ഓള്‍ഡ് ജനറേഷന്‍ കുളമ്പുദീനം പിടിച്ച കുതിര: ശ്രീകുമാരന്‍ തമ്പി

270 സിനിമകള്‍ക്ക്‌ ഗാനങ്ങള്‍ എഴുതുകയും 85 സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും 30 സിനിമ സംവിധാനം ചെയ്യുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്‌ത പ്രതിഭയാണ്‌ ശ്രീകുമാരന്‍ തമ്പി. ഓള്‍ഡ് ജനറേഷന്‍ സിനിമാക്കാരനെന്ന് സ്വയം പറയുന്ന അദ്ദേഹത്തിന്‌ ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. ന്യൂജന്‍ സിനിമക്കാര്‍ക്കു മുമ്പില്‍ ഓള്‍ഡ് ജനറേഷന്‍ കുളമ്പുദീനം പിടിച്ച കുതിരയാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

ന്യൂജനറേഷന്‍ സിനിമകള്‍ക്ക് നിരവധി മേന്മകളുണ്ട്. വ്യവസ്ഥാപിതമായ കഥയുണ്ടെങ്കിലേ അത് സിനിമയാകൂ എന്ന ഞങ്ങള്‍ ഓള്‍ഡ് ജനറേഷന്റെ സിനിമാ സങ്കല്‍പത്തെ ന്യൂജനറേഷന്‍ സിനിമാക്കാര്‍ തച്ചുടച്ചു. അത് വലിയ കാര്യമാണ്‌. ഞങ്ങളൊക്കെ ജീവിതത്തെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്‌. അവര്‍ ജീവിതത്തെ വളരെ നിസാരമായി കാണുകയാണ്‌. ഇല്ലായ്‌മ എന്താണെന്ന് കൂടുതല്‍ അറിയാത്തവരാണ്‌ ന്യൂജനറേഷനുകാര്‍. അത് ന്യൂജനറേഷന്‍ സ്റ്റൈലാണ്. സിനിമ യുവാക്കളെ കുറച്ചൊക്കെ സ്വാധീനിക്കുന്നുണ്ടാകാം എന്നാല്‍ സിനിമ സമൂഹത്തെ ചീത്തയാക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. മഹാഭാരതത്തിന്റെ കാലത്തും ബലാത്സംഗമുണ്ടായിരുന്നു. ഉദാഹരണത്തിന് പാഞ്ചാലി വസ്‌ത്രാക്ഷേപം. ദുശാസനന്മാര്‍ അന്നുമുണ്ട്, ഇന്നുമുണ്ട് - ശ്രീകുമാരന്‍ തമ്പി പറയുന്നു.

പ്രേമം സിനിമ നാച്വറലായാണ്‌ എടുത്തിരിക്കുന്നത്. ഒരു പ്രേമത്തില്‍ ഒതുങ്ങിയവരാരും കാണില്ല. ഭാര്യയെ മാത്രമാണ്‌ ഞാന്‍ പ്രേമിച്ചതെന്ന് മിക്കവര്‍ക്കും പറയാന്‍ കഴിയില്ല. ആ സത്യം പ്രേമത്തില്‍ സത്യസന്ധമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. അതുതന്നെയാണ്‌ പ്രേമം എന്ന സിനിമ വിജയിക്കാനുള്ള മുഖ്യ കാരണം. ഒരുപെണ്ണിന്‌ ഒരു പുരുഷന്‍, ഒരുപുരുഷന്‍ ഒരു പെണ്ണിനെ മാത്രമേ മനസ്സില്‍ കൊണ്ടുനടക്കാന്‍ പാടുള്ളൂ. ഇതൊക്കെ കള്ളമാണ്‌. ഈ കള്ളത്തരങ്ങള്‍ ഒഴിവാക്കി അവതരിപ്പിക്കാന്‍ പ്രേമം സിനിമയ്ക്ക് കഴിഞ്ഞു.

പക്വതവരാത്ത യൗവനത്തില്‍ ടീച്ചര്‍മാരോട് പ്രണയം തോന്നാം. മനസ്സില്‍ അങ്ങനെ പ്രണയം തോന്നാത്തവര്‍ കുറവായിരിക്കും. പക്ഷെ അതാണ്‌ ജീവിതം, അതാണ്‌ നടക്കേണ്ടത് എന്നുള്ള ധ്വനി വരാന്‍ പാടില്ല. ജീവിക്കുന്നിടത്തോളം സിനിമാവ്യവസായവുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കുമെന്നും ഏറെ പഴികേള്‍ക്കുന്ന സീരിയല്‍ മേഖലയിലേക്ക് കടക്കുന്ന ശ്രീകുമാരന്‍ തമ്പി പറയുന്നു. സീരിയലുകള്‍ മേഖലയിലേക്ക് ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിനാണ്‌ താന്‍ ശ്രമിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ദേശീയ, സംസ്ഥാന അവാര്‍ഡ് ജൂറികളില്‍ താന്‍ അംഗമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും മോനിഷയ്ക്കും ആദ്യമായി ഭരത് അവാര്‍ഡ് ലഭിക്കുമ്പോള്‍ താന്‍ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്നു. അവാര്‍ഡ് നിര്‍ണയം ജൂറിയുടെ തീരുമാനമാണെന്നും അത് ഇന്ത്യയുടെ ജനങ്ങളുടെ പൊതു തീരുമാനത്തിന്‌ ചിലപ്പോള്‍ യോജിച്ചതാകില്ലെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന അവാർഡ് ജൂറിയിലെ ജോണ്‍ പോള്‍ തന്റെ ആശയങ്ങളും നിര്‍ണയങ്ങളും എന്നും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ആളാണ്‌. സ്വാധീനങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ആളല്ല. പിന്നെ ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.