ഇന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ പിറന്നാള്‍ അല്ല!

ഗിരീഷ് പുത്തഞ്ചേരി

കാലമെത്ര കഴിഞ്ഞാലും കേരളക്കരയ്ക്ക് മറക്കാനാകാത്ത നൂറുകണക്കിന്‌ ഗാനങ്ങള്‍ രചിച്ച മഹാപ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പഠനകാലത്ത് ആകാശവാണിയിലെ ലളിതഗാനങ്ങള്‍ക്ക് വരികള്‍ രചിച്ച് ആരംഭിച്ച അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്ക് മരണമെന്ന കോമാളി തടയിടുമ്പോള്‍ മലയാള സംഗീത ലോകത്തെ തന്റേതായ മുഖമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു.

വിക്കിപീഡിയയിലെ വിവരം

മരണമടഞ്ഞ പ്രതിഭകളെ അവരുടെ സംഭാവനകളിലൂടെയല്ലാതെ മാധ്യമങ്ങളും മറ്റുള്ളവരും ഓര്‍ക്കുന്നത് അവരുടെ പിറന്നാള്‍ ദിനത്തിനും ചരമദിന അനുസ്‌മരണത്തിനുമാണ്‌. എന്നാല്‍ ഗിരീഷ് പുത്തഞ്ചേരിയുടെ കാര്യത്തില്‍ പലര്‍ക്കും ഒരബദ്ധം പറ്റിയിരിക്കുന്നു. ഇന്ന് അതായത് സെപ്റ്റംബര്‍ 23ന്‌ ഗിരീഷ് പുത്തഞ്ചേരിയുടെ പിറന്നാളാണെന്നാണ്‌ പൊതുവേ എല്ലാവരും കരുതുന്നത്. ഇത്തരമൊരു തെറ്റിധാരണയ്ക്ക് കാരണമാകുന്നത് വിക്കിപീഡിയയിലെ വിവരങ്ങള്‍ തന്നെയാണ്‌.

1959 സെപ്‌റ്റംബര്‍ 23നാണ്‌ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി ഗിരീഷ് പുത്തഞ്ചേരി ജനിച്ചതെന്ന് വിക്കി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇതല്ല അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമെന്നും ഗിരീഷ് പുത്തഞ്ചേരി ജനിച്ചത് 1961 മെയ് ഒന്നാം തീയതിയില്‍ വിശാഖം നക്ഷത്രത്തിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബീന പറയുന്നു. സാധാരണ ഔദ്യോഗിക ഡോക്യുമെന്റുകളില്‍ ജനന തീയതി മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു കാര്യവും ഇല്ലെന്ന് ഭാര്യ പറയുന്നു. എതോ വിരുതന്‍ ഓണ്‍ലൈനില്‍ തെറ്റായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്‌തതാണ്‌ ഇത്തരമൊരു തെറ്റിധാരണയ്ക്ക്കാരണമായത്.

"അദ്ദേഹം ഉണ്ടായിരുന്നപ്പോള്‍ പോലും ഞങ്ങള്‍ പിറന്നാളുകള്‍ ആഘോഷിക്കാറില്ല. അദ്ദേഹം ആഘോഷങ്ങള്‍ക്ക് എതിരായിരുന്നത് കൊണ്ടല്ല. എപ്പോഴും തിരക്കിലായിരിക്കും. ആ ദിനത്തില്‍ ക്ഷേത്രങ്ങളിലൊക്കെ പോയി ഞാന്‍ വഴിപാടുകള്‍ കഴിപ്പിക്കാറുണ്ട്" - ബീന പറയുന്നു. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണെന്ന് ചോദിച്ച് ആരും തന്നെ എന്നെ വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരെയും തിരുത്താനും കഴിഞ്ഞില്ല. വിക്കിയില്‍ തിരുത്താന്‍ പറ്റുമെങ്കില്‍ ആരെങ്കിലും തിരുത്തി തരണമെന്ന അപേക്ഷയും കൂടി എനിക്കുണ്ട് - അദ്ദേഹത്തിന്റെ ഭാര്യ ചെറിയൊരു പരിഭവത്തോടെ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.