ഏ ആർ റഹ്മാൻ മലയാളത്തിലെത്തുന്നു

ഏറെക്കാലമായി മലയാളത്തിലെ സംഗീത പ്രേമികൾ ചോദിക്കുന്ന ചോദ്യമാണ്. എന്നാണ് ഏ ആർ റഹ്മാൻ മലയാളത്തിലെത്തുക എന്ന്. മാജിക് സംഗീതമെന്ന് കാലം വിലയിരുത്തിയ പോലുള്ള പാട്ടുകൾ മലയാളത്തിനായി എന്നാണ് തീർക്കുക. എന്ന്. അതിന് ഉത്തരമായിരിക്കുന്നു. മൊസാർട്ട് ഓഫ് മദ്രാസ് മലയാളത്തിലേക്കു മടങ്ങിവരുന്നു. റഹ്മാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായിൽ ഒരു സംഗീത പരിപാടിക്കെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരുപത്തിയ‍ഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു മലയാളം ചിത്രത്തിന് ഈണമിടുന്നത്. മോഹൻലാലും മധുബാലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സംഗീത് ശിവൻ ചിത്രം, യോദ്ധയാണ് ഏ ആർ സംഗീതം നൽകിയ ഏക മലയാളം ചിത്രം. രണ്ടാമൂഴം എന്ന ചിത്രത്തിനാണ് റഹ്മാൻ സംഗീതം നൽകുക എന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു വ്യക്തതയുമില്ല. റഹ്മാനും ചിത്രം ഏതെന്നു പറഞ്ഞിട്ടില്ല. മലയാളത്തിൽ എത്തും എന്നത് ഉറപ്പിക്കാം. മാജിക് സംഗീതം മാതൃഭാഷയിലെ ഗാനങ്ങളിലൂടെ നമുക്ക് ആസ്വദിക്കാം. 

ഇന്ത്യയിൽ ജനപ്രിയ വിപ്ലവത്തിനു തുടക്കം കുറിച്ച റോജയിലൂടെയായിരുന്നു റഹ്മാൻ ചലച്ചിത്ര രംഗത്തേക്കെത്തിയതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ അതിനു മുൻ‌പേ യോദ്ധയ്ക്കാണ് അദ്ദേഹം സംഗീതം നൽകിയത്. അതിനു ശേഷം തെന്നിന്ത്യയിൽ നിന്ന് ഓസ്കർ വരെ ആ സംഗീത യാത്ര വളർന്നു. ഇതിനിടയിൽ ഒരിക്കൽ പോലും മലയാളത്തിൽ റഹ്മാൻ ഗാനങ്ങൾ വന്നില്ല. റഹ്മാന്റെ പിതാവായ ആർ കെ ശേഖർ മലയാളത്തിലായിരുന്നു സജീവമായിരുന്നത്. പന്ത്രണ്ടോളം പ്രമുഖ സംഗീതജ്ഞരുടെ അസിസ്റ്റന്റ് ആയി അദ്ദേഹം പ്രവർത്തിച്ചിരുന്നു. പഴശ്ശിരാജ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു ആദ്യമായി സംഗീത സംവിധായകനായതും. ചോറ്റാനിക്കര അമ്മ എന്ന മലയാള ചിത്രമായിരുന്നു അദ്ദേഹം ഈണമിട്ട അവസാന ചിത്രവും. കീബോർഡിസ്റ്റ് ആയി റഹ്മാൻ ചലച്ചിത്ര സംഗീതത്തെ അറിഞ്ഞു തുടങ്ങുന്നതും മലയാളത്തിൽ കൂടിയായിരുന്നു. പല അഭിമുഖങ്ങളിൽ അദ്ദേഹം സഹോദരിയും സംഗീത സംവിധായികയുമായ റെയ്ഹാനയും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്.