ചന്ദ്രനിലെ ആ പാട്ടെന്ത്? രഹസ്യം വെളിപ്പെടുത്താൻ നാസ

നീലനിലാവിനെ നോക്കിയിരിക്കുക, നക്ഷത്രക്കുഞ്ഞുങ്ങളുടെ കിനാവുകളെ കുറിച്ചഴുതുക, അമ്പിളി മാമന്റെ വെൺമയെ കണ്ണിനുള്ളിൽ കൂടു കൂട്ടുക...അങ്ങനെയുള്ള വട്ടൻ ചിന്തകളുടെ കൂട്ടത്തിലേക്ക് ഈ പാട്ടിനേയും കൂട്ടാം. അപ്പോളോ മിഷനിടയിൽ റെക്കോർഡ് ചെയ്യപ്പെട്ട ആ ശബ്ദവീചികളെ. നാൽപത് വർഷങ്ങൾക്കിപ്പുറം നാസ പറഞ്ഞ "പാട്ടുകഥ" അജ്ഞാതമായ സംഗീതത്തെ കുറിച്ചുള്ളതാണ്. കാണാ ദൂരത്തെ ആകാശപഥങ്ങളിൽ കേട്ട നാദം. 1969ൽ ചന്ദ്രനിൽ അപ്പോളോ 10 ലാൻഡ് ചെയ്യുന്നതിന് രണ്ട് മാസം മുൻപ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചപ്പോഴാണ് ശാസ്ത്ര‍‍ജ്ഞർ ഹെഡ്സെറ്റിൽ ഈ ശബ്ദം കേട്ടതും അത് റെക്കോർഡ് ചെയ്യപ്പെട്ടതും. നാസയുമായി എല്ലാ ബന്ധങ്ങളും വേർപെടുത്തിയാണ് ഭൂമിയിൽ നോക്കിയാൽ കാണാനാകാത്ത ചാന്ദ്ര വശം ശാസ്ത്രജ്ഞർ മറികടന്നത്. ഒരു മണിക്കൂർ നീണ്ട ദൗത്യമാണ് നടത്തിയത്. ഇതിനിടയിലായിരുന്നു അ‍ജ്ഞാത ശബ്ദം കേട്ടത്.

ഈ ശബ്ദം സയൻസ് ചാനലിലെ നാസ അൺഎക്സ്പ്ലൈൻഡ് സ്റ്റോറീസ് എന്ന പരമ്പരയിലൂടെ ലോകത്തിനു മുന്നിലേക്കെത്തും. ചാന്ദ്ര പര്യവേഷണത്തിൽ ചരിത്രമെഴുതി നാസയുടെ മൂന്ന് ഗവേഷകരാണ് അപ്പോളോ പത്തിലുണ്ടായിരുന്നത്. ഈ ശബ്ദം അവരെ പേടിപ്പെടുത്തുകയും ചെയ്തു. ‌കമ്മാൻഡർ തോമസ് പി സ്റ്റാഫോർഡ്. കമ്മാൻഡ് മൊഡ്യൂൾ പൈലറ്റ് ജോൺ ഡബ്ല്യു യങ്, ലൂണാർ മൊഡ്യൂൾ പൈലറ്റ് യൂജിൻ എ സേണൻ എന്നിവരാണ് അന്ന് ദൗത്യത്തിലുണ്ടായിരുന്നത്. ശബ്ദത്തെ കുറിച്ച് ഇവർ പരസ്പരം സംസാരിക്കുന്നതും റെക്കോർഡ് ചെയ്യപ്പെട്ടു. ഇത് ഗ്രഹാന്തര സംഗീതം പോലെ തോന്നുന്നുവെന്ന് ഒരാൾ പറയുന്നു. ഇത് നാസയെ അറിയിക്കണോ. അറിയില്ലെന്നും നമ്മളെ ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നും മറ്റേയാളുടെ മറുപടി. ശൂന്യാകാശത്തു കൂടി ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദം ഇവർക്ക് മുൻപും പിൻപും പല ശാസ്ത്രജ്ഞരും കേട്ടിട്ടുണ്ട്. പക്ഷേ നാസക്ക് അജ്ഞാതമാണ് ഈ ശബ്ദം, പ്രപഞ്ചത്തിന്റെ സംഗീതം. എന്തായാലും നാസ ഇതുവരെ പുറത്തുവിട്ട റെക്കോർഡുകൾ കോടിക്കണക്കിനാളുകളാണ് കണ്ടുകഴിഞ്ഞത്.