കൊച്ചിയെ ഇളക്കിമറിച്ച് ടൊക്കാറ്റോ ഗായകസംഘം

ലോകപ്രശസ്തമായ ടൊക്കാറ്റോ ഗായകസംഘം ഒടുവിൽ കേരളത്തിലും അരങ്ങേറി. തൃപ്പൂണിത്തുറയിലായിരുന്നു ടൊക്കാറ്റോ ഗായകസംഘത്തിന്റെ കേരളത്തിലെ അരങ്ങേറ്റ പ്രകടനം. ലോകപ്രശസ്ത ഗായകസംഘത്തോടൊപ്പം തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ വിദ്യാർഥികളും ഗാനാലാപനത്തിൽ പങ്കു ചേർന്നത് നാടിനു കൗതുകമായി. പരിസ്ഥിതി വിനാശത്തിന്റെ ദുരന്തം പറഞ്ഞ മൈക്കിൾ ജാക്സന്റെ സംഗീതം ടൊക്കാറ്റോ അവതരിപ്പിച്ചപ്പോൾ കോറസ് പാടിയാണ് ചോയ്സ് സ്കൂളിലെ വിദ്യാർഥികൾ പരിപാടിയിൽ പങ്കുചേർന്നത്.

പാശ്ചാത്യസംഗീതത്തെ എന്നും സ്നേഹിക്കുന്ന കൊച്ചിയുടെ ഹൃദയ താളം മുറുകുന്ന രീതിയിലായിരുന്നു വർണശബളമായി വേദി നിറഞ്ഞു നിന്ന ടൊക്കാറ്റോ ഗായകസംഘത്തിന്റെ പ്രകടനം. മൈക്കിൾ ജാക്സൺ, എൽവിസ് പ്രെസ്്ലീ പോലുളള പ്രശസ്തരുടെ ഗാനങ്ങൾ ടൊക്കാറ്റോ ഗായകസംഘം ആലപിച്ചപ്പോൾ കൊച്ചിയിലെ സംഗീതപ്രേമികൾക്ക് അതു നവ്യാനുഭവമായി. നൃത്ത പ്രകടനത്തിന്റെ അകമ്പടിയോടെ അവർ പാടിയ ഓരോ പാട്ടും വൻ ഹർഷാരവത്തോടെയാണു കൊച്ചിയിലെ കാണികൾ സ്വീകരിച്ചത്.

60കൾ മുതല്‍ ലോകപ്രശസ്തമായ പല പോപ് ഗാനങ്ങളും പരിപാടിയ്ക്കു നല്ല മേളക്കൊഴുപ്പേകി. കെനിയയിൽ നിന്നുള്ള 14 പേരടങ്ങുന്ന സംഘത്തിന്റെ ആഫ്രിക്കൻ സംഗീതമായിരുന്നു ഈ നൃത്ത-സംഗീത പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം. മസായി, സാംബൂരു എന്നീ രണ്ടു പ്രധാന ആഫ്രിക്കൻ സംഗീതത്തിന്റെ പാട്ടുകളാണ് പ്രധാനമായും ആലപിച്ചത്. കൊച്ചിയുടെ മനസു കീഴടക്കിയ ടൊക്കാറ്റോ സംഗീതസംഘം വൻ കരഘോഷത്തോടെയാണ് വേദിവിട്ടത്.

ബ്രിട്ടീഷ് എംബസിയുടെ സാംസ്കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടനയു‌ടെ അംഗീകാരമുള്ള ടൊക്കാറ്റോ കൊച്ചിയിലെത്തിയത്. സംഗീത പരിപാടികളിലൂടെ ലഭിയ്ക്കുന്ന പണം സാമൂഹ്യ പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന സംഗീത സംഘടനയാണ് ടൊക്കാറ്റോ. അയർലണ്ടിലെ ആതുരസേവകനും മലയാളിയുമായ ഡോ. സുനിൽ പോൾ രാജാണ് ഈ ഗായകസംഘത്തിനു തുടക്കം കുറിച്ചത്. കേരളതീരത്തും മറ്റു സ്ഥലങ്ങളിലും സുനാമിത്തിരകൾ നാശം വിതച്ചപ്പോൾ സഹായധനം കണ്ടെത്തുന്നതിനായി ബംഗളൂരുവിലും ചെന്നൈയിലും സംഗീത പരിപാടികൾ ടൊക്കാറ്റോ അവതരിപ്പിച്ചിരുന്നു.

ഇന്നു ലോകമെങ്ങും അറിയപ്പെടുന്ന സംഗീത സംഘടനയാണു ടൊക്കാറ്റോ. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരവും ഈ സംഗീത സംഘടനയ്ക്കുണ്ട്. 96 സംഗീതജ്ഞരാണ് ഇന്നു ടൊക്കാറ്റോയ്ക്ക് ഒപ്പമുള്ളത്. കുട്ടികളുടെ പ്രകടനം തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് ഡോ. സുനിൽ രാജ് വെളിപ്പെടുത്തി.