ഇൗ വർഷമെൻ, കൈക്കുമ്പിളിൽ

വിജയ് യേശുദാസ്

മാനത്തിന് മഴവില്ലിന്റെ നിറം വന്നൊരു പുലരിയിൽ കണ്ണാന്തളി പൂവിന്റെ ചിരിയുള്ള പ്രണയിനിക്കായി അവനൊരു പാട്ടുപാടി. പ്രണയിനിയെ മലരെന്ന് പേരിട്ട് ആൺമനസുകൾ ആ പാട്ട് ഏറ്റുപാടി... മലരേ.....കരിമ്പാറയുടെ തലമുടിത്തുമ്പിലൂടെ എതിരേ നിന്ന വാകപ്പൂവിനെ നോക്കി കൊലുസും കിലുക്കിഒഴുകി വന്ന പുഴപോലെ പാഞ്ഞ വയലിൻ നാദത്തിനൊപ്പം വിജയ് യേശുദാസ് പാടിയ പാട്ട്. മെലഡിയുടെ സ്വരഭംഗിയോട് വിജയ് യേശുദാസെന്ന പേര് എത്രത്തോളം ചേർന്നു നിൽക്കുന്നുവെന്ന് തെളിയിച്ച വർഷമായിരുന്നു 2015. മലരേ എന്നു പാടി മതിവരാത്ത ചുണ്ടുകളോട് ഹേമന്ദമെൻ കൈക്കുമ്പിളിലെന്ന് പാടുന്ന ഹൃദയങ്ങളോട് വിജയ് യേശുദാസ് സംസാരിക്കുന്നു.

മലരേ എന്ന പാട്ടു കേട്ടും പാടിയും മലയാളത്തിന് മതിയായിട്ടില്ല. 2015 വിജയ് യേശുദാസിന്റെ വർഷമായിരുന്നുവെന്നു പറഞ്ഞാൽ?

2015 എന്ന വർഷം വിജയ്‌യുടേതെന്ന് പറയരുത്. ഇതൊരു തുടർച്ചയാണ്. ഈ വർഷം പാടിയ കുറേ മെലഡികൾ പ്രേക്ഷകന് ഏറെ ഇഷ്ടമായി. അതിലേറെ സന്തോഷം. പക്ഷേ ഞാൻ എന്റെ കരിയറിൽ ഏഴു വർഷത്തോളം നന്നായി കഷ്ടപ്പെട്ടു. അതിന്റെയൊക്കെ ഫലമാണിത്. ഒരു സ്മൂത് ജേർണിയൊന്നും ആയിരുന്നില്ല. ആ അനുഭവങ്ങളിലൂടെയുള്ള കടന്നുപോകലിന്റെ പ്രതിഫലനമാണ് 2015ലെ ഈ നല്ല പാട്ടുകൾ. ഒരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ റേഡിയോയില്‍ പോയവർഷത്തെ ഏറ്റവും മികച്ച പത്ത് പാട്ട്, അഞ്ച് പാട്ട് എന്നൊക്കെ വിലയിരുത്തലുകൾ വരുന്നത്. അതിൽ ഞാൻ പാടിയ ഒന്നിൽ കൂടുതല്‍ പാട്ടുകളുണ്ടെന്നറിയുമ്പോൾ ഒരു പ്രത്യേക സന്തോഷമല്ലേ. ആരും കൊതിച്ചുപോകുന്ന ഒരു അംഗീകാരമല്ലേ. അത്രേയുള്ളൂ. കടന്നു പോയത് നല്ലൊരു വർഷമായിരുന്നു എന്നെ സംബന്ധിച്ച് അതു ശരിയാണ്.

വിജയ് യേശുദാസ്

മലരേ... ഹേമന്ദമെൻ... അങ്ങനെ മലയാളത്തിലെ ആസ്വാദകപക്ഷം ഏറെ ആസ്വദിച്ച മനോഹരമായ പാട്ടുകൾ. എന്തുതോന്നുന്നു?

