വിറ്റ്നി ഹൂസ്റ്റന്റെ വഴിയേ മകളും...

വിറ്റ്നി ഹൂസ്റ്റനും ബോബി ക്രിസ്‌റ്റീനയും

ലൊസാഞ്ചൽസ് ∙ അമ്മയെ ആരാധിച്ച, അമ്മയെപ്പോലെ മരിക്കാൻ കൊതിച്ച മകളുടെ വിചിത്രമോഹം സഫലമായി; വിഷാദരാഗം മൂളി ബോബി ക്രിസ്‌റ്റീനയും ജീവിതത്തോടു യാത്ര പറഞ്ഞു. പാതിയിൽ പാടിനിർത്തി, 22–ാം വയസ്സിൽ ബോബി മരണത്തിലലിഞ്ഞപ്പോൾ മൂകമാകുന്നത് സംഗീതലോകം.

ആറുമാസം മുൻപു കുളിമുറിയിലെ നിറഞ്ഞ ബാത്ത്‌ടബ്ബിൽ അബോധാവസ്ഥയിൽ മുഖം പൂഴ്ത്തിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ യുവഗായിക തുടർന്നു കോമയിലേക്കു വഴുതിവീണിരുന്നു. ജോർജിയയിലെ പീച്ച്ട്രീ ക്രിസ്റ്റ്യൻ ഹോസ്പൈസിൽ ഞായറാഴ്ചയായിരുന്നു മരണം. ജീവിതത്തിലേക്കു തിരികെവരില്ലെന്ന് ഉറപ്പായപ്പോഴാണു മരുന്നുകൾ നിർത്തി ബോബിയെ മരിക്കാനനുവദിച്ചത്. ബോബിയുടെ മുഖത്തുൾപ്പെടെ മുറിവുകൾ കണ്ടെത്തിയിരുന്നതിനാൽ ആത്മഹത്യയല്ല, കൊലപാതകമാകാനാണു സാധ്യതയെന്ന അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നാണു സൂചനകൾ.

ജനുവരി 31നു രാവിലെ ജോർജിയയിലെ വീട്ടിൽ അബോധാവസ്‌ഥയിൽ ബാത്ത്‌ടബ്ബിൽ കിടന്ന ബോബിയെ പങ്കാളി നിക്ക് ഗോർഡൻ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോബിയുടെ മരണവാർത്തയറിഞ്ഞു ഗോർഡനിപ്പോൾ ആത്മഹത്യാപ്രവണതകൾ കാണിക്കുന്നുണ്ടെന്നാണു വാർത്തകൾ.

ബോബി ക്രിസ്റ്റീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും കോമയിലായിരുന്നപ്പോൾ ബാങ്ക് അക്കൗണ്ടിൽനിന്നു പണം കവർന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ഗായികയുടെ ഉറ്റബന്ധുക്കൾ നഷ്ടപരിഹാരക്കേസ് കൊടുത്തിട്ടുണ്ട്. മൂന്നുവർഷം മുൻപു ഗ്രാമി അവാർഡ് നിശയുടെ തലേന്നാണ് അമിതമായി ലഹരിമരുന്നു കഴിച്ചശേഷം വിറ്റ്‌നി ഹൂസ്റ്റൺ ബെവർലി ഹിൽസിലെ ഹോട്ടൽമുറിയിലെ ബാത്ത്ടബ്ബിൽ അറിയാതെ മരണത്തിലേക്കു മുങ്ങിത്താണത്. 48 വയസ്സായിരുന്നു അന്നു വിറ്റ്നിക്ക്. അമിതലഹരിക്കൊപ്പം ഹൃദ്രോഗവും മരണത്തിന്റെ ജോലി എളുപ്പമാക്കി.

അമ്മയുടെയും ഗായകനായ അച്‌ഛൻ ബോബി ബ്രൗണിന്റെയും ലഹരിക്കൊടുങ്കാറ്റു നിറഞ്ഞ ദാമ്പത്യജീവിതത്തിനും വേർപിരിയലിനും സാക്ഷിയായ കുഞ്ഞുബോബിയും ലഹരി ദുശ്ശീലങ്ങളിലേക്കാണു പിച്ചവച്ചത്. വിറ്റ്നി ഹൂസ്റ്റന്റെ വൻ സമ്പത്തിന്റെ ഏക അവകാശികൂടിയായിരുന്നു ബോബി. ഏകദേശം രണ്ടുകോടി ഡോളറിന്റെ സ്വത്താണ് ഇനി അനാഥമാകുന്നത്.