സംഗീത ലോകത്ത് അൻപതാണ്ട്...

സ്റ്റ്യുഡിയോയിൽ നിന്ന് സ്റ്റ്യുഡിയോകളിലേക്കുള്ള ഓട്ടത്തിനിടയിൽ എന്റെ കുട്ടികൾ വളരുന്നത് കാണാൻ പോലും എനിക്കായില്ല. തിരക്കുകൾ ജീവിതത്തിലെ ആ നല്ല നിമിഷങ്ങളെയെല്ലാം എന്നിൽ നിന്നകറ്റി. പരാതി പറയുന്നത് മറ്റാരുമല്ല, പാട്ടിന്റെ ലോകത്ത് അമ്പതാണ്ട് പിന്നിട്ട എസ് പി ബാലസുബ്രമണ്യം. സംഗീതം പഠിക്കാത്ത തനിക്ക് ഈ പ്രായത്തിലും പാട്ടുകൾ കിട്ടുന്നതും പാടാൻ കഴിയുന്നതും ആശ്ചര്യകരമായ കാര്യമാണെന്നും അദ്ദേഹം ഓർക്കുന്നു. അഞ്ചു പതിറ്റാണ്ടായി എസ്പിബി എന്ന വാക്കിനുള്ളിലേക്ക് തെന്നിന്ത്യയിലെ സംഗീത ലോകം സ്നേഹപൂർവം ചേർന്നുനിൽക്കാൻ തുടങ്ങിയിട്ട്. എഞ്ചിനീയറിങ് പഠനം പാതിവഴിയിലുപേക്ഷിച്ച് , ശാസ്ത്രീയ സംഗീതം പഠിക്കാതെ പാട്ടുലോകത്തേക്കെത്തിയ പ്രതിഭയായിരുന്നു എസ്പിബി.

പതിനഞ്ച് ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട് എസ്പിബി. ഏത് രാഗവും ഈണവും ആ ശബ്ദത്തിനോട് ആത്മസുഹൃത്തിന്റെ അടുപ്പം കാണിക്കുന്നുവെന്നത് തന്നെയാണ് കാലത്തിന്റെ പാട്ടുകാരനാക്കി എസ്പിബിയെ മാറ്റുന്നത്. 1966-ൽ തെലുങ്ക് ചിത്രം ശ്രീ ശ്രീ മര്യാദ രാമണ്ണയിലെ പാട്ടിലൂടെയാണ് എസ്പിബിയെന്ന പാട്ടുകാരന്റെ യാത്രയാരംഭിക്കുന്നത്. ശങ്കരാഭരണത്തിലൂടെ ഏക്ദുജേ കേ ലീയേയിലൂടെ അനായാസ ആലാപനത്തിന്റെ മാധുരി രാജ്യം കേട്ടു, കേട്ടുകൊണ്ടിരിക്കുന്നു. ഇതെല്ലാം എസ്പിബിയുടെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായിരുന്നുവെന്നു പറഞ്ഞാൽ അദ്ദേഹമത് സമ്മതിച്ചു തരില്ല.

ഓരോ ദിവസവും എന്റെ ജീവിതത്തിന്റെ വഴിത്തിരിവുകളായിരുന്നു. പാട്ടിനെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു. കളങ്കമില്ലാതെ അതിനോടൊപ്പം ഞാൻ സഞ്ചരിക്കുന്നു. സംഗീതത്തിലാണ് ഞാനീ ജീവിതം അർപ്പിച്ചിരിക്കുന്നത്. അപ്പോൾ ഓരോ ദിവസവും ജീവിതത്തിലേറെ വിലപ്പെട്ടതു തന്നെയല്ലേ. എല്ലാ ദിവസവും നാഴികക്കല്ലല്ലേ? - എസ്പിബി ചോദിക്കുന്നു. ചലച്ചിത്രത്തിന്റെ സംവിധായകന്റെ വലിപ്പം നോക്കി ഇതുവരെയും പ്രവർത്തിച്ചിട്ടില്ല. കൃത്യം അഞ്ചു മണിക്ക് ഞാൻ സ്റ്റുഡിയോയിലെത്തും. എന്ത് തിരക്കുകളുണ്ടെങ്കിലും അതിന് മാറ്റമൊന്നും ഇതുവരെയുണ്ടായിട്ടില്ല. പാട്ട് എന്റെ മനസിനുള്ളിൽ പതിഞ്ഞെന്ന് ഉറപ്പുവരുത്താതെ മൈക്രോഫോണിനടുത്തേക്ക് പോയിട്ടുമില്ല. എസ്പിബി പറയുന്നു.