നിവിനു വേണ്ടി ആദ്യമായിട്ടാണ് ഞാനൊരു പാട്ടു പാടിയത്. പക്ഷേ മലരേ എന്ന പാട്ട് വിജയിച്ചത് ഒരിക്കലും വിജയ് യേശുദാസെന്ന ഗായകന്റെ വിജയമാക്കി മാത്രമൊതുക്കരുത്. അങ്ങനെ പറയുകയുമരുത്. ആ പാട്ടിന്റെ ഈണം വരികൾ, ചലച്ചിത്രത്തിന്റെ കഥ, അതിലഭിനയിച്ചവർ എല്ലാം ഒന്നിനോടൊന്നു മികച്ചതായപ്പോഴാണ് ആ പാട്ട് പ്രേക്ഷകന്റെ മനസിലേക്ക് ഇത്രയേറെ ഭംഗിയായി എത്തിച്ചേർന്നത്. ഹേമന്ദമെൻ എന്ന പാട്ടും അങ്ങനെ തന്നെ. രാഹുൽ രാജ് അസാധ്യമായൊരു വഴിയിലേക്ക് ആ പാട്ടിനെ കൊണ്ടുപോയി.

കുറേ നല്ല ‌മെലഡികൾ പാടാനായി പോയവർഷം. സംഗീത സംവിധായകൻ പറഞ്ഞു തരുന്ന ഈണത്തെ ചലച്ചിത്രത്തിന്റെ സന്ദർഭത്തിന്റെ വികാരമുൾക്കൊണ്ട് പാടി ഫലിപ്പിക്കുവാൻ സാധിക്കുക എന്നതാണ് ഒരു പ്ലേബാക്ക് സിങ്ങറുടെ ഉത്തരവാദിത്തം. അത് ഭംഗിയായ ചെയ്തുവെന്ന് പ്രേക്ഷകർ പറയുമ്പോഴുള്ള സന്തോഷം. അതാണ് ഏറ്റവും വലിയ അംഗീകാരം. മലരും ഹേമന്ദമെന്നിലും ഗായകനെന്ന എന്റെ ഉത്തരവാദിത്തത്തെ നന്നായി നിറവേറ്റുവാൻ കഴിഞ്ഞെന്ന ആത്മസംതൃപ്തി തന്ന പാട്ടുകളാണ്, രണ്ട് പാട്ടുകളും ഞാനേറെ ആസ്വദിച്ച് പാടിയ പാട്ടുകളാണ്. പാടിയപ്പോൾ ഇത്രയും ഹിറ്റാകുമെന്നൊന്നും കരുതിയില്ല. റെക്കോർഡിങ്ങൊന്നും ഇപ്പോഴും മനസിൽ നിന്നു മാഞ്ഞിട്ടില്ല.

യേശുദാസിന്റെ മകൻ എന്നത് സംഗീത ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്...അതൊരു സമ്മർദ്ദമാണോ?

ഒരിക്കലുമല്ല. അതൊരു ബോണസ് ആയിട്ടുമാത്രമേ കരുതിയിട്ടുള്ളൂ. പിന്നെ യേശുദാസിന്റെ മകനായതുകൊണ്ട് എനിക്കാരും പാട്ടൊന്നും തന്നിട്ടില്ല. അങ്ങനെ തരാൻ കഴിയില്ലല്ലോ. നമ്മളുടെ കഴിവിനനുസരിച്ചുള്ളതെല്ലാം തേടിയെത്തും എന്നാണ് ഞാൻ കരുതുന്നത്. നന്നായി സ്ട്രഗിൾ ചെയ്ത് തന്നെയാണ് ഞാൻ ഇതു വരെയെത്തിയത്. എന്റെ കരിയറിലേക്ക് നോക്കുന്ന ഏതൊരാള്‍ക്കും അത് മനസിലാകും.‌‌

