12 പാട്ടുകൾക്കായി തുടങ്ങിയ ബാൻഡ്

ഒരു സൗഹൃദ കൂട്ടായ്മ ഇപ്പോൾ അവരൊരു ബാൻഡായി വളർന്നു. നിറഞ്ഞ സദസുകളിൽ പാടി തകർക്കുകയാണ് അവർ... സംഗീത പ്രേമികളുടെ ഭ്രമത്തിൽ അലിഞ്ഞ് അതിർത്തികൾ കടന്ന് സഞ്ചരിക്കുകയാണവർ. കൊച്ചിയിലെ ഒരു കൊച്ചു പാലത്തിന്റെ ചുവട്ടിൽ നിന്ന് ലോക സംഗീത ഭൂപടത്തിൽ ഇടം പിടിച്ച ബാൻഡ്. ഗാനങ്ങളിലെ സ്ഫോടനാത്മകമായ അതിനവീനത്വം കൊണ്ടും പാടി പതിഞ്ഞ പഴമ മണക്കുന്ന ഗാനങ്ങൾക്ക് ആത്മാവ് നഷ്ടപ്പെടുത്താതെ പുത്തൻ ഈണങ്ങൾ നൽകിയും കാണികൾക്ക് സംഗീതം എന്ന ലഹരി പകരുന്ന മാന്ത്രിക മാസ്മരികത സമ്മാനിക്കാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തൈക്കുടം ബ്രിഡജ് എന്ന സംഗീത ബാൻഡിനു കഴിഞ്ഞിട്ടുണ്ട്.

മുണ്ടുടുത്ത് പാടുന്ന ബാൻഡ് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ബാൻഡിന്റെ വളർച്ച തന്നെ ഒരു സംഗീത പരിപാടിയ്ക്കായി 12 പാട്ടുകൾ സ്വയം കമ്പോസ് ചെയ്തുകൊണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഒരുക്കിയ ഈ സംഗീത വിരുന്ന് ഇന്ന് മലയാളത്തിൽ സിനിമാ സംഗീത ശാഖയ്ക്ക് സമാന്തരമായി പ്രവർത്തിക്കുന്ന മറ്റൊരു ശാഖ യാഥാർത്ഥ്യമാക്കുന്നതിന് കാരണമായിരിക്കുന്നുവെന്ന് വേണം കരുതാൻ.

ഗോവിന്ദ് മേനോനാണ് ബാൻഡിന്റെ മാസ്റ്റർ ബ്രെയിൻ എങ്കിലും ബാൻഡിൽ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകാൻ എപ്പോഴും ഇവർ ശ്രദ്ധിക്കാറുണ്ട്. മഹാരാഷ്ട്രയിൽ നിന്നും ഒറീസയിൽ നിന്നുമുള്ള ഹിന്ദുസ്ഥാനി സംഗീതജ്ഞരും ബാൻഡിന്റെ അഭിവാജ്യഘടകമാണ്. പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുമ്പോൾ വളരെ യാദൃശ്ചികമായി സംഗീത ലോകത്തേക്ക് വന്നയാളാണ് ബാൻഡിന്റെ സ്വന്തം ചോക്ലേറ്റ് ബേബിയായ സിദ്ദാർത്ഥ് മേനോൻ. ബാൻഡിലെ ഏറ്റവും ചെറുപ്പകാരനായ സിദ്ദാർത്ഥ് മേനോൻ സത്യത്തിൽ ആരാധകരെ കൊണ്ട് തോറ്റു തൊപ്പിയിട്ടുവെന്ന് വേണം പറയാൻ. സെലിബ്രിറ്റി പരിവേഷം ലഭിച്ച സിദ്ദാർത്ഥിനെ രക്ഷിക്കുന്നത് പുതുതായി വാങ്ങിയ തൊപ്പിയാണത്രേ.

സ്ത്രീകളില്ലാത്ത ഈ ബാൻഡിന്റെ സ്വന്തം പ്രൊഡക്ഷനുകളായ ചത്തേ, ഫിഷ് റോക്ക് എന്നീ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഗോവിന്ദ് മേനോന്റെ സഹോദരിയാണെന്ന പ്രത്യേകതയും ഉണ്ട്. സിനിമയിൽ നിന്നും നിരവധി ഓഫറുകൾ ഇതിലെ അംഗങ്ങൾക്ക് വരുന്നുണ്ട്. സമയം ലഭിക്കുമ്പോഴൊക്കെ പാടാൻ വ്യക്തിപരമായും ബാൻഡ് മുഴുവനായി തന്നെയും സിനിമകളുടെ ഭാഗമാകുന്നുണ്ട്. എന്നാൽ ബാൻഡിൻ തന്നെയാണ് പ്രാഥമിക പരിഗണനയെന്നും തൈക്കുടം ഗായകർ ഓർമിപ്പിക്കുന്നു.

യുവാക്കളെ ഹരം പിടിപ്പിക്കുന്ന തൈക്കുടം ബ്രിഡ്ജിന്റെ പ്രകടനങ്ങൾ ആവർത്തന വിരസതയുണ്ടാക്കില്ലേ? ബാൻഡിന്റെ സ്വന്തം ഗാനങ്ങൾ പുതുതായി ഉണ്ടായില്ലെങ്കിൽ എന്താകും ബാൻഡിന്റെ ഭാവി? ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ കാഴ്ചപ്പാട് ബാൻഡിലെ അംഗങ്ങൾക്കുണ്ട്. അതിനാൽ തന്നെ രാജ്യങ്ങൾ തോറുമുള്ള ഓട്ടം തൈക്കുടം തത്കാലം മതിയാക്കുകയാണ്. സ്വന്തമായുള്ള സൃഷ്ടികൾക്കായി ബാൻഡ് തത്കാലം ഒരു അവധിയിലേക്ക് കടക്കുകയാണ്. കൂടുതൽ പുതുമയുള്ളതും പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്നതുമായ ഗാനങ്ങളുമായി തങ്ങൾ തിരികെയെത്തുമെന്ന് ബാൻഡ് അംഗങ്ങൾ ഉറപ്പിച്ചു പറയുന്നു.