അനുരാഗ കരിക്കിൻവെള്ളം

വർഷങ്ങൾ മുൻപ് ഒരു ഓണക്കാലം. ടെലിവിഷനൊന്നും വലിയ പ്രചാരത്തിൽ ആയിട്ടില്ല. സമൂഹത്തിലെ ഓരോ രംഗത്തെയും പ്രമുഖർ തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ അവതരിപ്പിക്കുന്ന പരിപാടിയുണ്ട് ആകാശവാണിയിൽ. ഒരു ദിവസം ഇഷ്ടഗാനങ്ങളുമായി എത്തിയത് നടൻ മമ്മൂട്ടിയാണ്. ഗാനങ്ങളുടെ ആശയം അനുസരിച്ച് ഓരോ മേഖലയിൽനിന്നും തന്റെ പ്രിയഗാനങ്ങൾ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള പ്രണയഗാനമായി അദ്ദേഹം തിരഞ്ഞെടുത്തത് റോസി(1965) എന്ന ചിത്രത്തിൽ ജോബ് മാസ്റ്റർ സംഗീതം നൽകി യേശുദാസ് ആലപിച്ച ‘ അല്ലിയാമ്പൽ കടവില-ന്നരയ്ക്കു വെള്ളം അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻവെള്ളം...എന്ന ഗാനമാണ്.

ജോബ് മാസ്റ്റർ

ഇതു തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനമാകുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. അനുരാഗത്തിനു കരിക്കിൻവെള്ളം പോലെ ഇത്ര യോജിച്ച ഉപമ അദ്ദേഹം ഒരിക്കലും കേട്ടിട്ടില്ല. അതിന്റെ മധുരവും ലഹരിയും എരിവും പുളിപ്പും കുളിരും.... എല്ലാം പ്രണയമെന്ന അനുഭൂതിയോട് ഏറ്റവും അടുത്തുനിൽക്കുന്നു. ഗാനം എഴുതിയ പി.ഭാസ്കരന് ഏറ്റവും സന്തോഷിക്കാം, അദ്ദേഹം ഉദ്ദേശിച്ച അതേ വികാരം ആസ്വാദകനും അനുഭവിക്കുന്നു.

ഇൗ വാലന്റൈൻസ് ദിനത്തിൽ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ഏത് എന്നു പ്രണയിനികൾക്കിടയിൽ കണക്കെടുത്താൽ എത്രയോ വ്യത്യസ്തമായ ഉത്തരങ്ങളാവും ലഭിക്കുക. ഒരാൾക്കു പ്രിയപ്പെട്ട ഗാനം മറ്റൊരാൾക്കു തീരെ ഇഷ്ടമില്ലാത്തത്

ആവാം. ഏറ്റവും ഇഷ്ടമുള്ള പ്രണയഗാനം ഏതെന്ന കണക്കെടുപ്പ് അതുകൊണ്ട് ദുഷ്കരമാവുന്നു. (പ്രിയപ്പെട്ടത് എന്നു പലരും പറഞ്ഞുകേട്ടിട്ടുള്ള ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... എന്ന ഗാനത്തിനു പോലും ഏറെ ഡിസ്ലൈക്കുകൾ യുട്യൂബിൽ കാണാം.) അതുകൊണ്ട് മറ്റൊരു രീതിയിൽ ജനപ്രീതി അളക്കാം. ആർക്കും ഇഷ്ടക്കേടില്ലാത്ത പ്രണയഗാനം ഏതാണ്? നിസ്സംശയം പറയാം ‘അല്ലിയാമ്പൽ കടവിൽ....

