Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം മാത്രം...ഹൃദയം കവർന്ന ദുൽക്കർ ഗാനം!

mazhaye-thoomazhaye

പ്രണയം മഴപോലെ പെയ്തിറങ്ങുന്ന പാട്ട്. മഴയുടെയും പ്രണയത്തിന്റെയും സംഗീതാനുഭവമാകുന്ന ഗാനം. കണ്ണടച്ചിരുന്നു കേട്ടാൽ കരളിലണിയാം, വാനം തൂവുന്ന പ്രണയ തൂമഴയുടെ പൂങ്കുളിര്... 2013ലെ മികച്ച അഞ്ചു മലയാള ചലച്ചിത്രഗാനങ്ങളിൽ ഒന്നായി ഒരു ദിനപ്പത്രത്തിന്റെ വാർഷിക വിലയിരുത്തലിൽ തിരഞ്ഞെടുക്കപ്പെട്ട ഗാനം. മലയാളത്തിലെ മുതിർന്ന ഛായാഗ്രാഹകരിൽ ഒരാളായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടം പോലെ’ എന്ന ചിത്രത്തിലേതാണ്‌ ഹരിചരണും മൃദുല വാര്യരും ചേർന്ന് ആലപിച്ച ഈ ഗാനം. സന്തോഷ് വർമ്മ രചിച്ച പാട്ടിന് സംഗീതമൊരുക്കിയത് എം.ജയചന്ദ്രൻ.

മഴ തന്നെ ഒരു അനുഭവമാണ്. സിനിമയിൽ മഴ ബിംബമായും കഥാപാത്രമായും കടന്നുവരുമ്പോൾ, പ്രണയവും വിരഹവും മഴയോടൊപ്പം പെയ്തിറങ്ങുമ്പോള്‍, പ്രേക്ഷക മനസ്സില്‍ വികാരങ്ങൾ പേമാരിയായി  മാറും. ഹരിഹരൻ, ഭരതൻ, പത്മരാജൻ, ലെനിൻ രാജേന്ദ്രൻ, കമല്‍, ജയരാജ്, ലാൽ ജോസ്, ഇങ്ങനെ മഴയെ സിനിമയിലെയും ഗാനത്തിലെയും ത്രസിപ്പിക്കുന്ന സാന്നിധ്യമാക്കുന്ന സംവിധായകർ ഒട്ടേറെയാണ്. പിറവി, തൂവാനത്തുമ്പികൾ, മഴ, പെരുമഴക്കാലം, വൈശാലി, സുന്ദരകില്ലാടി... പോലെ മഴ സാന്ദ്രസാന്നിധ്യമായ ചിത്രങ്ങൾ. ‘പനിനീർമഴ തേൻമഴ...’ (ഭൂമി ദേവി പുഷ്പിണിയായി, 1986) മുതൽ ‘പ്രണയമണി തൂവൽ കൊഴിയും ...’ (അഴകിയ രാവണ൯, 1996) വരെ എത്രയെത്ര ഗാനങ്ങൾ. 

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ അഴകപ്പൻ ഒരുക്കിയ പ്രണയ മഴക്കാഴ്ചകൾ പാട്ടുപോലെ വ്യത്യസ്തം. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ മാളവിക മോഹനാണു നായിക. വിഖ്യാത ഇറാനിയന്‍ സംവിധായകൻ മജീദ് മജീദി ഇന്ത്യയിൽ ചിത്രീകരിക്കുന്ന ‘ബിയോണ്ട് ദ ക്ലൗഡ്സി’ൽ മാളവിക പിന്നീട് നായികയായി. കാൾട്ടൻ ഫിലിംസിന്റെ ബാനറിൽ കരുണാകരന്‍ നിർമ്മിച്ച ‘പട്ടം പോലെ’ 2013 ഒക്ടോബർ 11നാണു പ്രദർശനത്തിനെത്തിയത്.

ബ്രഹ്മണനായ കാർത്തിക്, ക്രിസ്ത്യാനിയായ റിയ... ഇവരുടെ പ്രണയം, ഒളിച്ചോട്ടം, വേർപിരിയല്‍, പുനസ്സമാഗമം ഇതാണു ചിത്രത്തിന്റെ ഇതിവൃത്തം. ‘കണ്ണിൽ കണ്ണിലൊന്നു ...’ എന്ന ഗാനത്തിൽ പറയുന്നപോലെ ‘കൂട്ടുകൂടി നെയ്ത കൂട്ടിൽ ഒന്നുചേർന്നു...’ ഒരു നൂലിൽ മാനത്ത് പാറിക്കളിക്കുന്ന പട്ടം പോലെ പായുന്ന അവരുടെ പ്രണയനാളുകൾ കുട്ടനാടിലെ മഴക്കാഴ്ചകൾക്കൊപ്പം ചിത്രം വരച്ചു കാട്ടുന്നു.

മലയാള സിനിമയിലെ മഴപാട്ടുകളുടെ ബ്രാൻഡ് അംബാസഡറായ എം.ജയചന്ദ്രനാണു ഗാനത്തിനു സംഗീതമൊരുക്കിയത്. മഴയെ പ്രണയവുമായി ചേർത്തുതീർക്കുന്ന ഭാവങ്ങളുടെയും വികാരങ്ങളുടെയും ജുഗൽ ബന്ദിയാണ് ഈ പാട്ട്. പെരുമഴക്കാലത്ത് എന്ന സിനിമയുടെ ആത്മാവായ മഴപ്പാട്ടുകൾക്കു ഈണമിട്ട, ഏറെ മഴപ്പാട്ടുകൾ ആലപിച്ച, ജയചന്ദ്രന്റെ വ്യത്യസ്തമായ ഈണമാണ് മഴയേ തൂമഴയേ എന്ന ഗാനം.

