അയാൾ ഞാനല്ലയിൽ മനു രമേശന്റെ സംഗീതം

നടൻ വിനീത് കുമാർ സംവിധായകനാവുന്ന ചിത്രത്തിൽ മനു രമേശന്റെ സംഗീതം. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് മനു രമേശനാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന വിവരം പുറത്തുവിട്ടത്. മലയാളത്തിലെ ആദ്യത്തെ അക്കാപ്പെല്ലാ ആൽബം നങ്ങേലിക്ക് ഈണം പകർന്നത് മനു രമേശനായിരുന്നു.

ബാലതാരമായി അരങ്ങേറ്റം കുറിച്ച് നടനായും സഹനടനായും തിളങ്ങിയ വിനീത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാൾ ഞാനല്ല. സംവിധായകൻ രഞ്ജിത്താണ് അയാൾ ഞാനല്ലയുടെ കഥ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മൃദുല മുരളിയാണ് നായികയായി എത്തുന്നത്.

ഇവരെ കൂടാതെ സിജോയ് വർഗീസ്, ദിവ്യ പിള്ള, അക്ഷത് സിംഗ്, രൺജി പണിക്കർ, ടിനി ടോം, ചെമ്പൻ വിനോദ്, ടി.ജി രവി, സുബീഷ് സുധി, നോബി, ദിലീഷ് നായർ, ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബംഗളൂരുവിലും അഹമ്മദാബാദിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ പ്രകാശനെന്ന ബിസിനസുകാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തനായാണ് ഫഹദ് സിനിമയിലെത്തുന്നത്. സൺ ആഡ്‌സ് ആന്റ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി എ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.