വിജയ് യേശുദാസ് കുട്ടിക്കാലത്ത് യേശുദാസിനൊപ്പം

സംഗീത ജീവിതത്തെ കുറിച്ച് എന്താണ് പറയാനുള്ളത്

എനിക്ക് എന്റെ ജീവിതത്തിൽ അമിത പ്രതീക്ഷകളോ പദ്ധതികളോ ഒന്നും തന്നെയില്ല്. ഞാൻ വളരെ കുറച്ച് മാത്രം പ്രാക്ടീസ് ചെയ്യുന്നൊരാളാണ്. പാട്ട് പഠിക്കുന്നുണ്ട്. ഇന്ന സമയത്ത് ഇത്ര മണിക്കൂർ പഠിക്കാം, പ്രാക്ടീസ് ചെയ്യാം അങ്ങനെ സമയത്തെ കീറിമുറിച്ച് ഒന്നും ചെയ്യാറില്ല. ജീവിതത്തിലെ ഓരോ നിമിഷത്തേയും ആസ്വദിച്ച് മുന്നോട്ടു പോകണം എന്ന് ചിന്തിക്കുന്നൊരാളാണ് ഞാൻ. അങ്ങനെ തന്നെയാണ് ജീവിക്കുന്നതും. ഒന്നിനെ കുറിച്ചോര്‍ത്തും തല പുകയ്ക്കാറില്ല. എന്റെ സംഗീത ജീവിതത്തെ കുറിച്ചും ഞാനങ്ങനെ തന്നെ. പക്ഷേ സ്റ്റ്യുഡിയോയ്ക്കുളളിലേക്ക്... ആ സോണിലേക്ക് കടന്നു കഴിയുമ്പോൾ മറ്റൊരു തലത്തിലേക്ക് ഞാനറിയാതെ മാറും. എത്ര മണിക്കൂർ അതിനുള്ളിൽ ചിലവിട്ടാലും ഒരു വിരസതയും തോന്നാറില്ല . ഞാനതിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. സംഗീത ജിവിതത്തെ കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ. പുതുവർഷത്തിലും ഞാൻ എന്റെ കരിയറിൽ ഗോളുകളൊന്നും സെറ്റ് ചെയ്ത് വച്ചിട്ടില്ല.

നല്ല പാട്ടുകൾ തിരഞ്ഞെടുത്തതാണ് വിജയമെന്നു പറഞ്ഞാൽ?

എങ്ങനെയാണ് പാട്ടുകൾ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അടുത്തിടെ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ ഒരു ടാ‌ക്സി ഡ്രൈവറുമായി കുറേ നേരം സംസാരിച്ചിരുന്നു. അദ്ദേഹം എന്നോടു പറയുകയാണ് സർ നല്ല പാട്ട് തിരിഞ്ഞെടുത്തു അത് നന്നായി എന്ന്. ആളുകളുടെ തെറ്റിദ്ധാരണ മാത്രമാണത്. നല്ല പാട്ട് തിരഞ്ഞെടുക്കുക അസാധ്യമാണ്. ഓരോ പാട്ടും ഒരു ഗായകനെ സംബന്ധിച്ച് പുതിയ അനുഭവമാണ്. പാടാൻ വിളിക്കുമ്പോഴും പാടിക്കഴിയുമ്പോഴുമൊന്നും നമുക്ക് വിലയിരുത്താനാകില്ല ഇത് വിജയിക്കുമോ ഇല്ലയോ എന്ന്. പ്രതീക്ഷിക്കാം...അത്രേയുള്ളൂ.

വിജയ് യേശുദാസ്

**യേശുദാസെന്ന വിസ്മയത്തിൽ നിന്ന് പാട്ടിനെ കുറിച്ച് ധൈര്യപൂർവം അഭിപ്രായം ചോദിക്കാൻ കഴിയുന്ന ഏക ഗായകൻ ഒരുപക്ഷേ താങ്കൾ മാത്രമാണ്. എങ്ങനെയായിരുന്നു അപ്പയുടെ പ്രതികരണം?

