Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡിട്ടതിനു പിന്നാലെ ഡെസ്പാസീറ്റോ ഹാക്ക് ചെയ്തു

despacito-hacked

യുട്യൂബിൽ 500 കോടി ആളുകൾ കണ്ട ആദ്യ വിഡിയോ എന്ന റെക്കോർഡ് കരസ്ഥമാക്കിയതിനു പിന്നാലെ ഡെസ്പാസീറ്റോ എന്ന സൂപ്പർഹിറ്റ് ഗാനം ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്തത് ആരാണെന്നോ എന്തിനെന്നോ ഉള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യൂട്യൂബിൽനിന്ന് എടുത്തു മാറ്റിയ വിഡിയോയുടെ തംബ്നെയ്‌ലിൽ തോക്കു ചൂണ്ടി നിൽക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. 

2017 ജനുവരി 12–ന് പുറത്തിറങ്ങിയ ഗാനം വിവിധ ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോ എന്ന റെക്കോർഡും നേടിയിരുന്നു. പിന്നാലെയാണ് യുട്യൂബിൽ 500 കോടി ആളുകൾ കണ്ട ആദ്യ വിഡിയോ എന്ന റെക്കോർഡ് ലഭിച്ചത്. ജസ്റ്റിൻ ബീബറുടെ സോറി ഉൾപ്പെടെയുള്ള ഇംഗ്ലിഷ് പാട്ടുകളെ പിന്തള്ളിയാണ് ഈ സ്പാനിഷ് ഗാനം ഈ നേട്ടം സ്വന്തമാക്കിയത്. 

ഡെസ്പാസീറ്റോ എന്ന വാക്കിന്റെ അർഥം പതിയെ എന്നാണ്. എന്നാൽ ഈ പാട്ട് യുട്യൂബിൽ എത്തിയ അന്നുമുതൽ കുതിക്കുകയായിരുന്നു. സ്പാനിഷ് താളത്തിന്റെ മാസ്മരികതയുള്ള ഗാനത്തിന് ജസ്റ്റിൻ ബീബർ തന്റെ വേർഷൻ വരെ പുറത്തിറക്കി. ഈ റീമിക്സും പാട്ടിന്റെ പ്രശസ്തിക്ക് ആക്കം കൂട്ടി. 

ലൂയിസ് ഫോൺസിയും എറികാ എൻഡറും ചേർന്നാണ് പാട്ട് എഴുതിയത്. ലൂയിസ് ഫോൺസിയാണ് പാട്ട് പാടിയത്. ഡാഡി യാങ്കിയാണ് അഭിനയിച്ചത്. നാലു മിനിറ്റ് 42 സെക്കൻഡ് ദൈർഘ്യമുള്ള പാട്ടിന്റെ വിഡിയോ കണ്ട് ആ സ്ഥലങ്ങൾ തേടിയിറങ്ങിയവർ ചേർന്നു തീർത്തത് വേറൊരു ചരിത്രം. പ്യൂർട്ടോറിക്കയാണ് ഈ പാട്ടിന്റെ ജന്മദേശം. സ്ഥലങ്ങൾ കാണാൻ ആളുകള്‍ ഇവിടേക്ക് ഒഴുകിയതോടെ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖല പച്ചപിടിച്ചു. പൊതുകടത്തിൽ മുങ്ങി പാപ്പരായ രാജ്യം അങ്ങനെയാണു കരയ്ക്കു കയറിയത്. ഒരു പാട്ട് ദേശാന്തരങ്ങളും ഭാഷാ, സംസ്കാര ഭേദങ്ങളും മറികടന്ന് ലോകത്തെ ഒന്നിപ്പിക്കുന്നു എന്നതിനൊപ്പം അത് എങ്ങനെ മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും ഡെസ്പാസീറ്റോ കാട്ടിത്തരുന്നു. ഇത്തവണത്തെ ഗ്രാമി അവാർഡുകളിൽ ഒന്നിലധികം നോമിനേഷനുകൾ ലഭിച്ചെങ്കിലും പുരസ്കാരം നേടാൻ ഇൗ പാട്ടിനു സാധിച്ചിരുന്നില്ല.