ഈ ഗ്രാമി എനിക്കുള്ളതല്ല: പുരസ്കാരം രണ്ടായി ഒടിച്ച് അഡെൽ

രണ്ടു കൂട്ടുകാർ തമ്മിൽ മത്സരിക്കുകയാണ്. ഫലം വന്നപ്പോൾ ഒരാള്‍ ജയിച്ചു. അയാൾക്കാണെങ്കിൽ വലിയ സങ്കടമായി. താൻ ചെയ്തതിനേക്കാൾ നല്ലതായിരുന്നു തന്റെ ചങ്ങാതിയുടേതെന്ന തോന്നൽ കണ്ണിൽ നനവു പടർത്തി. പിന്നെ തന്റെ സമ്മാനം രണ്ടായി ഒടിച്ച് മറ്റേയാൾക്കു നൽകി സന്തോഷിച്ചു. കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഇങ്ങനെ എന്തെല്ലാം ചെയ്തിരിക്കുന്നു. പക്ഷേ ഇവിടെയൊരാൾ ഇങ്ങനെ ചെയ്തത് സംഗീതത്തിന്റെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമി വേദിയിൽ വച്ചായിരുന്നു. ആറു ഗ്രാമി പുരസ്കാരങ്ങൾ നേടി ഗ്രാമി 2017ന്റെ രാജ്ഞിയായ അഡീൽ ആയിരുന്നു ഇങ്ങനെ ചെയ്തത്. കൂട്ടുകാരി ബിയോണ്‍സേയും. 

അഡീലിന്റെ 25 ഉം ബിയോൺസെയുടെ ലെമൊണേഡും ഉൾപ്പെട്ടതായിരുന്നു മികച്ച ആൽബത്തിനുള്ള ഗ്രാമിയ്ക്കു മത്സരിച്ചത്. വിജയം അഡീലിനൊപ്പം നിന്നു. പുരസ്കാരമേറ്റുവാങ്ങുമ്പോൾ അഡീൽ കരഞ്ഞുപോയി. ബിയോണ്‍സെയാണ് അതിന് അര്‍ഹതയുള്ളയാൾ എന്നു പറഞ്ഞു ഗ്രാമി പുരസ്കാരം രണ്ടായി ഒടിച്ചു. ബിയോൺസെയുമായി പുരസ്കാരം പങ്കിടുന്നു എന്ന അർഥത്തിൽ.

കൈ നിറയെ ഗ്രാമിയുമായാണ് അഡെൽ ഗ്രാമി വേദിയെ അവിസ്മരണീയമാക്കിയത്. ചെന്നെത്തുന്ന ഓരോ വേദിയേയും പാട്ടിലൂടെ മാത്രമല്ല, പ്രകടനത്തിലൂടെയും വർത്തമാനത്തിലൂടെയും നിലപാടുകളിലൂടെയും അവർ സമ്പന്നമാക്കിയിട്ടുണ്ട്. ആറു ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കി ലോക സംഗീതത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും അതിനു മാറ്റമില്ല. ഈ ഗ്രാമി ബാക്കിയാക്കിയ മനോഹരമായ കാഴ്ചകളിലൊന്നും ഇതുതന്നെ.