പി. ഭാസ്കരൻ

എന്താണ് അല്ലിയാമ്പൽ എന്ന ഗാനത്തിന്റെ ഇത്രവലിയ ജനപ്രീതിക്കു കാരണം? പി. ഭാസ്കരന്റെ അതിമനോഹരമായ രചന ഒന്നാം സ്ഥാനത്തു നിൽക്കുന്നു. മമ്മൂട്ടി അഭിപ്രായപ്പെട്ടതു പോലെ പ്രണയത്തിന്റെ അനുഭൂതി പകരാൻ കരിക്കിൻവെള്ളത്തോളം യോജിച്ച ഉപമ ഇല്ല. നമുക്ക് ലഭ്യമായ ഏറ്റവും ശുദ്ധിയുള്ള പാനീയമാണ് കരിക്കിൻവെള്ളം എന്നതിലൂടെ പ്രണയത്തിന്റെ വിശുദ്ധഭാവം കൂടി പങ്കുവയ്ക്കപ്പെടുന്നു.

പാട്ടിന്റെ ഓരോ വരിയും ഓരോ കാഴ്ചയാവുന്നു എന്ന അനുഭവവും ഉണ്ട്.

... പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ, പെണ്ണേ നിൻകവിളിൽ

കണ്ടു മറ്റൊരു താമരക്കാട്.... എന്തൊരു ഉജ്വലമായ കൽപ്പന. നാണത്തിലും വിസ്മയത്തിലും സ്നേഹത്തിലും ചുവന്നു പോയ ആ മുഖം ആരുടെ പകൽക്കിനാവിലാണു പനിനീർമഴയായ് പൊഴിയാത്തത്?

വരികളുടെ ആത്മാവ് മുഴുവൻ ആവാഹിച്ച സംഗീതമാണു മറ്റൊരു പ്രത്യേകത. അതിനു മുൻപോ പിൻപോ ഇങ്ങനൊരു സംഗീതം ജോബ് മാസ്റ്റർ ചെയ്തിട്ടില്ല. മലയാള സിനിമാ സംഗീതത്തിൽ അദ്ദേഹത്തിന്റെ ഏക സൂപ്പർഹിറ്റ്. എന്തിനേറെ? ഇത്തരം ഒന്നു മതിയല്ലോ. ഏറ്റവും പുതിയ തലമുറയും പുതുമ ചോരാതെ ആവർത്തിച്ചാവർത്തിച്ചു പാടുന്നു. എത്രയോ യുവാക്കളുടെ റിങ്ടോണാണ് ഇന്ന് അല്ലിയാമ്പൽ... യേശുദാസിന്റെ ആലാപന മാധുര്യമാണു മറ്റൊരു സവിശേഷത. അദ്ദേഹത്തിന്റെ ആലാപന ജീവിത്തിൽ വഴിത്തിരിവായ ഗാനമാണിത്. ഇതു പാടാൻ അവസരം കിട്ടിയില്ലായിരുന്നെങ്കിൽ യേശുദാസിന്റെ വളർച്ചയ്ക്ക് ഇത്ര ഗതിവേഗം ആദ്യകാലത്തു ലഭിക്കില്ലായിരുന്നു. പക്ഷേ, ഇൗ ഗാനം പാടാനുള്ള അവസരം അദ്ദേഹത്തിനു ദാനമായി ലഭിച്ചതാണെന്നതാണു കൗതുകം. പാട്ട് പാടാൻ നിശ്ചയിച്ചിരുന്നതും പാട്ട് പഠിച്ചതും അന്നത്തെ പ്രസിദ്ധ ഗായകനായ കെ.പി. ഉദയഭാനു ആയിരുന്നു.

