അനുരാഗം പലരാഗം

ഗോപി സുന്ദർ, എം. ജയചന്ദ്രൻ, രമേഷ് നാരായണൻ

രമേഷ് നാരായണൻ, എം. ജയചന്ദ്രൻ, ഗോപി സുന്ദർ - മൂന്ന് ഈണങ്ങളിൽ ഒരു സിനിമ.

മൂന്നു സംഗീത സംവിധായകരുടെ പാട്ടുകളാണ് 'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമയ്ക്കൊപ്പം ശ്രദ്ധേയമായത്. ഏഴു പാട്ടു റെക്കോഡ് ചെയ്തെങ്കിലും സിനിമയിൽ നാലെണ്ണമേ ഉപയോഗിച്ചിട്ടുളളൂ. ഇതിൽ കണ്ണോണ്ടു കണ്ടത്..., കാത്തിരുന്നു കാത്തിരുന്ന്... എന്നീ ഗാനങ്ങൾക്ക് എം ജയചന്ദ്രനും ശാരദാംബരം ചാരു ചന്ദ്രികാ... എന്ന ഗാനത്തിന് രമേഷ് നാരായണനുമാണ് ഈണമിട്ടത്. എന്റെ എല്ലിനാൽ പടച്ച പെണ്ണ് ... എന്ന ഗാനവും പാശ്ചാത്തല സംഗീതവും ഗോപിസുന്ദറും.

സിനിമയുടെ ആലോചനാഘട്ടത്തിൽ എല്ലാ ഗാനങ്ങളും രമേഷ് നാരായണൻ ചെയ്യാനായിരുന്നു തീരുമാനം. അതനുസരിച്ച് അഞ്ച് ഈണങ്ങൾ അദ്ദേഹം തയാറാക്കി. മൊയ്തീന്റെ പ്രണയവും കാഞ്ചന മാലയുടെ കാത്തിരിപ്പും ചിത്രീകരിക്കുന്ന രണ്ടു ഗാനങ്ങൾ‌ വ്യത്യസ്ത രീതിയിലാക്കാൻ മറ്റൊരു സംഗീതസംവിധായകനെ ആലോചിച്ചാലോ എന്നും അത് ജയചന്ദ്രനെ ഏൽപ്പിച്ചാലോ എന്നും ആശയമുണർന്നു. നടൻ പൃഥ്വിരാജ് ജയചന്ദ്രനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. വിളിച്ചതിൽ സന്തോഷമുണ്ടെങ്കിലും താൻ ഏറെ ബഹുമാനിക്കുന്ന സംഗീതജ്ഞനായ രമേഷ് നാരായണൻ ആവശ്യപ്പെട്ടാൽ മാത്രമേ താനിതു ചെയ്യൂ എന്നായി ജയചന്ദ്രൻ.

രണ്ടു ദിവസം കഴിഞ്ഞു രമേഷ് നാരായണൻ, ജയചന്ദ്രനെ വിളിക്കുകയും മൂന്നു പാട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജയചന്ദ്രൻ സസന്തോഷം അതു സ്വീകരിച്ചു. മൂന്നു ഗാനങ്ങൾ ഒരുക്കി. ടൈറ്റിൽ സോങ് ആയി ചെയ്ത ഗാനം സിനിമയിൽ ഉപയോഗിച്ചില്ല. ശ്രേയാ ഘോഷാലും വിജയ് യേശുദാസും പാടിയ ഗാനങ്ങൾ കേരളം ഏറ്റുപാടുകയും ചെയ്തു.

ചെമ്പഴന്തി എസ്.എൻ കോളേജില്‍ പഠിക്കുന്ന കാലത്തു കൂട്ടുകാരുമായി പാടിനടന്നിട്ടുളെളാരു ചങ്ങമ്പുഴക്കവിത സിനിമയിൽ ഉള്‍പ്പെടുത്താനുള്ള ആശയം സംവിധായകൻ ആർ.എസ് വിമലിന്റേതായിരുന്നു. അതാണു ശാരദാംബരം. ചിത്രത്തിലെ നാടകാവതരണ സീനിൽ പൃഥ്വിരാജും പെൺവേഷമിട്ട കരമന സുധീറും ഈ പാട്ടു പാടിയാണ് അഭിനയിക്കുന്നത്.

കവിതയ്ക്ക് ആദ്യം ഹിന്ദുസ്ഥാനി ശൈലിയിലുളള ഈണമാണു രമേഷ് നാരായണൻ ഒരുക്കിയിരുന്നത്. നാടകഗാനംപോലെ വേണമെന്നു പറ‍ഞ്ഞതിനെത്തുടർന്ന് ഈണം മാറ്റുകയും നമ്മൾ ഇപ്പോൾ കേൾക്കുന്ന ശാരദാംബരം പിറവിയെടുക്കുകയുമായിരുന്നു. ഇതുൾപ്പെടെ മൂന്നു ഗാനമാണു രമേഷ് നാരായണൻ ഒരുക്കിയത്. ശാരദാംബരം മാത്രമേ സിനിമയിൽ ഉപയോഗിച്ചുളളൂ. ക്യാംപസുകളിൽ പ്രിയമുളള റിങ് ടോണായി ശാരദാംബരം മാറി.

സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ സമാന്തരമായി ഗാനങ്ങളും തയാറാക്കുകയായിരുന്നു. ചിത്രത്തിന്റെ അവസാനഭാഗത്തു സൂഫി സംഗീതം വേണമെന്നു തോന്നിയപ്പോഴാണ് ഗോപിസുന്ദറിനെക്കൊണ്ടു പാട്ടു തയാറാക്കിച്ചത്. ഗോപി സുന്ദർ തന്നെയാണു ചിത്രത്തിന്റെ പാശ്ചാത്തല സംഗീതവും ഒരുക്കിയത്.