വയലിൻ മീട്ടി ഗ്രാമിയിലേക്ക്

പോപ്പ് താരം ബ്രയൻ ആഡംസിന്റെ 2001 ലെ ഇന്ത്യൻ പര്യടനത്തിനിടെ ആഡംസിനെ ഞെട്ടിച്ചൊരു പ്രകടനമുണ്ടായിരുന്നു, തൃശ്ശൂരുകാരൻ മനോജ് ജോർജിന്റെ. ബാംഗ്ലൂരിലെ ആഡംസ് ഷോ തുടങ്ങുന്നതിന് മുമ്പ് അക്ഷരാർഥത്തിൽ മനോജ് ജോർജും രഘു ദീക്ഷിതും കൂടി വേദിയെ ഇളക്കിമറിക്കുകയായിരുന്നു.

സംഗീത പ്രേമികളുടെ മനസിലേയ്ക്കുകൂടിയാണ് അന്നത്തെ പ്രകടനം മനോജിനെ കൊണ്ടെത്തിച്ചത്. ജപ്പാനിലെ സംഗീതോപകരണ നിർമ്മാതാക്കളായ റോളന്റ് കോർപ്പറേഷന്റെ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യക്കാരനും മനോജ് ജോർജാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 57-ാമത് ഗ്രാമി പുരസ്‌കാരത്തിലും മനോജ് കേരളത്തിന്റെ അഭിമാനമായി കാരണം, ഗ്രാമി പുരസ്‌കാരത്തിൽ ന്യൂഏജ് ആൽബം വിഭാഗത്തിൽ ഗ്രാമി പുരസ്‌കാരം ലഭിച്ച വിങ്‌സ് ഓഫ് സംസാരയിലെ രണ്ട് ഗാനങ്ങളുടെ കോറൽ അറേഞ്ച്‌മെന്റ് ചെയ്തത് മനോജായിരുന്നു.

ജാസും, മെലഡിയും പോപ്പുമെല്ലാം അനായാസം വിരിയുന്ന മനോജിന്റെ സംഗീതത്തിൽ നിരവധി മലയാളം കന്നട ചിത്രങ്ങളുടെ സംഗീതം പിറന്നിട്ടുണ്ട്. 2001 ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിലുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഖരാക്ഷരങ്ങൾ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, വാധ്യാർ എന്ന ജയസൂര്യ ചിത്രത്തിന്റെ സംഗീതവും ചെയ്തത് മനോജ് ജോർജായിരുന്നു. ഫോർ സ്ട്രിങ്സ് എന്ന മ്യൂസിക് ബാൻഡുമായി ബാംഗ്ലൂരിലാണ് മനോജ് ജോർജുള്ളത്. ഗ്രാമി സംഗീത പുരസ്കാരം നേടിയ ആദ്യ മലയാളി കൂടിയാണ് മനോജ് ജോർജ്.