ബിജിബാൽ... ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ..

പ്രിയപ്പെട്ട ബിജിബാൽ, 

എനിക്കു നിങ്ങളെ പരിചയമില്ല. സിനിമയുമായി ബന്ധപ്പെട്ട മിക്കവരെയും   തേടി ചെന്നു പരിചയപ്പെടാറുണ്ട്.അതിനായി മണിക്കൂറുകൾ കാത്തിരുന്ന ശേഷം നിരാശനായി തിരിച്ചു പോന്നിട്ടുണ്ട്. എന്റെ ആദ്യ അഭിമുഖം കൊടുത്തുവെന്നു സ്നേഹപൂർവ്വം പറഞ്ഞ പലരും പിന്നീടു അത്യാവശ്യ സന്ദർഭങ്ങളിൽ ഉപേക്ഷിച്ചിട്ടുണ്ട്, വളരെ മോശമായി പെരുമാറിയിട്ടുണ്ട്. അതൊന്നും എന്നെ നിരാശപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. രണ്ടു വർഷത്തിനു ശേഷം എന്നെ തിരിച്ചറിഞ്ഞ അമീർ ഖാന്റെ എളിമ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ പലതവണ അടുത്തു വന്നിട്ടുപോലും എനിക്കു താങ്കളെ പരിചയപ്പെടാനായിട്ടില്ല. ചിലപ്പോൾ താങ്കൾ തിരക്കായിരുന്നു, അല്ലെങ്കിൽ ഭേദിച്ചു കടക്കാനാകാത്ത സൗഹൃദ വലയത്തിലായിരുന്നു. പിന്നെ കാണാം എന്ന തോന്നലിൽ  അതു മാറ്റിവയ്ക്കുകയാണു ചെയ്തത്. എന്നാൽ ഇപ്പോൾ താങ്കളെ പരിചയപ്പെടാതിരുന്നതു നന്നായി എന്നെനിക്കു തോന്നുന്നു. കാരണം താങ്കളെ പരിചയപ്പെടുമ്പോൾ തീർച്ചയായും താങ്കളുടെ കുടുംബത്തേയും പരിചയപ്പെടും. അതൊരു സൗഹൃദമായി വളരുകുയം ചെയ്യുമായിരുന്നു. ക്യാമറാമാൻ വേണു താങ്കളെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ അറിയാതെ താങ്കളുമായി അടുപ്പിച്ചിട്ടുണ്ടാകണം. വേണു ഒരിക്കലും ഇല്ലാത്തതു ഒരാളെക്കുറിച്ചും പറയാറില്ല. താങ്കളെ പരിചയപ്പെട്ടിരുന്നുവെങ്കിൽ താങ്കളുടെ ഭാര്യ ശാന്തിയുടെ വേർപാടി എന്നെ ഇതിലും എത്രയോ വലിയ തോതിൽ ഉലച്ചേനെ. 

18 വർഷം മുൻപ്  18 വയസ്സുള്ള ഒരു പെൺകുട്ടി കേരളത്തിലെ ഒരു വലിയ കഥാ മത്സരത്തിൽ  വിജയിക്കുന്നു. അതും ഗൾഫിൽ ജീവിക്കുന്നൊരു കുട്ടി. ഗൾഫിൽ  ജീവിക്കുന്നവർ മലയാളവുമായി വലിയ ബന്ധമില്ലെന്നു കരുതുന്ന കാലമാണത്. ഗൾഫിലെ സ്കൂളുകളിൽ  പഠിക്കുന്ന കുട്ടികൾ  നാട്ടിലെത്തി ഇംഗ്ളീഷ് മാത്രം പറയുന്ന കാലം. അന്ന് ആ കുട്ടിയുടെ കഥ പരിശോധിച്ചു വിധിയെഴുതിയത് എം.ടി.വാസുദേവൻ നായരും, സി.രാധാകൃഷ്ണനും,സക്കറിയയും പ്രഫ.തോമസ് മാത്യവുമാണ്. ഇതിലും വലിയ വിധികർത്താക്കൾ മലയാളത്തിൽ  ഉണ്ടാകാനിടയില്ല. മലയാള  കഥയിലേക്കു പുതിയൊരു പ്രതിഭയെ ഈ ലജന്റുകൾ അവതരിപ്പിക്കുന്ന സന്ദർഭമായിരുന്നു അത്.എഴുത്തു തുടങ്ങുന്ന ഒരു കുട്ടിക്കു ഇതിലും വലിയ ഭാഗ്യമുണ്ടാകാനുണ്ടോ. ആ പെൺകുട്ടിയായിരുന്നു താങ്കളുടെ ഭാര്യയായ ശാന്തി. സഫറുള്ള എന്ന പഴയ പത്രലേഖകൻ എഴുതിയ കുറിപ്പിൽ  പറയുന്നതു ഗൾഫിലെ നൃത്ത വേദികളിലെല്ലാം അന്നു ശാന്തി മോഹൻദാസ് എന്ന കുട്ടി നിറഞ്ഞു നിൽക്കുകയായിരുന്നുവെന്നാണ്. 

