പത്തു കോടി കാഴ്ചക്കാർ: ഹിന്ദി ആൽബം ഗാനത്തിന്റെ അപൂര്‍വ്വ നേട്ടം

ഒരു ആൽബം ഗാനം ‌യുട്യൂബിലൂടെ ലോകം പത്തു കോടി പ്രാവശ്യം വീക്ഷിച്ചുവെന്നു പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ഇംഗ്ലിഷ് ആൽബം ഗാനങ്ങളൊക്കെ ദിവസങ്ങൾ കൊണ്ടു  ഈ നേട്ടത്തിലെത്തിയ ചരിത്രമുണ്ട്. പക്ഷേ ഒരു ഹിന്ദി ആൽബം ഗാനം  ഈ നേട്ടത്തിലെത്തിയെന്നറിയുമ്പോൾ ഒരു കൗതുകമില്ലേ.  രാഹത് ഫത്തേ അലി ഖാൻറെ ഒരു ഗാനത്തിന്റെ ഒറിജിനൽ വേർഷനാണ് യുട്യൂബിൽ പുതുചരിത്രമെഴുതിയത്. രാഹതിന്റെ ആൽബം ഗാനം പത്തു കോടിയിലധികം പ്രാവശ്യമാണു ലോകം കണ്ടത്. സിനിമാ സംഗീതത്തിനപ്പുറം മറ്റൊന്നിനോടും വലിയ ആവേശമില്ലാത്തവരാണു നമ്മൾ എന്നതുകൊണ്ടു തന്നെ ഇതിനൊരു പ്രത്യേകതയുണ്ട്. 

സരൂരി താ എന്ന പാട്ടിലൂടെയാണ് റാഹത് ഫത്തേ അലിഖാൻ പുതു ചരിത്രമെഴുതിയത്. 2014 ജൂൺ എട്ടിനാണ് ഈ പാട്ടു യുട്യൂബിലെത്തിയത്. രാഹുൽ സൂദ് സംവിധാനം ചെയ്ത വിഡിയോ പറയുന്നതും പാടുന്നതും മനോഹരമായൊരു പ്രണയത്തെ കുറിച്ചാണ്. ഗൗഹർ ഖാൻ, കുശൽ ടണ്ഠൻ എന്നിവരുടെ പ്രണയാർദ്രമായ ജീവിതത്തെയാണ് ആവിഷ്കരിച്ചത്. ഇവരുടെ യഥാർഥ ജീവിതകഥ തന്നെയായിരുന്നു അത്. സൽമാൻ അഹമ്മദ് നിർമ്മിച്ച വിഡിയോ യൂണിവേഴ്സൽ മ്യൂസിക് ആണു പുറത്തിറക്കിയത്.