നീർജ ഭാനോട്ട്; ഐതിഹാസിക ചെറുത്തുനിൽപ്പിന്റെ സ്ത്രീപക്ഷം

ഭീകരവാദികൾ തട്ടിയെടുത്ത വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായി അവസാന ശ്വാസം വരെ ശ്രമിച്ച് ഒടുവിൽ ഭീകരരുടെ വെടിയേറ്റ് വീണ നീർജ ഭാനോട്ടെന്ന ഇരുപത്തിമൂന്നുകാരിയുടെ കഥ പറഞ്ഞ 'നീർജ' എന്ന ബോളിവുഡ് ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇന്ത്യൻ വനിതകളുടെ ധീരതയുടെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ ഈ പെൺകുട്ടിയുടെ ജീവിതത്തെ തൻ‌മയത്തത്തോടെ അഭ്രപാളികളിലെത്തിച്ചത് സംവിധായകൻ രാം മാധവ്നാനിയാണ്; നീർജയുടെ വേഷം ഗംഭീരമായി പകർന്നാടിയത് സോനം കപൂറും. കറുത്തിരുണ്ട വലിയ കണ്ണുകളും കഴുത്തറ്റം നീണ്ട ഇടതൂർന്ന മുടിയുമായി പുഞ്ചിരിച്ചു നിൽക്കുന്ന നീർജയുടെ കഥയ്ക്ക് ഇരുപത്തിയൊമ്പത് വർഷത്തെ പഴക്കമുണ്ട്. എന്നിട്ടും നീർജയുടെ കഥ ജനമനസുകളിൽ കാലാതിവർത്തിയായി നിലകൊള്ളുന്നത് അവളുടെ പ്രവർത്തിയുടെ മഹത്വം ഒന്നുകൊണ്ടു മാത്രമാണ്.

വിമാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിട്ടും തന്റെ ഉത്തരവാദിത്തത്തിൽനിന്നും ഒളിച്ചോടാതിരാക്കാൻ നീർജ കാണിച്ച ധീരതയ്ക്ക് എത്രകണ്ട് ആദരം കൊടുത്താലും അത് അധികമാകില്ല. എത്രമാത്രം ഭീകരമായ അവസ്ഥയിലൂടെയാണ് നീർജ ഭാനോട്ട് കടന്നുപോയതെന്നതിനെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട് നമ്മള്‍. നീർജയോടുള്ള ഇഷ്ടത്തിന്റെ പകിട്ടേറ്റി ഇപ്പോഴിതാ സംഭവത്തേക്കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തൽ കൂടി. ഭീകരവാദികൾ തട്ടിയെടുത്ത പാൻ എഎം ഫ്ലൈറ്റ് 73ലെ യാത്രക്കാരനായിരുന്ന പ്രശസ്ത ഗുജറാത്തി ഗായകൻ‌ നയൻ പഞ്ചോളിയാണ് ഓർമയിലിന്നും തിളങ്ങിനിൽക്കുന്ന ഒളിമങ്ങാതെ ആ ദൃശ്യങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. നീർജ ഭാനോട്ടിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ നേരിട്ട് കണ്ടതിന്റെ ഓർമകള്‍ ഹ്യൂമൻസ് ഓഫ് ആംദവാദ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്.

പഞ്ചോളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽനിന്ന്:

ഇന്നും ആ ഓർമകൾ എന്നെ വേട്ടയാടുന്നുണ്ട്. അന്നെനിക്ക് 21 വയസേ പ്രായമുണ്ടായിരുന്നുള്ളൂ. അവസാന നിമിഷമാണ് പാൻ എഎം ഫ്ലൈറ്റ് 73ല്‍ ടിക്കറ്റ് ഉറപ്പായത്. യുഎസിൽ ഒരു സംഗീത പരിപാടി അവതരിപ്പിക്കുവാൻ പോകുകയായിരുന്നു ഞങ്ങൾ. മുംബൈയിൽ നിന്ന് കറാച്ചി, ഫ്രാങ്ക്ഫര്‍ട്ട് വഴി ന്യൂയോർക്കിലേക്കായിരുന്നു യാത്ര. 4.30ന് വിമാനം കറാച്ചിയിലെത്തി. അവിടേക്കുള്ള യാത്രക്കാരെ ഇറക്കിയശേഷം ശുചീകരണ തൊഴിലാളികൾ വിമാനം വൃത്തിയാക്കുന്നന്നതിനിടെയാണ് ബിസിനസ് ക്ലാസിനടുത്തുള്ള ഫുഡ് കാബിൻ വഴി നാല് ആയുധധാരികളെത്തുന്നത്. ഒരാൾ കൈയിൽ തോക്കേന്തിയിരുന്നു. മറ്റുള്ളവരുടെ ദേഹം നിറയെ ഗ്രനേഡുകളുൾപ്പെടെയുള്ള ആയുധങ്ങളായിരുന്നു. രണ്ടു പേർ മുൻ വശത്തും മറ്റുള്ളവർ പിന്നിലുമായി നിലയുറപ്പിച്ചു. വിമാനം സൈപ്രസിലേക്ക് പറത്താനായിരുന്നു അവരുടെ പദ്ധതി. അതിനിടെ നീർജ കോക്പിറ്റിലുള്ള സീനിയർ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഭീകരവാദികൾ വിമാനം അവർക്കിഷ്ടമുള്ളിടത്തേക്ക് പറത്താൻ ആവശ്യപ്പെടാമെന്നതിനാൽ അവർ വിമാനത്തിൽനിന്ന് പുറത്തുകടന്നു. നീർജയൊഴികെയുള്ള എയർഹോസ്റ്റസുമാരെയെല്ലാം അവർ ബന്ധികളാക്കിയിരുന്നു.

