പുലിയുടെ ഓഡിയോ പുറത്തിറങ്ങി

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് യുടെ പുതിയ ചിത്രം പുലിയുടെ ഓഡിയോ പുറത്തിറങ്ങി. ചെന്നൈയിൽ വെച്ചു നടന്ന ചടങ്ങിൽ വിജയ്‌യുടെ അമ്മ ശുഭ ചന്ദ്രശേഖറും ഭാര്യ സംഗീതയും ചേർന്നാണ് ഗാനം പുറത്തിറക്കിയത്. ചിത്രത്തിലെ താരങ്ങളെയും അണിയപ്രവർത്തകരേയും കൂടാതെ സംവിധായകൻ എസ് ജെ സൂര്യ, തിരക്കഥാകൃത്ത് കെ എസ് രവികുമാർ, ടി രാജേന്ദ്രർ, വിജയ് യുടെ പിതാവ് ചന്ദ്രശേഖർ തുടങ്ങിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ട്രാക്ക് ലിസ്റ്റ് സംഗീസംവിധായകൻ ദേവിശ്രീപ്രസാദ് പുറത്തിറക്കിയിരുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിജയ്, ശ്രുതി ഹാസൻ, ജാവേദ് അലി, പൂജ എ വി, ശങ്കർമഹാദേവൻ, എം എം മാനസി, സൂരജ് സന്തോഷ്, എ എൽ ആർ കാർത്തികേയൻ, ചിൻമയി, അനിത, മനോ, പ്രിയദർശിനി, ടിപ്പു തുടങ്ങിയവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വൈരമുത്തു വരികളെഴുതിയിരിക്കുന്നു. വിജയ്‌യും ശ്രുതി ഹാസനും ചേർന്ന് പാടുന്ന ഗാനത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഗാനത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 13 ലക്ഷം ആളുകൾ ഗാനത്തിന്റെ ടീസർ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു.

ഇംസായ് അരശൻ ഇരുപത്തിമൂന്നാം പുലികേശി, ഇരുമ്പുകോട്ടൈ മുരട്ടുസിങ്കം, ഒരു കന്നിയും മൂന്ന് കളവാണിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ചിമ്പുദേവൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് പുലി. ചൈനീസ് സ്റ്റണ്ട് കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് എന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

ഇളയദളപതി ഇരട്ടവേഷത്തിലെത്തുന്ന ഫാന്റസി കോമഡി ത്രില്ലറായ ചിത്രത്തിൽ വിജയ്‌യെ കൂടാതെ പ്രഭു, സുധീപ്, ശ്രീദേവി, ശ്രുതി ഹാസൻ, ഹൻസിക മോട്ട്‌വാനി, നന്ദിത, വിജയ് കുമാർ, തമ്പി രാമയ്യ, ആടുകളം നരേൻ, ഇമാൻ അണ്ണാച്ചി, റോംബോ ശങ്കർ, ജാസ്പർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പുലി. ചിമ്പുദേവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. എസ് കെ ടി സ്റ്റുഡിയോയുടെ ബാനറിൽ ഷിബു തമീൻസും പി ടി ശെൽവകുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.