ഗായകരുടെ ശബ്ദമാണ് പ്രധാനം; സീനിയോരിറ്റി അല്ല: വിദ്യാസാഗർ

ഒരു നല്ല സംഗീതജ്ഞൻ പരീക്ഷണങ്ങളെ എപ്പോഴും ഇഷ്ടപ്പെടും. യുവത്വത്തിന്റെ കുത്തൊഴുക്കുള്ള ഇന്നത്തെ മലയാള സിനിമയിൽ വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഇന്നും സജീവമാണ് കർമ്മംകൊണ്ടൊരു മലയാളി എന്നുകൂടി വേണമെങ്കിൽ പറയാവുന്ന തെന്നിന്ത്യൻ സംഗീത സംവിധായകൻ വിദ്യാസാഗർ. സത്യൻ അന്തിക്കാട് ചിത്രമായ ‘എന്നും എപ്പോഴും എന്ന സിനിമയിലെ ‘ദിത്തികി.. ദിത്തികി... എന്നു തുടങ്ങുന്ന ഗാനത്തിനുവേണ്ടിയായിരുന്നു വിദ്യാസാഗറിന്റെ ഏറ്റവും പുതിയ മലയാള പരീക്ഷണം. ആ ഗാനത്തെക്കുറിച്ചും മറ്റും വിദ്യാസാഗർ മനോരമ ഓൺലൈനിനോട്...

വ്യത്യസ്തമായ ഒരു സ്കെയ്ലിലാണ് ഞാൻ ഈ ഗാനം ചിട്ടപ്പെടുത്തിയത്. മധുലിക രാഗമാണ് ഇതിനായി ഉപയോഗിച്ചത്. സാരസാംഗിയിൽ നിന്നും ജന്യമായ രാഗമാണ് മധുലിക. ഇതുവരെ അധികം ഗാനങ്ങളൊന്നും ഈ രാഗത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. ശാസ്ത്രീയ സംഗീതത്തിലും മധുലിക അടിസ്ഥാനമാക്കിയുള്ള കൃതികൾ വളരെ അപൂർവമായാണ് കാണുന്നത്.

സിനിമയിലെ മറ്റു ഗാനങ്ങൾ ഇതിനോടകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു. എന്നാൽ ആ ഗാനങ്ങളേക്കാളും അധികം പ്രത്യേകതയുള്ള ഈ ഗാനത്തെക്കുറിച്ചുകൂടി സാധാരണ ജനങ്ങൾ അറിയണം. മധുലിക ഗാനത്തിന് ചില പരിമിതികൾ ഉണ്ട്. മറ്റു രാഗങ്ങളെ അപേക്ഷിച്ച് ഈ രാഗത്തിന് അഞ്ച് നോട്ടുകൾ മാത്രമാണുള്ളത്. പഞ്ചമവും ദൈവതവും ഇല്ല. അതുകൊണ്ട് തന്നെ മ്യൂസിക്കിലൊരു ഹാർമണി കൊണ്ടുവരാൻ വളരെയധികം ബുദ്ധിമുട്ടി. ഈ ഗാനം കേട്ടിട്ട് കർണാടക സംഗീതജ്ഞൻമാർ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.

ജയചന്ദ്രനും രാജലക്ഷ്മിയും

പഴയ ഗായകരിലെ ഏറ്റവും മുതിർന്ന പി. ജയചന്ദ്രനും പുതിയ തലമുറയിലെ പ്രമുഖ ഗായികമാരിലൊരാളായ രാജലക്ഷ്മിയുമാണ് എന്നും എപ്പോഴിലെ മറ്റൊരു ഗാനമായ ‘മലർവാക കൊമ്പത്ത് ആലപിച്ചിരിക്കുന്നത്. വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഗാനമായിരുന്നു ഇത്. ‘‘ഒരു പാട്ടിന്റെ രീതിക്ക് അനുയോജ്യമായ ശബ്ദമാണ് എനിക്ക് പ്രധാനം. ഗായകരുടെ സീനിയോരിറ്റിയും, ജൂനിയോരിറ്റിയുമൊന്നും പ്രശ്നമല്ല വിദ്യാസാഗർ പറയുന്നു.

വലതുകാൽ വച്ച് റിയാലിറ്റിഷോയിലേക്ക്

കുറച്ചു മാസങ്ങൾക്ക് മുമ്പ് മനോരമ ഓൺലൈനിനു വേണ്ടി സംസാരിച്ചപ്പോൾ റിയാലിറ്റി ഷോകളിൽ ചെന്ന് മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നതിൽ താൽപര്യമില്ല എന്നദ്ദേഹം പറഞ്ഞിരുന്നു. ആ തീരുമാനം മാറ്റിമറിച്ച് ഇപ്പോൾ മലയാളത്തിലെ ഒരു റിയാലിറ്റിഷോയിലേക്ക് ജഡ്ജായി എത്താൻ സമ്മതം മൂളിയിരിക്കുകയാണ് അദ്ദേഹം. വിദ്യാസാഗറിന്റെ സംഗീത സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ള മലയാള ചലച്ചിത്രം ‘ അനാർക്കലിയാണ്.