആദ്യ ഗാനം ആലപിച്ചത്. ഉത്തമവില്ലനിലെ ഗാനവും സോളോ ആയിരുന്നില്ല ചിത്രത്തിലെ നായകൻ കമൽഹാസന്റേയും മറ്റ് ഗായകരുടേയും കൂടെയായിരുന്ന ഗാനം ആലപിച്ചത്. ഒരുപാട് അർത്ഥങ്ങളുള്ള പാട്ടുകളാണ് ഉത്തമവില്ലനിലേത്. കമൽഹാസന്റെ കൂടെ പാടാൻ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്.

സംഗീതത്തേപ്പറ്റി നല്ല ധാരണയുണ്ടാകണം

ഒരു സംഗീതജ്ഞന് സംഗീതത്തെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം. സംഗീതത്തിൽ മാത്രമല്ല എല്ലാ ജോലികളിലും അങ്ങനെയാണ്. അറിവ് മാത്രമല്ല അതിനോട് അഭിനിവേശവുമുണ്ടായിരിക്കണം. സംഗീതത്തിൽ പൂർണ്ണമായും സമർപ്പിച്ചിരിക്കുകയാണ് ഞാൻ. ഇനി സംഗീതത്തിൽ പിഎച്ച്ഡി എടുക്കാനായി തയ്യാറാകുകയാണ്.

ഉത്തമവില്ലൻ പോലൊരു ചിത്രത്തിൽ പാടിക്കൊണ്ടുള്ളൊരു സ്വപ്ന തുടക്കം ലഭിച്ച രഞ്ജിത്ത് ഉണ്ണിക്ക് ഗായകനായി ഇനിയും ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ എന്ന് ആശംസിക്കാം.