ജസ്റ്റിൻ ബീബറിന് സഹോദരങ്ങളുടെ റോൾ മോഡലാകണം

കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറിന് സഹോദരങ്ങളായ ജാക്സണിന്റേയും ജാസ്മിന്റേയും റോൾ മോഡലാകാൻ ആഗ്രഹം. തന്റെ രണ്ട് കുഞ്ഞ് സഹോദരങ്ങളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്ത് അവർക്ക് വേണ്ടി ജീവിക്കുന്ന ഒരു സഹോദരനാകണം തനിക്ക് എന്നാണ് ബീബർ പീപ്പിൾ മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ തനിക്ക് അത്ര നല്ലതായിരുന്നില്ല. പല പ്രശ്നങ്ങളിലൂടെയാണ് താൻ കടന്നപോയതെന്നും ഇനി താൻ തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ശ്രമിക്കുന്നതെന്നും ബീബർ പറഞ്ഞു.

ചെറുപ്രായത്തിൽ തന്നെ ലഭിച്ച അമിത പ്രശസ്തിയിൽ മതിമറന്ന് ബീബർ ചെന്നു ചാടാത്ത കുഴപ്പങ്ങളുണ്ടായിരുന്നില്ല. അയൽക്കാർക്കും നാട്ടുകാർക്കും തുടങ്ങി എല്ലാവർക്കും ശല്യമായി മാറിയ ബീബർക്ക് വളരെ പെട്ടന്നാണ് തിരിച്ചടികൾ നേരിട്ടത്്. നഷ്ടപ്രണയം, പോലീസ് കേസുകൾ, വിജയം കാണാത്ത ആൽബങ്ങൾ എന്ന് തുടങ്ങി താരത്തെ നാട് കടത്തണം എന്ന് ആവശ്യപ്പെടുന്നതുവരെയെത്തി കാര്യങ്ങൾ. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസിലാക്കിയതോടെയാണ് ബീബർക്ക് നല്ല മനുഷ്യനാകാൻ ആഗ്രഹം തോന്നി തുടങ്ങിയത്. ഇത്രയും നാളും തന്നെ കുറ്റം പറഞ്ഞ ആളുകളെക്കൊണ്ട് നല്ലത് പറയിപ്പിക്കാനാണ് താൻ ഇനി ശ്രമിക്കുക എന്ന് താരം അമേരിക്കൻ ടെലിവിഷൻ ഷോയായ എലനിലൂടെ പറഞ്ഞിരുന്നു.

തന്റെ ചെയ്തികൾക്കെല്ലാം ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ടൊരു വിഡിയോ ബീബർ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ ഇനി കുഴപ്പങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും നല്ലൊരു മനുഷ്യനായി മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മദ്യവും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും ഉപേക്ഷിച്ച് പാട്ടിൽ മാത്രം ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ബീബർ പറഞ്ഞിരുന്നു.