ഷാൻ ജോൺസണ് വിട

ഈണങ്ങളുടെ പൂക്കാലമൊരുക്കിയ ജോൺസൺ മാസ്റ്ററെന്ന സംഗീത സംവിധായകന്റെ മകൾ ഷാൻ ജോൺസന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു. അച്ഛന്റെ പാതയിൽ നടക്കാൻ കൊതിച്ചിട്ട് പാതി വഴിയിൽ നിലച്ച സംഗീതം പോലെ ഷാൻ ജോൺസൺ കടന്നുപോയി. അമ്മ റാണിയെ ഒറ്റക്കാക്കി ഷാൻ മാലാഖമാർക്കൊപ്പം മടങ്ങിപ്പോയി....

ജന്മനാട് നൽകിയ അന്ത്യാ​ഞ്ജലി ഏറ്റുവാങ്ങിയായിരുന്നു ഷാനിന്റെ യാത്ര. ചെന്നൈയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തൃശൂരിലെത്തിച്ചു. ജന്മനാട് ഷാനിന് അന്ത്യാഞ്ജലിയർപ്പിക്കുകയാണ് .തറവാടു വീടായ തൃശൂർ ചേലക്കോട്ടുകര തട്ടിൽ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു.

ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാർട്മെന്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു. ചെന്നൈ റോയപ്പേട്ട ആശുപത്രിയിൽ ഇന്നലെ രാവിലെ 11.30നാണു പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. പന്ത്രണ്ടരയോടെയാണു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മൃതദേഹം കാണാൻ കഴിഞ്ഞത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം ഷാനിനെ കാണാൻ അമ്മ റാണിയെത്തിയപ്പോൾ കണ്ടു നിന്നവർ ഉൾപ്പെടെ വിതുമ്പി. ജോൺസൺ, മകൻ റെൻ, ഇപ്പോൾ ഷാനും – ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ഏറ്റുവാങ്ങിയ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിസ്സഹായരായി.