സ്വിഫ്റ്റിന്റെ പുതിയ ഗാനം

അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ ഗാനത്തിന്റെ പേര് വൈൽഡസ്റ്റ് ഡ്രീംസ്. സ്വിഫ്റ്റ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബം 1989 ലെ ഏഴാമത്തെ സിംഗിളായിരിക്കും വൈൽഡസ്റ്റ് ഡ്രീംസ്. സ്വിഫ്റ്റ്, മാർട്ടിൻ, ഷെൽബാക്ക് തുടങ്ങിയവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഗാനം ഉടൻ പുറത്തിറങ്ങുമെന്നും താരം അറിയിച്ചിട്ടുണ്ട്.

കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേയ്ക്ക് ചുടവുമാറിക്കൊണ്ട് ടെയ്‌ലർ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യ ആൽബം 1989 സ്വിഫ്റ്റിന്റെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ഏഴ് സിംഗിളുകൾ പുറത്തിറങ്ങിയെങ്കിലും നാല് ഗാനത്തിന്റെ വിഡിയോ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു. ആൽബത്തിലെ ബ്ലാങ്ക് സ്‌പെയ്‌സ്, ഷെയ്ക്ക് ഇറ്റ് ഓഫ് എന്നീ ഗാനങ്ങൾക്ക് വിഡിയോ സ്ട്രീമിംഗ് സൈറ്റായ വിവോയിൽ നൂറ് കോടിയിൽ അധികം കാണികളുണ്ട്. അവസാനം പുറത്തിറക്കിയ സിംഗിൾ ബാഡ് ബ്ലെഡ് മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ വിവോയുടെ ചരിത്രത്തിൽ തന്നെ 24 മണിക്കൂറിൽ ഏറ്റവും അധികം പേർ കണ്ട വിഡിയോ എന്ന റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

കൂടാതെ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റുപോകുന്ന ആൽബം, 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്‌പെയ്‌സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു.

കൺട്രി സംഗീതത്തിലെ എണ്ണം പറഞ്ഞ വ്യക്തിത്വങ്ങളിലൊരാളാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.