അമ്മാവൻ അച്ഛന് അവാർഡ് വാങ്ങി കൊടുത്തു; അനന്തിരവൻ മകൾക്കും

ഗായകൻ ഉണ്ണികൃഷ്ണനും, ഉത്തര ഉണ്ണികൃഷ്ണനും

കുട്ടിക്കാലത്ത് ഹരിണി ഒരുപാടാഗ്രഹിച്ചിരുന്നു സംഗീതം പഠിക്കാൻ. എന്നാൽ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ കുടുംബത്തിൽ ആരും പിന്തുണയുമായി എത്തിയില്ല. ഇന്നു ഹരിണി ഒരു മുത്തശിയാണ്. അവരുടെ മകൻ പ്രശസ്തനായ കർണാടkkക സംഗീതജ്ഞനും ഗായകനുമായി. മകന്റെ മകളാകട്ടെ താൻ പാടിയ സിനിമാ ഗാനത്തിനു നാഷണൽ അവാർഡും വാങ്ങി.

പ്രശസ്ത ഗായകൻ ഉണ്ണികൃഷ്ണനാണ് ആ മകൻ. ഉത്തര ഉണ്ണികൃഷ്ണൻ പേരക്കുട്ടിയും.

ഉത്തരയുടെ വിശേഷങ്ങളിലേക്ക്:

എല്ലാവരും ‘നന്നായി എന്നു പറഞ്ഞു...

‘സൈവത്തിലെ ‘അഴകേ എന്ന ഗാനത്തിനു അവാർഡ് കിട്ടിയപ്പോൾ അധ്യാപകരും കൂട്ടുകാരും അഭിനന്ദിച്ചു. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു നേട്ടം കൈ വരുമെന്ന്. ഗാനം രചിച്ച എൻ.എ മുത്തുകുമാറിനോട് നന്ദി പറയാൻ ഉണ്ണികൃഷ്ണൻ വിളിച്ചിരുന്നു. മുത്തുകുമാർ സാർ അപ്പോൾ പറഞ്ഞത് ഉത്തര ആ ഗാനത്തിന്റെ വരികൾക്കു ജീവൻ നൽകി എന്നാണ്. ആ ഗാനത്തിൽ എന്തോ ഒരു പ്രത്യേകത തോന്നുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.

‍അഴകേ...

ആദ്യ റെക്കോർഡിങ് നടന്നത് 'ടെൻഷനിൽ'

ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ അന്നു ലണ്ടനിൽ ആയിരുന്നു. സംഗീത സംവിധായകൻ ജി.വി പ്രകാശിന്റെ ഭാര്യ സൈന്ധവി ഈ ഗാനത്തിനായി ഉത്തര തന്നെ വേണമെന്ന് നിർബന്ധിച്ചു. അന്നു ഉത്തരയ്ക്ക് തൊണ്ട ശരിയായിരുന്നില്ല. കുട്ടി പാടിയില്ലെങ്കിൽ അത്രയേയുള്ളൂ, ഒന്നു വന്നു പാടൂ എന്ന് സൈന്ധവി നിർബന്ധിച്ചപ്പോൾ ഉണ്ണികൃഷ്ണൻ ഒന്നാലോചിച്ചു. പിന്നീട് ചെന്നൈയിലുള്ള ഭാര്യ പ്രിയയെ വിളിച്ചു. ഉത്തരയെ പാടുവാൻ സ്റ്റുഡിയോയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

ഉണ്ണികൃഷ്ണൻ ഇല്ലാതെ ആദ്യമായാണ് പ്രിയ ഇങ്ങനെ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. മകൾ കർണാടക സംഗീതം പഠിച്ച് തുടങ്ങിയിട്ടേയുള്ളൂ, തീരെ ചെറിയ കുട്ടിയാണ്, ആ ദിവസം കുട്ടിയുടെ തൊണ്ട ശരിയല്ലായിരുന്നു.... അങ്ങനെ ആകെ ടെൻഷനിലായിരുന്നു.

അമ്മ എഴുതി മകൾ പാടി..

ഉത്തരയ്ക്ക് തമിഴ് എഴുതാനും വായിക്കാനും അറിയാം. പക്ഷേ വായനയ്ക്ക് വേഗത ഇല്ല. അതുകൊണ്ട് അമ്മ വരികൾ ഇംഗ്ലീഷിലേക്കു മാറ്റി എഴുതി നൽകി. മകൾ ഒന്നു രണ്ടു തവണ പ്രാക്ടീസ് ചെയ്തു. തുടർന്ന് ജി വി പ്രകാശ് എത്തി സംഗതിയും ട്യൂണും ചെക്ക് ചെയ്ത് ഓകെ പറഞ്ഞു.

