മാധവിക്കുട്ടിയുടെ ഓർമകളുടെ ഈണം

നീർമാതളം പൂത്ത കാലത്തെ നോക്കി കഥകളും കവിതകളുമെഴുതിയ സ്വപ്ന സഞ്ചാരി. മാധവിക്കുട്ടിയെന്ന പേരിനപ്പുറം പൂത്തുലഞ്ഞ എഴുത്തുലോകത്തിന്റെ സുഗന്ധം നമ്മിലെപ്പോഴുമുണ്ട്. അതിനോടെപ്പോഴും അടങ്ങാത്ത പ്രണയം തന്നെയാണ് നമുക്കെന്നും. മാധവിക്കുട്ടി ഓർമയായിട്ട് ഇന്ന് ഏഴ് വർഷം പൂർത്തിയാകുകയാണ്. മാഞ്ഞു പോയെങ്കിലും മറക്കാനാകാത്ത ഓർമകള്‍ക്കും എഴുത്തുകള്‍ക്കും മുന്നിലേക്കിതാ മറ്റൊരെഴുത്തുകാരിയുടെ ഒരു പാട്ടു സമ്മാനം. വിജയലക്ഷ്മി എഴുതി നന്ദു കർത്ത ഈണമിട്ട പാടിയ പാട്ടാണിത്. സ്വപ്ന സഞ്ചാരി എന്നു പേരിട്ട വിഡിയോ ബോധി സൈലന്റ് സ്കേപ് ആണ് പുറത്തിറക്കിയത്.

നീർമാതളത്തിന്റെ ചില്ലമേൽ

ആതിരാപ്പാൽ നിലാ ചോലയെഴുമ്പോൾ

പിച്ച നടന്നൊരീ മണ്ണിന്റെ മഞ്ചാടി

മുത്തും പവിഴമാകുമ്പോൾ...എന്നു തുടങ്ങുന്നു കവിത.

ഇലപൊഴിഞ്ഞു വീണ വഴിത്താരയിലൂടെ നിലാവത്ത് പതിയെ നടന്നകലുന്ന പാദസരത്തിന്റെ കിലുക്കം പോലുള്ള ഓർക്കസ്ട്ര പാട്ടിനെ നമ്മുടെ നെഞ്ചോട് ചേർക്കുന്നു. കാറ്റിലാടുന്ന മുടി നിവർത്തി നിഗൂഢത നിറ‍ഞ്ഞ കണ്ണുമായി നോക്കി നിൽക്കുന്ന മാധവിക്കുട്ടിയും മനസിലേക്കങ്ങനെ വരും. അവരുടെ നോവുന്ന ഓർമകളും. എഴുത്തിന്റെ മൂർച്ചയും ഒന്നുകൂടി നമ്മിൽ പിടിമുറുക്കും. നിർത്താതെ പെയ്ത മഴയായിരുന്നു അവർ. മലയാളത്തിന്റെ മനസിലേക്ക് പെയ്തിറങ്ങിയ നിലാമഴ. പാട്ട് അവസാനിക്കുന്നതും മഴയൊച്ചയിലാണ്.