ഫെയ്സ്ബുക്ക് പേജുള്ളവർ സൂക്ഷിക്കുക

സോഷ്യൽ മീഡിയ മാനേജർമാരെ വച്ചു പേജുകൾ കൈകാര്യം ചെയ്യുന്ന സെലിബ്രിറ്റികൾക്കെല്ലാം മുന്നറിയിപ്പുമായി ഗായിക ജ്യോത്സന. അഞ്ചു ലക്ഷത്തിനു മേൽ ലൈക്കുള്ള തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ തിരോധാനത്തിനു പിന്നിലെ സംഭവവികാസങ്ങളെക്കുറിച്ചും തന്നെ തട്ടിപ്പിന് വിധേയയാക്കാൻ ശ്രമിച്ചതിനെക്കുറിച്ചും വിശദമാക്കി ജ്യോത്സന ഒരു വിഡിയോ ഫെയ്സ്ബുക്കിൽ തന്നെ ഇട്ടു.  

പേജ് കാണാനായതിനെ കുറിച്ച് ജ്യോത്സ്നയ്ക്ക് അത് കൈകാര്യം ചെയ്തിരുന്ന അഡ്മിൻ നൽകിയ മറുപടി സിസ്റ്റം അപ്ഡേറ്റ് ചെയ്തപ്പോൾ പേജ് ഡിലീറ്റ് ആയി പോയി എന്നായിരുന്നു. ഇതുപോലെ കുറേ പേജുകൾ നഷ്ടപ്പെട്ടുവെന്നും ഇനി റിക്കവർ ചെയ്യുവാനാകില്ല പുതിയ പേജ് തുടങ്ങുകയേ നിവൃത്തിയുള്ളൂവെന്നുമായിരുന്നു ഇവർ ജ്യോത്സനയ്ക്കു നൽകിയ വിശദീകരണം. ഇതിലെന്തോ അപാകതയുണ്ടെന്നു തോന്നിയ ഗായിക വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ പേജിന്റെ അഡ്മിനുകളിൽ ഒരാൾ കൂടിയായ തന്നെ അതിൽ നിന്നു നീക്കം ചെയ്തിട്ട് പേജിന്റെ ലൈക്കുകൾ ഉപയോഗിച്ചു മറ്റൊരെണ്ണം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണു ഇവരെന്നു മനസിലായി. ഇതോടെ പേജ് തിരികെ കൊടുത്ത് അഡ്മിൻ തടി തപ്പി. 

ഫേസ്ബുക്ക് വേരിഫൈ ചെയ്ത പേജിനെ ഇത്തരത്തിൽ ഉപയോഗിച്ചവർക്കെതിരെ നിയമ നടപടിക്കു ശ്രമിക്കുന്നുണ്ടെന്നും ഗായിക വ്യക്തമാക്കി. ഇതുപോലെ ഫേസ്ബുക്ക് പേജ് മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ അതിൽ പൂർണമായും നിയന്ത്രണം നമ്മൾ തന്നെ ഉറപ്പാക്കണമെന്നും കാര്യങ്ങൾ വ്യക്തമായി പഠിച്ചിരിക്കണമെന്നും ജ്യോത്സന പറഞ്ഞു. കുറച്ചു ദിവസം മുൻപാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കാണുവാനില്ലെന്നു ഗായിക ജ്യോത്സന അറിയിച്ചത്. പേജ് തിരിച്ചു കിട്ടുവാൻ ഒരു വഴിയുമില്ലെന്നും ജ്യോത്സന പറഞ്ഞിരുന്നു.