ദേവിക ദീപക് ദേവ് ഗായികയാവുന്നു

മമ്മൂട്ടിയും സംവിധായകൻ സിദ്ധിഖും ഒരുമിച്ച സൂപ്പർഹിറ്റ് ചിത്രം ക്രോണിക്ക് ബാച്ചിലറിലൂടെ സംഗീതസംവിധാന രംഗത്ത്് അരങ്ങേറ്റം കുറിച്ചയാളാണ് ദീപക് ദേവ്. പന്ത്രണ്ട് വർഷത്തിന് ശേഷം ചരിത്രം ആവർത്തിക്കുകയാണ് ഇത്തവണ മമ്മൂട്ടി സിദ്ധിഖ് കൂട്ടുകെട്ടിൽ പിറക്കുന്ന ഭാസ്കർ ദ റാസ്കൽ എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത് ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവാണ്. ആദ്യമായി പിന്നണി പാടാനെത്തുന്ന പതിനൊന്നുകാരിയായ ദേവിക അച്ഛന്റെ സംഗീതത്തിന് കീഴിൽ ശ്വേത മോഹന്റെ കൂടെ ഐ ലവ് യു മമ്മി എന്ന ഗാനമാണ് ആലപിക്കുക. സിദ്ധിഖാണ് തന്റെ മകളെക്കൊണ്ട് പാടിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് എന്നാണ് ദീപക് ദേവ് പറഞ്ഞിരിക്കുന്നത്. കൂടാതെ ശ്വേത മോഹൻ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ദേവികയ്ക്ക് ആശംസകളും നേർന്നിട്ടുണ്ട്.

അച്ഛൻ മകൻ ബന്ധത്തിന്റെ കഥ പറയുന്ന ഒരു ഫാമിലി എന്റർടെയിനറാണ് ഭാസ്കർ ദ റാസ്കൽ. സമ്പന്ന കുടുംബത്തിൽ പിറന്നെങ്കിലും അച്ഛന്റെ കട ബാധ്യതയിൽ എല്ലാം നഷ്ടപ്പെട്ട് പത്താം ക്ലാസിൽ പഠനം നിർത്തി പിന്നീട് ജീവിതം സ്വയം പടുത്തുയർത്തുകയായിരുന്ന ഭാസ്കറിന്റേയും അച്ഛന്റേയും ജീവിതത്തിലേയ്ക്ക് നയൻതാരയുടെ കഥാപാത്രമായ ഹിമ കടന്നുവരുന്നതോടെയാണ് കഥ വികസിക്കുന്നത്.

സിദ്ധിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, സാജു നവോദയ, മാസ്റ്റർ സനൂപ്, ദേവി അജിത്ത്, ബേബി അനിഘ തുടങ്ങിയവരും അഭിനയിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.