ഏ ആർ റഹ്മാൻ കുടുംബത്തോടുള്ള കടപ്പാട്

ഉണ്ണികൃഷ്ണന് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്ത കാതലനിലെ ‘എന്നവളേ... എന്ന ഗാനം ചിട്ടപ്പെടുത്തിയത് ഏ ആർ റഹ്മാനായിരുന്നു. പിന്നീട് ധാരാളം പ്രശംസ പിടിച്ചു പറ്റിയ ഇരുവരിലെ ‘നറുമുഖിയേ... എന്ന ഡ്യൂയറ്റ് പാടിയ ഗായകരിലൊരാൾ ഉണ്ണികൃഷ്ണൻ ആയിരുന്നു. ഇപ്പോൾ മകൾക്ക് മികച്ച ഗായികയായി ദേശീയ അവാർഡ് നേടിക്കൊടുത്ത ‘സൈവത്തിലെ ‘അഴകേ എന്നു തുടങ്ങുന്ന പാട്ടിനു ഈണം നൽകിയത് ഏ ആർ റഹ്മാന്റെ അനന്തിരവനായ ജി വി പ്രകാശും. ഏതു സമയത്ത് മെസേജ് അയച്ചാലും ഏ ആർ റഹ്മാൻ അതിന് ഉടൻ മറുപടി തിരിച്ചയയ്ക്കും. അത്ര അടുപ്പമാണ് ഉണ്ണികൃഷ്ണനുമായി. കടപ്പാട് ഒരുപാടുണ്ട് റഹ്മാന്റെ കുടുംബത്തിനോട്, കാരണം ഇവർക്ക് വൻ നേട്ടങ്ങൾ സമ്മാനിച്ചത് റഹ്മാന്റെ കുടുംബമാണ്.

അച്ഛന്റെ മകൾ

താനൊരു അച്ഛൻ കുട്ടിയാണെന്ന് കണ്ണുമടച്ച് ഉത്തര പറയും, അúത്രയ്ക്കടുപ്പമാണ് മകൾക്ക് അച്ഛനോട്. ചില ഇഷ്ടങ്ങളിലും ഉണ്ട് അച്ഛനും മകൾക്കും സാമ്യം. ആരാകണമെന്ന് ചോദിച്ചാൽ, അമ്മയുടെ നൃത്തച്ചുവടുകൾ വിട്ട് അച്ഛന്റെ പാട്ട് സംഗതികൾ തിരഞ്ഞെടുക്കും മകൾ. ഭാവിയിൽ ഒരു ഗായികയായിത്തീരണം എന്ന് ഉത്തര പറയുന്നുമുണ്ട്.

സ്കൂൾ കഴിഞ്ഞാൽ വായനയും പാട്ടുകേൾക്കലും കളികളും ഉത്തരയുടെ വിനോദമാണ്, കളി എന്നാൽ ക്രിക്കറ്റ് ആണ് ഒരിനം. ഉണ്ണികൃഷ്ണനും പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നു. തമിഴ്നാടിനുവേണ്ടി ഫസ്റ്റ് ഡിവിഷൻ ക്രിക്കറ്റ് കളിച്ച കളിക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. മുൻ ഇന്ത്യൻ താരം റോബിൻ സിങ്ങിനൊപ്പമൊക്കെ അന്ന് ഉണ്ണികൃഷ്ണൻ കളിച്ചിരുന്നു.

ക്ലാസിൽ മിടുക്കി...

പഠനത്തിൽ ആവറേജിനും മുകളിലാണ് ഉത്തര. അര മണിക്കൂർ ഒക്കെയേ ഇരുന്നു പഠിക്കുകയുള്ളൂ. എന്നാൽ പഠിക്കുന്ന സമയം ശ്രദ്ധിച്ചു പഠിക്കും. ഒന്നും പഠിക്കാതെ പോയാലും ഒരു 80 ശതമാനമൊക്കെ വാങ്ങുന്ന മിടുക്കിയുമാണ്.