എയർലൈൻ അധികൃതരും ഞങ്ങളുമായുള്ള ആശയവിനിമയം നടത്തുന്നതിനാണ് നീർജയെ ബന്ദിയാക്കാതിരുന്നത്. വൈകുന്നേരമായപ്പോഴേക്കും ഓരോരുത്തരെയായി വാഷ്റൂമില്‍ പോകാൻ അനുവദിച്ചു. ഏകദേശം പതിനേഴ് മണിക്കൂർ പിന്നിട്ടപ്പോഴേക്കും വിമാനത്തിന്റെ ഇന്ധനം തീരുകയും ജനറേറ്റർ ഓഫാകുകയും ചെയ്തു. ലൈറ്റ് ഓഫായതോടെ ഭീകരവാദികൾ‌ പരിഭ്രാന്തരായി. അതോടെ, തുരുതുരാ വെടിയുതിർക്കാനും ഗ്രനേഡുകൾ വലിച്ചെറിയാനും തുടങ്ങി. ഒരുപാടുപേർ മരിച്ചു വീഴുന്നത് ഞാൻ കണ്ടു. എന്റെ സംഗീത ട്രൂപ്പിന്റെ ഡയറക്ടറും ട്രൂപ്പിലെ മറ്റൊരു പെൺകുട്ടിയും വെടിവയ്പിൽ കൊല്ലപ്പെട്ടു.

ഞാൻ എമർജൻ‌സി വാതിലിനടുത്തായിരുന്നു ഇരുന്നത്. തുറക്കാനുള്ള ആദ്യ ശ്രമം പാളിയെങ്കിലും രണ്ടാമത്തേതിൽ വിജയിച്ചു. എങ്ങനെയൊക്കെയോ താഴെയിറങ്ങുന്നതിനിടയില്‍ എന്റെ ഇടതുകണ്ണിലേക്ക് ഗ്രനേഡ് തുളച്ചു കയറി പരുക്കേറ്റിരുന്നു. പിന്നെ ആശുപത്രിയിലേക്ക്. കറാച്ചിയിലെ ഒരു ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി 48 മണിക്കൂറിനു ശേഷമാണ് ഇന്ത്യയിലെത്തുന്നത്. ഇവിടെ വന്നിട്ടും കണ്ണിന് ചികിത്സ നൽകാനുള്ള സൗകര്യമുണ്ടായിരുന്നില്ല. പിന്നെ ചിക്കാഗോയിലെ ആശുപത്രിയിലേക്ക്. അവിടെയത്തിയപ്പോഴേക്കും കണ്ണിൽ എന്നന്നേക്കുമായി ഇരുട്ട് കയറിക്കൂടിയിരുന്നു.

ആ സംഭവം എന്റെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതത്തിന് ഇന്നും കുറവില്ല. മനുഷ്യ മനസാക്ഷിയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടാണ് അത്. അതുമാത്രമല്ല, ജാതിയും മതവും മറ്റ് വൈരങ്ങളും മറന്ന് എല്ലാവരുമൊന്നിക്കുന്നതിനും ആ ദിവസം സാക്ഷിയായി. ഓരോരുത്തരും പച്ച മനുഷ്യരാകുന്നത് ആ ഫ്ലൈറ്റിനുള്ളിലെ സംഭവത്തിലൂടെ ഞാൻ കണ്ടു.