റിക്കോർഡിങ് ദിവസം ആയപ്പോൾ ഉദയഭാനുവിന് ചെറിയ പനി. പാടിയാൽ അത്ര നന്നാകുമെന്ന് ഉറപ്പില്ല. അദ്ദേഹം തന്നെയാണ് അന്നത്തെ പുതുമുഖ ഗായകൻ യേശുദാസിന്റെ പേര് നിർദേശിക്കുന്നത്. സംഗീത സംവിധായകൻ ജോബ് മാസ്റ്ററിന് ഇൗ നിർദേശം സ്വീകാര്യമല്ലായിരുന്നു. പക്ഷേ, റിക്കോർഡിങ്ങിനായി പ്രകാശ് സ്റ്റുഡിയോ ബുക്ക് ചെയ്തിരിക്കുകയാണ്. ‘എനിക്കു സുഖമില്ലാതായത് ഒരു നിമിത്തമായി കണ്ടാൽ മതി. യേശുദാസിന്റെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. തീർച്ചയായും ഇൗ ഗാനത്തിന് ആ സ്വരം ഇണങ്ങും. ഉദയഭാനു തന്റെ ഘനഗംഭീര ശബ്ദത്തിൽ തീർത്തു പറഞ്ഞു.

യേശുദാസിന് നറുക്കുവീണു. പക്ഷേ, യേശുദാസ് ബുദ്ധിമുട്ട് അറിയിച്ചു. മറ്റൊരാൾക്ക് നിശ്ചയിച്ച ഗാനം അയാൾക്ക് അസുഖമായതിന്റെ പേരിൽ താൻ പാടുന്നത് അനൗചിത്യമാണെന്ന് അദ്ദേഹം നിലപാട് എടുത്തു. ഒടുവിൽ ഉദയഭാനു വിളിച്ചു നിർബന്ധിച്ച ശേഷമാണ് യേശുദാസ് പാടാൻ തയാറായത്. അതു യേശുദാസിനു വലിയ ഗുണം ചെയ്തു. പാട്ട് സൂപ്പർഡ്യൂപ്പർ ഹിറ്റായി. അങ്ങനെയാണ് മലയാളത്തിന്റെ മധുരപ്രണയ ശബ്ദമായി യേശുദാസ് അറിയപ്പെടാൻ തുടങ്ങിയത്. (പിന്നീട് ‘ലൗഡ് സ്പീക്കർ എന്ന ചിത്രത്തിൽ മകൻ വിജയ് യേശുദാസും ഇൗ ഗാനം പാടി.)

‘അല്ലിയാമ്പൽ കൈവിട്ടുപോയതിൽ സങ്കടമുണ്ടോ? 2006ൽ മനോരമയ്ക്കുവേണ്ടി ഇന്റർവ്യു ചെയ്യുമ്പോൾ ഉദയഭാനുവിനോട് ചോദിച്ചു. ‘ഒരിക്കലുമില്ല. ഓരോ പാട്ടും ഓരോരുത്തർ പാടണമെന്നു നിയോഗം ഉണ്ട്. അത് യേശുദാസിന്റെ പാട്ടായിരുന്നു. മാത്രമല്ല, ഞാൻ പാടിയിരുന്നെങ്കിൽ ഇത്രമാത്രം പ്രണയം വരില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. തീർച്ചയായും ഇത് ഒരു ഭംഗിവാക്കല്ല. കാരണം, ഉദയഭാനു സംഗീതം നൽകിയ സമസ്യ(1976) എന്ന ചിത്രത്തിലെ‘കിളി ചിലച്ചു... എന്ന പ്രണയഗാനം അദ്ദേഹം പാടിച്ചത് യേശുദാസിനെക്കൊണ്ടാണ്.

അല്ലിയാമ്പൽ കടവ്... പുറത്തിറങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു, അനുരാഗം എന്ന വികാരം കാലാനുസൃതമായി എത്രയോ മാറിയിരിക്കുന്നു. എന്നിട്ടും ആ അനുഭൂതിക്കുള്ളിലെ രസം ഇന്നും കരിക്കിൻവെള്ളത്തിന്റേതു തന്നെ. ആനുരാഗത്തിൽനിന്നു ലഹരി ചോരാത്തിടത്തോളം കാലം ഇൗ ഗാനം മലയാളിയുടെ വലിയ പ്രണയഗൃഹാതുരത ആയിരിക്കും.

നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനം ഏത് ?