ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ...

മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും

ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?

തണലു കിട്ടാൻ തപസിലാണിന്നിവിടെ എല്ലാ മലകളും...

ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകൾ സർവ്വവും

കാറ്റുപോലും വീർപ്പടക്കി കാത്തുനിൽക്കും നാളുകൾ...

മനസിന്റെ ഉൾത്തലങ്ങളിൽ ഈ ഗാനമിപ്പോൾ മുഴങ്ങുന്നില്ലേ. അകലെ നിന്നൊരു കാറ്റ് ഒന്നടുത്തേക്ക് വന്നെങ്കിൽ, ഉച്ചിക്കു മുകളിലുദിച്ചു നിന്ന് മജ്ജയും മാംസവും ഉരുക്കിക്കളയാതെ സൂര്യനൊന്ന് അടങ്ങിയിരുന്നെങ്കിൽ, അകലെക്കാണുന്ന പുഴയുടെ കുഞ്ഞു കൈവഴികളിൽ നനവ് പടർന്നെങ്കില്‍...ആഗ്രഹിക്കുന്നില്ലേ. പച്ചപ്പും പാദസരം കിലുക്കിയൊഴുകുന്ന പുഴയും തണൽ വിരിക്കുന്ന മരക്കൂട്ടങ്ങളും ഈ ഭൂമിയെ വിടപറയാതെ ചുംബിച്ചു നിന്നെങ്കിലെന്ന് ആഗ്രഹിക്കുന്നില്ലേ. ഒരു കവിത ജനകീയമാകുകയും അത് ഒരു ചലച്ചിത്ര ഗാനമെന്ന പോലെ മനസുകളിൽ ഇടംപിടിക്കുകയും പച്ചയായ യാഥാർഥ്യങ്ങളെ അത് അതേപടി ഉൾക്കൊള്ളുകയും ചെയ്യുന്ന വരികളാണിത്. ഈ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ വരികൾ.

സാങ്കേതിക വിദ്യ ലംബമാനമായി കുതിച്ചുയരുന്നത് കണ്ട് ചവിട്ടി നിൽക്കുന്ന മണ്ണിനെ മറക്കുന്ന മനുഷ്യനോടുള്ള പ്രകൃതിയുടെ ഉൾവിളി തന്നെയാണീ വരികൾ. ഇഞ്ചക്കാട് ബാലചന്ദ്രനാണ് കാതുതുളയ്ക്കുന്ന, ചിന്തിക്കൂ മനുഷ്യായെന്ന് ആർപ്പുവിളിക്കുന്ന വരികള്‍ക്ക് പിന്നിൽ. സാധാരണക്കാരനായ ഓരോ മനുഷ്യന്റെയും അവനു ചുറ്റും അതിജീവന പോരാട്ടം നടത്തുന്ന ഓരോ പുൽക്കൊടിയുടെയുള്ളിലും ഓരോ നിമിഷവും ഓരോ വരികളും ചോദ്യങ്ങളായി പ്രതിധ്വനിക്കുന്നു.

കൊടും ചൂടിൽ കൂടിയാണ് കേരളം കടന്നുപോകുന്നത്. ഒരിറ്റു ദാഹജലത്തിനായി നാവു നീട്ടി നിൽക്കുകയാണ് നമ്മുടെ നിലനിൽപിന് ആധാരമായ ഭൂമിയിലെ ഓരോ ഘടകങ്ങളും. ഓരോ വർഷം പിന്നിടുന്തോറും വേനൽക്കാലം നമ്മെ കൂടുതൽ ആക്രമിക്കുന്നുവെന്ന് മനസിലാക്കിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്റെ ചിന്തകളെ കലയോളം സ്വാധീനിച്ചിട്ടുള്ള മറ്റൊന്നില്ല. അതുപോലെ തന്നെയാണ് ഈ പാട്ടും. ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന ആദ്യ വരികൊണ്ടു തന്നെ ഈ കാലഘട്ടം നേരിടുന്നതും വരുത്തിവച്ചതുമായ കാര്യങ്ങളിലേക്ക് കൂടുതൽ കാര്യഗൗരവത്തോടെ നോക്കാൻ ഈ ഗാനം പ്രേരിപ്പിക്കുമെന്ന് കരുതാം.