ആപ്പിൾ മ്യൂസിക് തരംഗമാകുന്നു

പുറത്തിറക്കി ഒരു മാസത്തിനുള്ളിൽ ആപ്പിൾ മ്യൂസികിൽ ചേർന്നത് 11 മില്യൺ (ഒരു കോടി പത്തു ലക്ഷം) സംഗീത പ്രേമികളെന്ന് ആപ്പിൾ‌ മ്യൂസിക് വക്താവ്. ഇതിൽ 20 ലക്ഷത്തോളം ആൾക്കാർ പ്രതിമാസം 15 അമേരിക്കൻ ഡോളറോളം വരിസംഖ്യയായി അടക്കേണ്ട ലൂക്രേറ്റിവ് ഫാമിലി പ്ലാൻ എന്ന പദ്ധതിയിൽ അംഗങ്ങളാണെന്നും വക്താവ് പറയുന്നു.ആറു പേർക്കു വരെ ഈ പദ്ധതിയിലൂടെ പാട്ടുകൾ കേൾക്കുവാനാകും.

ജൂൺ 30-നാണ് ആപ്പിൾ മ്യൂസിക് ആപ്പിൾ കമ്പനി പുറത്തിറക്കിയത്. വ്യക്തിഗത വരിക്കാരാകുന്നവർക്കു വെറും ഒമ്പതു ഡോളർ നിരക്കിൽ‌ 30മില്യൺ പാട്ടുകൾ ആപ്പിൾ മ്യൂസിക്കിലൂടെ ആസ്വദിക്കുവാനാകും. ഇതിനു പുറമെ ലൈവ് റേഡിയോ സ്റ്റേഷൻ, ഹ്യുമൻ ക്യുറേഷൻ പ്ലാൻ എന്നിവയും ഇതിലൂടെ ലഭ്യമാകും. മൂന്നു മാസം സൗജന്യസേവനം നൽകുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

മ്യൂസിക് ഡൗൺലോഡ് ആണ് ഐട്യൂൺസിന്റെ പ്രധാന വരുമാന സ്രോതസ്. ആപ്പിളിന്റെ സംഗീതത്തിൽ നിന്നുള്ള വരുമാനത്തിൽ മൂന്നിൽ രണ്ടും ഇതിൽ നിന്നാണ് വരുന്നത്. ആപ്പിൾ കമ്പനിയുടെ പ്രധാന വരുമാനം ഇപ്പോഴും ഇവയുടെ ഐഫോൺ അടക്കമുള്ള ഹാൻഡ്സെറ്റുകളുടെ വിൽപനയാണ്. ആപ്പ്സുകളുടെ വിൽപനയിലൂടെയും കമ്പനിക്കു വരുമാനമുണ്ടെങ്കിലും മറ്റു വരുമാനത്തിനു മുൻപിൽ ഇവ ചെറിയ ഒരു ശതമാനം മാത്രമാണ്. ഇത്രമാത്രം സൗകര്യങ്ങളുണ്ടെങ്കിലും സംഗീതം ആസ്വദിക്കുന്നതിനു പണം ചിലവാക്കുവാൻ ആൾക്കാർക്കു മടിയില്ലെന്നു ആപ്പിൾ മ്യൂസിക്കിനു ലഭിച്ച മികച്ച പ്രതികരണം വെളിപ്പെടുത്തുന്നു.