മേഗൻ ട്രെയ്നറും ഹാരി സ്റ്റൈൽസും ഒന്നിക്കുന്നു

പോപ്പ് ലോകത്തെ യുവതാരങ്ങളിൽ ശ്രദ്ധേയരായ മേഗൻ ട്രെയ്നറും ഹാരി സ്റ്റൈൽസും ഒന്നിക്കുന്നു. ട്രെയ്നർ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണീ കാര്യം. സ്റ്റൈൽസുമായി ഒന്നിക്കുന്നുണ്ടെന്നും വളരെ പ്രത്യേകതകളുള്ള ഗാനമാണ് അതെന്നുമാണ് മേഗൻ പറഞ്ഞിരിക്കുന്നത്. എന്നാൽ ആരൊക്കെ ചേർന്നാണ് ഗാനം ആലപിക്കുന്നത്, എന്ന് ഗാനം പുറത്തിറങ്ങും എന്നുള്ള വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ചാർളി പുത്, ജോൺ ലെജന്റ് തുടങ്ങിയ താരങ്ങളുമായി ഒന്നിച്ചിട്ടുള്ള മേഗൽ ആദ്യമായാണ് സ്റ്റൈൽസുമായി ഒന്നിക്കുന്നത്.

വൺ ഡയറക്ഷൻ എന്ന ബാൻഡിലുടെ പ്രശസ്തനായ ഹാരി സ്റ്റൈൽസ് ഒറ്റക്ക് പുറത്തിറക്കുന്ന ഗാനത്തിനുവേണ്ടിയിരിക്കും ഇരുവരും ഒന്നിക്കുന്നതെന്നാണ് ഹോളിവുഡിൽ നിന്നുള്ള വാർത്തകൾ. കുറച്ച് നാളുകൾക്ക് മുമ്പാണ് ബ്രിട്ടീഷ് ബാൻഡായ വൺ ഡയറക്ഷനിൽ നിന്ന് ബാൻഡ് അംഗം സെയ്ൻ മാലിക്ക് പിൻമാറിയത്. അടുത്തതായി പിൻമാറാൻ പോകുന്നത് ഹാരി സ്റ്റൈൽസായിരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ തന്റെ പുതിയ സിംഗിളിനെ പറ്റിയുള്ള വാർത്തകളോട് ഹാരി സ്റ്റൈൽസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓൾ എബൗട്ട് ബാസ്, ലിപ്സ് ആർ മൂവിങ് എന്നീ ഗാനത്തിലൂടെ പ്രശസ്തിയിലെത്തിയ താരമാണ് മേഗൻ എലിസബത്ത് ട്രെയ്നർ എന്ന മേഗൻ ട്രെയ്നർ. ചെറുപ്പത്തിലെ തന്നെ പാട്ടുപാടി തുടങ്ങിയ മേഗൻ കഴിഞ്ഞ വർഷമാണ് ആദ്യ ഗാനം പുറത്തിറക്കുന്നത്. പുറത്തിറങ്ങിയ ആഴ്ചയിൽ തന്നെ ബിൽബോർട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനം കഴിഞ്ഞ വർഷം ഏറ്റവും അധികം വിറ്റ ഗാനങ്ങളിലൊന്നായിരുന്നു. 57മത് ഗ്രാമിയിലെ സോങ് ഓഫ് ദ ഇയറും, റിക്കാർഡ് ഓഫ് ദ ഇയറുമായി ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത് പുറത്തിറക്കിയ ലിപ്സ് ആർ മൂവിങ് എന്ന ഗാനവും മൂന്നാമത്തെ സിംഗിൾ ഡിയർ ഫ്യൂച്ചർ ഹസ്ബെന്റും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. ഓൾ എബൗട്ട് ബാസ് ഇതുവരെ 83 കോടി ആളുകളും ലിപ്സ് ആർ മൂവിങ് 24 കോടി ആളുകളും ഡിയർ ഫ്യൂച്ചർ ഹസ്ബെന്റ് 7 കോടി ആളുകളുമാണ് യൂട്യൂബിലൂടെ കണ്ടത്.