അപ്പയായാലും അമ്മയായാലും ഒരിക്കലും "ആ നീ തകർത്തു...നന്നായി എന്നൊന്നും ഭയങ്കര ഡ്രമാറ്റിക് ആയി സംസാരിക്കുന്നവരല്ല". ഞാനെങ്ങനെ ഈ പാട്ടുപാടിയെന്നവർ തുറന്നുപറയാറില്ല. നീ നന്നായി ചെയ്തു. പാട്ടിനു വേണ്ടി അത് പഠിക്കാൻ വേണ്ടി കഠിനമായി പ്രവർത്തിക്കണം എന്നാണ് അപ്പ പറയാറ്. അർപ്പണ ബോധത്തോടെ സംഗീതത്തെ കാണണം എന്നു പറയും. അപ്പമാത്രമല്ല, അമ്മയും ചേട്ടനും അനിയനും എല്ലാം അങ്ങനനയാണ് പറയുക. പുതിയ പാട്ടിറങ്ങുമ്പോൾ വിശാലും വിനോദും വിളിക്കും. അവർ അമേരിക്കയിലാണ്. നന്നായി പാടി കേട്ടോ. എൻജോയ് ചെയ്തു. എന്നൊക്കെ പറയും. അത്ര മാത്രം.

യേശുദാസിന്റെ ശബ്ദവുമായി സമാനതകൾ വരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടോ...?

പ്രഭാ യേശുദാസ്, യേശുദാസ്, വിജയ് യേശുദാസ്, വിജയ് യേശുദാസിന്റെ ഭാര്യ ദർശന

തീർച്ചയായും. ശബ്ദത്തിന് കുറച്ചു കൂടി പക്വത വന്നെന്നും അപ്പയുടെ ശബ്ദം പോലെ തോന്നുന്നുവെന്നുമൊക്കെ പലരും പറയാറുണ്ട്. ആ പറച്ചിൽ കുറേ വർഷമായി ഉണ്ട് കേട്ടോ. ഓരോ വര്‍ഷം ചെല്ലുന്തോറം പറയുന്നവരുടെ എണ്ണം കൂടുന്നുവെന്ന് മാത്രം. കാലം ചെല്ലുമ്പോൾ നമ്മളുടെ ശബ്ദത്തിന് മാറ്റം വരുമല്ലോ.

ഒരുപാട് പുതിയ ആളുകൾ സംഗീത മേഖലയിലേക്ക് കടന്നുവരുന്നുണ്ടല്ലോ? വെല്ലുവിളികൾ കൂടുവല്ലേ?

വിജയ് യേശുദാസ് മാരിയെന്ന തമിഴ് ചിത്രത്തിൽ

പുതിയ ശബ്ദവും സംഗീത സംവിധാനത്തിൽ പുതിയ ആളുകളും കടന്നുവരണം. എപ്പോഴും പുതുമയുണ്ടാകുന്നത് നല്ലതല്ലേ. അതൊരു വെല്ലുവിളിയാണെന്ന് പറയാനാകില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ, എനിക്കവനേക്കാളും നന്നായി പാടണം എന്ന് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാൽ നന്നായി പാടുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ ക്വാളിറ്റിയുള്ളവരായാലേ നമ്മൾ പാടുന്നത് ആളുകളിലേക്കെത്തുകയുള്ളൂ. കഴിവുള്ളവരെ തേടി എത്താതിരിക്കുവാൻ അവസരങ്ങൾക്ക് കഴിയില്ല. നമ്മിലേക്കെത്തുന്ന പാട്ടുകളെ ‌ഏറ്റവും മനോഹരമായി പാടിയവസാനിപ്പിക്കുക. മത്സരബുദ്ധി മനസിൽ കയറ്റാതെ കിട്ടുന്ന അവസരങ്ങളെ ഏറ്റവും മനോഹരമായി ഉപയോഗിക്കുക. അത്രേയുള്ളൂ.

രണ്ടു സിനിമകളിൽ അഭിനയിച്ചു. ഇനിയും പ്രതീക്ഷിക്കാമോ? ‌ തീർച്ചയായും. പുതിയൊരു ചിത്രമുണ്ടാകും. അഭിനയം എനിക്കേറെ ഇഷ്ടമാണ്. മാരിയിലെ വില്ലൻ കഥാപാത്രത്തിന് തമിഴ് പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം കിട്ടി. എവിടെയെങ്കിലുമൊക്കെ വച്ച് കാണുമ്പോൾ പാട്ടുപോലെ തന്നെ അവർക്ക് എന്റെ പുതിയ സിനിമയെ കുറിച്ചും ചോദിക്കാനുണ്ടാകും. അതുകൊണ്ടാണ് പുതിയ സിനിമ ചെയ്യുന്നത്.