തിരഞ്ഞെടുപ്പ് പാരഡി ഗാനത്തിന് നജീബും കരീമും സൂപ്പർ ഹിറ്റ്

കരിമും മകൾ നസീബയും നജീബിനൊപ്പം വണ്ണപ്പുറത്തെ സ്റ്റു‍ഡിയോയിൽ

തിരഞ്ഞെടുപ്പ് കാലമായാൽ സ്ഥാനാർഥികളെക്കാൾ തിരക്കിലാവും നജീബും കരീമും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹിറ്റ് ഗാനങ്ങളുടെ പാരഡി തയാറാക്കുന്ന തിരക്ക്. പാർട്ടി ഭേദമന്യേ പാരഡി ഗാനങ്ങൾക്കായി നജീബിന്റെ വണ്ണപ്പുറത്തെ ഫോണോ സ്റ്റുഡിയോ തേടി ദൂരെ സ്ഥലങ്ങളിൽനിന്നുപോലും പാർട്ടി പ്രവർത്തകർ എത്തുന്നുണ്ട്. നജീബിന്റെ സുഹൃത്ത് കരീമാണ് പാരഡി ഗാനങ്ങൾ എഴുതുന്നത്. പഴയകാല ഹിറ്റ് ഗാനങ്ങൾ മുതൽ ന്യൂ ജനറേഷൻ പാട്ടുകൾ വരെ വോട്ടർമാരുടെ മനസ്സിളക്കാൻ ഇവിടെ പാരഡിയായി പുനർജനിക്കുന്നു. മാപ്പിളപ്പാട്ടുകളുടെ ഈണത്തിലുള്ള പാരഡി ഗാനങ്ങളും പ്രചാരണം കൊഴുപ്പിക്കാനുണ്ട്. എന്ന് നിന്റെ മൊയ്തീൻ, പ്രേമം, ഒരു വടക്കൻ സെൽഫി തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് തമിഴ് ഗാനങ്ങളുമെല്ലാം പാരഡി രൂപത്തിൽ ഇത്തവണ പ്രചാരണത്തിനെത്തും.

ചുവരെഴുത്തുകൾക്കും ഫ്‌ളക്‌സ് ബോർഡുകൾക്കും പുറമെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം കൂട്ടുന്നതു പാരഡി ഗാനങ്ങൾ തന്നെ. പ്രാദേശിക വിഷയങ്ങൾക്കൊപ്പം അഴിമതി, വിലക്കയറ്റം തുടങ്ങി ഒട്ടുമിക്ക സമകാലിക വിഷയങ്ങളും പാരഡിക്കു വിഷയമാകുന്നുണ്ട്. ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഭരണപക്ഷം പാരഡി പാട്ടുകൾ ഇറക്കുമ്പോൾ, ഭരണത്തിലെ കോട്ടങ്ങൾ തുറന്നുകാട്ടിയാണ് പ്രതിപക്ഷം പാരഡി പാട്ടുകൾ ഇറക്കുന്നത്. സ്ഥാനാർഥിയുടെ പേര്, ചിഹ്നം, വാർഡ് എന്നിവ കിട്ടിയാൽ പിന്നെ പാരഡി റെഡി. സ്ഥാനാർഥിയുടെ വാർഡിലെ വിഷയങ്ങളും വരികളിൽ ഉൾപ്പെടുത്താറുണ്ട്. അതേസമയം ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും വരികളിൽ ഉൾപ്പെടുത്താറില്ലെന്നു നജീബ് പറയുന്നു.

കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുമുള്ള പാർട്ടി പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പാരഡി ഗാനങ്ങൾക്കായി സമീപിക്കുന്നത് വണ്ണപ്പുറം വേലിക്കകത്ത് വി.ഐ. നജീബിന്റെ ‘ഫോണോ മൾട്ടിമീഡിയ സ്‌റ്റുഡിയോ’യെയാണ്. 15 വർഷത്തോളമായി രാഷ്‌ട്രീയ പാർട്ടികൾക്കായി പാരഡി പാട്ടുകൾ തയാറാക്കി റിക്കോർഡ് ചെയ്‌തു കൊടുക്കുന്ന ഇവിടെ തിരഞ്ഞെടുപ്പടുത്താൽ രാഷ്‌ട്രീയക്കാരെക്കൊണ്ടു നിറയും. ഒരു പാരഡി പാട്ട് എഴുതി റിക്കോർഡ് ചെയ്‌തു കൊടുക്കുന്നത് 2500 രൂപയ്‌ക്കാണ്. ഇനി ഒരു മണിക്കൂർ നീളുന്ന അനൗൺസ്‌മെന്റ് വേണമെങ്കിൽ 2000 രൂപ വേറെ നൽകണം.

പാരഡി ഗാനങ്ങൾ ആവശ്യമുള്ള ദൂരെ സ്‌ഥലങ്ങളിൽനിന്നുള്ള പാർട്ടി പ്രവർത്തകർ ഇ–മെയിൽ വഴി സ്‌ഥാനാർഥിയുടെ പേരും ചിഹ്‌നവും വിഷയവും ഇവിടേക്ക് അയയ്ക്കുകയാണു ചെയ്യാറുള്ളത്. 24 മണിക്കൂറിനുള്ളിൽ പാട്ടു തയാറാക്കി ഇ മെയിലിലൂടെ സ്‌റ്റുഡിയോയിൽനിന്നു തിരികെ അയച്ചുകൊടുക്കും. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന പാരഡി ഗാനങ്ങളും ഇത്തവണ മൂന്നാർ മേഖലയിൽ നിന്നുള്ള ആവശ്യമനുസരിച്ചു തയാറാക്കി നൽകിയിട്ടുണ്ട്. നജീബും പാരഡി ഗാനങ്ങൾ എഴുതാറുണ്ട്. പാരഡി ഗാനങ്ങൾക്കു പുറമെ സ്വന്തമായി ഈണം നൽകിയും പാട്ടുകൾ തയാറാക്കുന്ന കരീം സിനിമയ്ക്കു വേണ്ടിയും പാട്ടുകൾ എഴുതിയിട്ടുണ്ട്. ഇത്തവണ കരീമിന്റെ മകളും വിദ്യാർഥിനിയുമായ നസീബയും ഗാനമാലപിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.