3000 സ്റ്റേജുകൾ യേശുദാസിനൊപ്പം

കോൺഗ്രസ് നേതാവും 1949ൽ തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ കൊച്ചുമകളാണു ഗായിക സുജാതയെന്ന് അറിയാമോ? സുജാതയ്ക്കു രണ്ടു വയസുള്ളപ്പോൾ തമിഴ്നാട്ടിലെ സേലത്തു വച്ചു പിതാവ് മരിച്ചു. അമ്മ ലക്ഷ്മീദേവിയാണു പിന്നീടു സുജാതയ്ക്ക് അച്ഛനും അമ്മയും. കുടുംബവീട്ടിൽ താമസമാക്കിയ സുജാത വളരെ ചെറുപ്രായത്തിൽ തന്നെ സംഗീതപഠനം തുടങ്ങി. നെയ്യാറ്റിൻകര വാസുദേവൻ, ഓച്ചിറ ബാലകൃഷ്ണൻ തുടങ്ങിയവരിൽ നിന്നു സംഗീതം അഭ്യസിച്ച സുജാത കൊച്ചിൻ കലാഭവനിലും സംഗീത പഠനം തുടർന്നു. ഫാ. ആബേൽ എഴുപതുകളുടെ തുടക്കത്തിൽ കലാഭവനിലെ കുട്ടികളെ ചേർത്തു ഗാനമേള ട്രൂപ്പ് ആരംഭിച്ചപ്പോൾ സുജാതയായിരുന്നു പ്രധാന താരം. ‘ ഉണ്ണിക്കിടാങ്ങൾ പിഴച്ച് കാൽവയ്ക്കിലും, കണ്ണിന് കൗതുകം ഉണ്ടാകും പിതാക്കൾക്ക്... ആബേലച്ചൻ രചിച്ച് സുജാത പാടിയ ഈ രണ്ടുവരി പാട്ടോടെയായിരുന്നു ആ ബാലഗാനമേള ആരംഭിക്കുന്നതു തന്നെ.

ഗുരുവായൂർ ക്ഷേത്രത്തിൽ ബന്ധുവിന്റെ മകളുടെ കല്യാണച്ചടങ്ങിനു ഒരുക്കിയ ഗാനമേളയ്ക്കിടയിലാണു നന്നായി പാടുന്ന എട്ടു വയസുകാരി സുജാതയെ ബന്ധു തന്നെ യേശുദാസിനു പരിചയപ്പെടുത്തിക്കൊടുത്തത്. ഉയരമുള്ള സ്റ്റേജിലേക്കു സുജാതയെ രണ്ടു കൈകളിലും പിടിച്ചു കയറ്റിയത് സാക്ഷാൽ ഗാനഗന്ധർവൻ.

യേശുദാസിന്റെ സംഗീതലോകത്തെ 10 വർഷം അതിവിപുലമായി ആഘോഷിക്കാൻ കൊച്ചിൻ കലാഭവൻ എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ ഗ്രൗണ്ടിൽ വേദിയൊരുക്കി. പരിപാടി തുടങ്ങിയ ഉടൻ മഴ തുടങ്ങി. ജനം സ്റ്റേജിലേക്കു കയറാൻ തുടങ്ങി. സ്റ്റേജ് നിലംപൊത്തുമെന്നായി. ആ സമയത്തു സുജാതയെ എടുത്ത് ഓടിയത് യേശുദാസായിരുന്നു. പിന്നീടു സുജാതയുടെ എല്ലാ വളർച്ചയ്ക്കു പിന്നിലും അദ്ദേഹമായിരുന്നു.

ടൂറിസ്റ്റ് ബംഗ്ലാവ് ചിത്രത്തിൽ അർജുനൻമാഷാണു സിനിമയിൽ ആദ്യമായി അവസരം നൽകിയത്. ‘കണ്ണെഴുതി പൊട്ടുതൊട്ട്, കല്ലുമാല ചാർത്തിയപ്പോൾ.. എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും പലരുടെയും ചുണ്ടുകളിലുണ്ട്. അക്കാലത്തെ സൂപ്പർ നായിക ജയഭാരതിക്കുവേണ്ടിയാണ് ആ ഗാനം പാടിയത്. പ്രമുഖ സംഗീത സംവിധായകൻ രാജയെ യേശുദാസ് പരിചയപ്പെടുത്തിയതോടെ തമിഴിലേക്കും സുജാത ചുവടുവച്ചു. 1981ൽ ആയിരുന്നു വിവാഹം. അവരുടെ മകളാണ് ഇന്നു പിന്നണി ഗാനരംഗത്തു മുൻനിരയിലുള്ള ശ്വേത.

പ്രസവത്തോടെ സംഗീതലോകത്തുനിന്നു മാറി നിന്ന സുജാതയുടെ രണ്ടാം വരവിനു കാരണക്കാരനായതു സംവിധായകൻ പ്രിയദർശനാണ്. കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ രാഘവൻ മാസ്റ്റർ ഈണം നൽകിയ നാളെ അന്തിമയങ്ങുമ്പോൾ... സുജാത പാടി. പ്രിയദർശന്റെ ഹിറ്റ് ചിത്രമായ ചിത്രത്തിലെ ‘ദൂരെ കിഴക്കുദിക്കും മാനത്തെ ചെമ്പഴുക്ക... സുജാതയെ ഹിറ്റുകളുടെ റാണിയാക്കി.

എ ആർ റഹ്മാൻ റോജയിൽ പാടിച്ചതോടെ ദക്ഷിണേന്ത്യയിലെ സംഗീതലോകത്തിന് ഒഴിച്ചു കൂടാനാവാത്ത വ്യക്തിത്വമായി സുജാത