പാട്ട്, നൃത്തം, സംഗീതം, എഴുത്ത് അതിനെല്ലാമുപരി മനോഹരമായി പെരുമാറാനുള്ള കഴിവ്. ഒരു മനുഷ്യനിൽനിന്നു ഇതിൽകൂടുതൽ എന്താണു പ്രതീക്ഷിക്കേണ്ടത്. ഇതിൽ ഏതു മേഖലയിൽ വേണമെങ്കിലും ശാന്തിക്കു തെളിഞ്ഞു കത്താമായിരുന്നു. മലയാളത്തിൽ കഥ എഴുതുന്ന സ്ത്രീകൾ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. അതിൽ പലരും പിന്നണി പാടുന്നവരുടെ പിൻബലത്തിൽ നിൽക്കുന്നവർ.  ആ സമയത്താണു എം.ടി.യും സി.രാധാകൃഷ്ണനും സക്കറിയയും തിരഞ്ഞെടുത്തൊരു കുട്ടി എഴുത്തിന്റെ ലോകത്തിൽനിന്നും കുടുംബിനിയുടെ ലോകത്തേക്കു മടങ്ങുന്നത്. താങ്കളുടെ സ്റ്റുഡിയോയുടെ കൂടെ നടത്തിയ നൃത്ത വിദ്യാലയമായിരുന്നു ശാന്തിയുടെ ലോകമെന്നു അവർതന്നെ പറഞ്ഞിട്ടുണ്ട്. ശാന്തി വലിയ ലോകങ്ങൾ തേടിപ്പോയിരുന്നുവെങ്കിൽ മുഴുവൻ സമയവും താങ്കളുടെ കൂടെ ഉണ്ടാകുമായിരുന്നില്ല. ഒരു പക്ഷെ  ഇത്രയും മനോഹരമായി സംഗീതം താങ്കളുടെ മനസ്സിൽ  നിറയ്ക്കാൻ ആ വീടിനു കഴിയുമായിരുന്നില്ല.   മനോഹരമായ കുടുംബംതന്നെയാകണം ബിജി ബാലിന്റെ മനസ്സിലേക്കു അതിലും മനോഹരമായ സംഗീതം നിറച്ചതെന്നു വിശ്വസിക്കാൻ  ഞാനിഷ്ടപ്പെടുന്നു. ശാന്തി താങ്കളുടെ മനസ്സിൽ  നിറച്ച വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും കടലിൽനിന്നു സാന്ദ്രീഭവിച്ച സംഗീതത്തിന്റെ തുള്ളിതന്നെയാകണം മലയാളിയുടെ മനസ്സിലേക്കു പെയ്തിറങ്ങിയത്. 

പ്രിയ ബിജി ബാൽ, 

നല്ല പാട്ടുകൾ തന്നതിനു താങ്കളോടുള്ളതിനു തുല്യമായ കടപ്പാട് എനിക്കിപ്പോൾ ശാന്തിയോടും തോന്നുന്നു. നല്ലൊരു എഴുത്തുകാരിയെ, നല്ലൊരു പാട്ടുകാരിയെ, വേദികൾ നിറയുന്ന നർ‌ത്തകിയെ അങ്ങിനെ പലതും നഷ്ടമായിക്കാണും. ഒരു പക്ഷെ ഇതെല്ലാമായി ശാന്തി തിരിച്ചു വരുമായിരുന്നു. എൺപതാം വയസ്സിൽ മലയാളത്തിലെ ഏറ്റവും വിൽപ്പനയുള്ള പുസ്തമെഴുതിയ സരസ്വതി വാരിയർ നമുക്കു മുന്നിലുണ്ടല്ലോ. സരസ്വതി വാരിയരുടെ ആദ്യ പുസ്തമായിരുന്നു രമണ മഹർഷിയെക്കുറിച്ചുള്ള ആ പുസ്തകം.  ഈശ്വരനു തെറ്റു പറ്റിയോ എന്നു സംശയിക്കാവുന്ന ചില സമയങ്ങളുണ്ട്. ഒരു പരിചയവുമില്ലാത്ത ഒരാളുടെ വേർപാടിന്റ വാർത്ത കേട്ടപ്പോൾ എനിക്കു തോന്നിയതും അതാണ്.  ആ വീട്ടിൽ നിറയുന്ന സ്നേഹം മറക്കാനാകാത്ത ഈണമായി  നിറയട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു.