കാൽവിൻ ഹാരിസും ടെയ്ലർ സ്വിഫ്റ്റും ഒന്നിച്ച് ഗാനം പുറത്തിറക്കുന്നു

പോപ്പ് ലോകത്തെ ഏറ്റവും പുതിയ പ്രണയ ജോഡികളായ ടെയ്ലർ സ്വിഫ്റ്റും കാൽവിൻ ഹാരിസും ഒന്നിച്ച് പാട്ട് പുറത്തിറക്കുന്നു. ഇരുവരും ചേർന്ന് ഗാനം ഉടൻ പുറത്തിറക്കുമെന്നാണ് ബ്രിട്ടീഷ് പത്രം ദ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ ഡേറ്റിങ്ങിലായിരുന്ന ഇരുവരും ഒന്നിച്ചാണ് ബിൽബോർഡ് പുരസ്കാര ദാനചടങ്ങിലെത്തിയത്. പരസ്യമായി പ്രണയം പ്രഖ്യാപിച്ചു കഴിഞ്ഞ ഇവർ ഒന്നിച്ച് താമസവും തുടങ്ങിയെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ടിം മെക്ഗ്രോ, എഡ് ഷീറാൻ, ഗ്രേ ലൈറ്റ്ബോഡി, കെൻഡ്രിക്ക് ലാമർ, ജോൺ മേയർ എന്നിവരുമായി സഹകരിച്ച് സ്വിഫ്റ്റ് ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാൽവിൻ ഹാരിസ് നേരത്തെ റിയാന്ന, ക്രിസ് ബ്രൗൺ, പിറ്റ്ബുൾ, റിത്താ ഓറ എന്നിവരുമായി സഹകരിച്ച് ഗാനം പുറത്തിറക്കിയിട്ടുണ്ട്.

സ്കോട്ടീഷ് ഡിജെയും പാട്ടുകാരനുമായ കാൽവിൻ ഹാരിസ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഡീജെയാണ്. ഒരു രാത്രിക്ക് മാത്രമായി ഏകദേശം 2 കോടി രൂപയാണ് ഹാരിസ് ഈടാക്കുന്നത്. 1984 ൽ സ്കോട്ട്ലാന്റിൽ ജനിച്ച ആഡം റിച്ചാർഡ് വെയിൽസ് എന്ന കാൽവിൻ ഹാരിസ് ഇലക്ട്രോണിക്ക് സംഗീതത്തിലെ പ്രമുഖരിൽ ഒരാളാണ്. 2007 ൽ പുറത്തിറങ്ങിയ ആൽബം ‘ഐ ക്രീയേറ്റഡ് ഡിസ്കോ‘ 2009 ൽ പുറത്തിറങ്ങിയ ‘റെഡി ഫോർ വീക്കെന്റ്‘ 2012 ൽ പുറത്തിറങ്ങിയ ‘ 18 മന്ത്സ്‘ എന്നിവ യുകെയിലെ ഹിറ്റ് ആൽബങ്ങളാണ്.

കൺട്രി സംഗീതത്തിലെ എണ്ണം പറഞ്ഞ വ്യക്തിത്വങ്ങളിലൊരാളാണ് ടെയ്ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്് (2008), സ്പീക്ക് നൗ (2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ടെയ്ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.