മാതൃകയാക്കേണ്ട അച്ഛനമ്മമാർ

മൽസരം തിങ്ങി നിറഞ്ഞ ഇന്നത്തെ ലോകത്ത് മാതൃകയാക്കേണ്ടവരാണ് ഉത്തരയുടെ മാതാപിതാക്കളായ പ്രിയയും ഉണ്ണികൃഷ്ണനും. കാരണം പാട്ടിനോ സ്കൂളിലുള്ള മറ്റൊരു മത്സരങ്ങൾക്കോ ഇവർ മകളെ ഒരിക്കലും നിർബന്ധിച്ചിട്ടില്ല. അവളുടെ കുട്ടിക്കാലം മത്സരങ്ങൾക്കും കഠിനമായ ചിട്ടകൾക്കും നൽകി നശിപ്പിക്കരുതെന്ന് ഇവർ കരുതുന്നു. സിനിമയിൽ കൂടുതൽ പാടുന്നതിന് മുൻപായി മകൾ സംഗീതം എന്തെന്ന് ശരിക്കും പഠിക്കണമെന്നാണ് ഇവരുടെ പക്ഷം.

കുടുംബസദസുകളിൽ ഒരു പാട്ടു പാടാൻ പറഞ്ഞാൽ ഉത്തര ഒഴിഞ്ഞു മാറും. അവിടെ പാടാൻ അച്ഛനും അമ്മയും നിർബന്ധിക്കാറുമില്ല. ഇപ്പോൾ കിട്ടിയ അവാർഡിന്റെ വലുപ്പമറിയാവുന്നതുകൊണ്ട് തന്നെ പ്രിയയും ഉണ്ണികൃഷ്ണനും ടെൻഷനിലാണ്. കാരണം ഇതൊക്കെ മകൾക്ക് ലഭിക്കുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എല്ലാം ദൈവം മകൾക്ക് വേണ്ടി കരുതിയതാണെന്ന് ഈ അച്ഛനും അമ്മയും കരുതുന്നു. പാട്ട് ഒരു പ്രൊഫഷനായി മകൾ സ്വീകരിക്കുന്ന കാര്യവും അവർ തീരുമാനിച്ചിട്ടില്ല.

പാട്ട് കുടുംബം...

സ്കൂളിൽ നിന്നെത്തിയാൽ ഉത്തര പാട്ടുപാടിക്കേൾപ്പിക്കുന്നത് അച്ഛമ്മയുടെ അടുത്താണ്. അപ്പോൾ അമ്മ ഉത്തരയുടെ ചേട്ടന്റെ പഠനകാര്യങ്ങളിൽ മുഴുകിയിരിക്കും. മകളുടെ സംഗതികൾ അച്ഛൻ ശരിയാക്കാറുണ്ട്. ഉത്തരയുടെ ചേട്ടൻ വാസുദേവ് കൃഷ്ണ 12ാംക്ലാസ് വിദ്യാർഥിയാണ്. പിയാനോയിലാണ് കക്ഷിക്കു താൽപര്യം. അനിയത്തിയുടെ പാട്ടിൽ ചേട്ടനും നല്ല ഒരു പങ്കുണ്ട്. സംഗീതക്ലാസിൽ പഠിച്ച രാഗം അനിയത്തിക്കൊണ്ട് പാടിപ്പിച്ച് ചേട്ടൻ പിയാനോ വായിക്കും. സ്കൂളിലേക്കു കാറിൽ പോകുമ്പോൾ രണ്ടാളും ഒരുപാട് സിഡികൾ കേട്ടു പഠിക്കും. അങ്ങനെ ഏറ്റവും പുതിയ ഗാനങ്ങളുടെ വരെ സിഡികളുടെ ശേഖരം രണ്ടു പേർക്കുമുണ്ട്.

ചെന്നൈയിലെ ലേഡി അന്താൾ വെങ്കിട്ടസുബ്ബറാവു സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഉത്തര. ഡോ. സുധാരാജയുടെ അടുത്താണ് സംഗീത പഠനം. അമ്മ പ്രിയയുടെ സ്വദേശം കോഴിക്കോടുള്ള പുതിയറയാണ്. അമ്മ ഒരു ക്ലാസിക്കൽ നർത്തകിയും കലാമണ്ഡലം സരസ്വതിയുടേയും കലാമണ്ഡലം ക്ഷേമാവതിയുടേയും ശിഷ്യയുമാണ്. ഇപ്പോൾ മോഹിനിയാട്ടമാണ് പ്രധാനമായും അഭ്യസിക്കുന്നത്..

പാ വിജയന്റെ വരികൾക്ക് താജ്നൂർ മുഹമ്മദ് എഴുതിയ ഒരു ഗാനവും, ജി വി പ്രകാശിനുവേണ്ടി പാടിയ ഒരു ഫാസ്റ്റ് നമ്പറുമാണ് ഉത്തരയുടേതായി ഇനി പുറത്തിറങ്ങാനുള്ള പാട്ടുകൾ.