നായികയുടെ വസ്ത്രത്തിൽ അശ്ലീലതയെന്ന് ആരോപണം; പത്മാവതിലെ പാട്ടിലും മാറ്റം?

പത്മാവതി എന്ന ചിത്രം സെൻസർ ബോർഡുമായി വലിയൊരു യുദ്ധത്തിനു ശേഷം തിയറ്ററുകളിലെത്തുകയാണ്. ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകണമെങ്കിൽ വരുത്തേണ്ട മാറ്റങ്ങളുടെ ഒരു നീണ്ട പട്ടികയാണു ബോർഡ് നൽകിയത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നു മാറ്റുകയും ചെയ്തു. ചില ഗാനരംഗങ്ങൾ എഡിറ്റ് ചെയ്യുകയുമുണ്ടായി എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സെൻസർ ബോർ‍‍ഡിന്റെ നിർദേശാനുസരണമാണിത്. നായികയുടെ വയറ് കാണുന്നുവെന്നതാണ് സെൻസർ ബോർഡ് കാരണമായി പറഞ്ഞതത്രേ. ഈ പാട്ടിന്റെ രണ്ട് വിഡിയോകളാണ് യുട്യൂബിലുള്ളത്. അതിൽ ഔദ്യോഗികമായി പുറത്തിറക്കിയ വിഡിയോയിലാണ് എഡിറ്റിങ് നടത്തിയതെന്നാണ് റിപ്പോർട്ട്. എന്തായാലും രണ്ടു വിഡിയോകളും വൈറലാണ്. 

നായിക ദീപിക പദുക്കോണിന്റെ അതിമനോഹരമായ നൃത്തമാണു 'ഘൂമര്' എന്ന പാട്ടിലുള്ളത്. മുത്തും പവിഴങ്ങളും ചെറുചില്ലുകളും ചേർത്ത് അലങ്കരിച്ച ഒരു ചുവപ്പൻ ലെഹംഗയാണ് താരം അണിഞ്ഞാണ് നൃത്തമാടിയത്. ഈ വേഷം നായികയുടെ ഉദരഭാഗം അമിതമായി പുറത്തു കാണിക്കുന്നുവെന്നാണ് സെൻസർ ബോർ‍ഡ് കണ്ടെത്തിയത്. ഈ ഷോട്ടുകൾ നീക്കം ചെയ്യണം എന്നു പറഞ്ഞെങ്കിലും നൃത്തത്തെ അത് വികൃതമാക്കുമെന്നതിനാൽ വിദഗ്ധമായി ഈ രംഗം എഡിറ്റ് ചെയ്യുകയായിരുന്നു. കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണ് പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയത്. സെൻസർ ബോർഡിനു മുൻപിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ സംവിധായകൻ സഞ്ജയ് ലീല ബൻസാലി സ്ഥലത്തില്ലായിരുന്നു. അതുകൊണ്ട് നിർമാതാക്കളോടാണ് സെന്‍സർ ബോർ‍‍ഡ് എക്സാമിനിങ് കമ്മിറ്റി തീരുമാനം അറിയിച്ചത്. റാണിയായി വേഷമിടുന്ന ദീപിക പദുക്കോൺ തോഴിമാരോടൊപ്പം ന‍ൃത്തം ചെയ്യുന്നതും നായകൻ രൺബീർ കപൂറിനോടുള്ള അവരുെട പ്രണയത്തിന്റെ മനോഹാരിതയും തീക്ഷ്ണതയുമുള്ള ഗാനമാണ് ഘൂമര്. 

രാജസ്ഥാൻ കോട്ടകൾ പറഞ്ഞ കഥകളിലെ കഥാപാത്രമാണ് അസാമാന്യ ഭംഗിയും കഴിവുമുളള പത്മാവതി എന്ന രജപുത്ര രാജകുമാരി. ചിത്രത്തിന് ആദ്യമേ തന്നെ വലിയ പ്രതിഷേധമാണു നേരിടേണ്ടി വന്നതെങ്കിലും ട്രെയിലറും പാട്ടും പുറത്തെത്തിയതോടെ അത് രൂക്ഷമാകുകയായിരുന്നു. ചിറ്റോറിലെ രാജകുമാരിയായിരുന്ന പത്മാവതി ആരുടെ മുൻപിലും നൃത്തം ചെയ്തിട്ടില്ല എന്നാണ് ചരിത്രത്തിലുള്ളതെന്നാണ് വിമർശകരുടെയും സെൻസർ ബോർഡിന്റെയും വാദം. കോട്ട ആക്രമിച്ചെത്തിയ അലാവുദ്ദീൻ ഖിൽജിയിൽ നിന്ന് രക്ഷ തേടി അവർ സതി അനുഷ്ഠിച്ചുവെന്നാണ് വിശ്വാസം. എന്നാൽ റാണിയും ഖിൽജിയും തമ്മിലുളള പ്രണയമാണ് ചിത്രത്തിലുള്ളതെന്നാണ് രജപുത്ര വംശത്തിലെ പിൻമുറക്കാരുടെയും ആദ്യം മുതൽക്കേ ചിത്രത്തിനുനേരേ കൊലവിളി ഉയർത്തുന്ന കർണിസേന ഉൾപ്പെടെയുള്ള സംഘടനകളുടെയും ആരോപണം. സഞ്ജയ് ലീല ബൻസാലി ഈ ആരോപണം തള്ളിക്കളഞ്ഞെങ്കിലും ഫലമുണ്ടായില്ല.