ഗാനരചയിതാവെന്ന നിലയിൽ ഏറെ സംതൃപ്തി തന്ന ഗാനമെന്നാണ് സന്തോഷ് വർമ്മ ഈ ഗാനത്തെക്കുറിച്ചു പറഞ്ഞത്. ഒരു തമിഴ് ബ്രാഹ്മണയുവാവും ക്രിസ്ത്യൻ പെൺകുട്ടിയുമായുള്ള പ്രണയം പറയാൻ സംവിധായകന്റെ മനസ്സറിഞ്ഞു ഗാനമെഴുതാൻ കഴിഞ്ഞു. അങ്ങനെയാണു കാമുകീകാമുകർ ഗാനത്തിൽ കാതലനും കാതലിയുമായത്.

അവന്റെ പെയ്തിറങ്ങുന്ന ഓര്‍മയിൽ പീലിനീര്‍ത്തിയ കാതലി...മുത്തിളം തുള്ളികളിൽ അവൾ കണ്ട കാതലൻ... തൂമഴയോടും വാനം തൂവുന്ന പൂങ്കുളിരിനോടും കാതലിയെ തിരയുന്ന കാതലൻ പഴയ സന്ദേശ കാവ്യങ്ങളിലെ പ്രണയസങ്കേതങ്ങളുടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പുതിയ കാഴ്ച.

മഴയേ തൂമഴയെ

വാനം തൂവുന്ന പൂങ്കുളിരെ

കണ്ടുവോ എന്റെ കാതലിയെ

നിറയെ കണ്‍നിറയെ

പെയ്തിറങ്ങുന്നോ ഓര്‍മയിലേ

പീലി നീര്‍ത്തിയ കാതലിയെ

മയിൽച്ചേലുളള പെണ്ണിനൊപ്പം മഴയും മയിലും മിഴിയും മനവും വാനവും പൂങ്കുയിലും പൂങ്കുളിരും കഥയും കനിയും കണവും പോലെയുള്ള പഴയകാല പ്രണയഗാന കല്‍പ്പനകൾ കൊണ്ടുതന്നെ വ്യത്യസ്തമായ പുതിയ സംഗീതത്തിലൂടെ കുട്ടനാടിന്റെ മഴകുളിരിനെ പ്രണയതീഷ്ണമാക്കുന്നു. പ്രണയം കുട്ടനാടിനോട് ചേർന്നു കതിരാടുമ്പോൾ അതിനൊരു ചേലും ചന്തവുമുണ്ട്.

നീയറിഞ്ഞോ നീയറിഞ്ഞോ

നീ എന്റെതാണെന്നു നീയറിഞ്ഞോ

മഴക്കാലം എനിക്കായീ

മഴ ചേലുള്ള പെണ്ണേ നിന്നെ തന്നേ

മിഴി നോക്കി മനമാകെ

കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ

പറയാനും വയ്യ പിരിയാനും വയ്യ

പലനാളും ഉറങ്ങാന്‍ കഴിഞ്ഞില്ല

ഓർക്കാതെ തന്നെ ഉള്ളിൽ വിരിഞ്ഞ, മലർമാസം അറിയാതെ പൂക്കളായ് പൂത്ത, മലരുകൾ തോറും കണിയായി കണ്ട, കഥയോ കനവോ അല്ലാത്ത, ഒരുനാളും മറക്കാൻ കഴിയാത്ത പെണ്ണ്....

നീ വിരിഞ്ഞോ നീ വിരിഞ്ഞോ

ഞാനോര്‍ക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ

മലര്‍ മാസം അറിയാതെ

മലരായിരം എന്നില്‍ പൂത്തിരുന്നെ

മലര്‍ തോറും കണിയായ്

ഞാന്‍ കണ്ടത് നിന്നെ ആയിരുന്നെ

കഥയാണോ അല്ല കനവാണോ അല്ല

ഒരു നാളും മറക്കാന്‍ കഴിഞ്ഞില്ല

കർണാടക സംഗീതജ്ഞനും റെക്കോർഡിങ് ആർട്ടിസ്റ്റും ഗായകനുമായ ഹരിചരൺ ആണ് അവസാന നാലുവരിയൊഴികെ ഗാനം ഭാവതീവ്രമായി ആലപിച്ചിരിക്കുന്നത്. ഇളയരാജയുടെയും മകൻ യുവൻ ശങ്കർ രാജയുടെയും ഹാരിസ് ജയരാജിന്റെയുമൊക്കെ ഇഷ്ടഗായകരിലൊരാളായ ഹരിചരണിന്റെ പ്രണയസാന്ദ്രമായ ഈ മഴപ്പാട്ട് കേട്ടേറെക്കഴിഞ്ഞാലും മരം പെയ്യുന്നപോലെ മനസ്സിൽ സംഗീതം പൊഴിച്ചുകൊണ്ടിരിക്കും.

മഴയേ.. തൂമഴയേ 

നിൻറെ മുത്തിളം തുള്ളികളിൽ 

കണ്ടു ഞാനെൻറെ കാതലനെ 

കാത്തിരുന്നതാണിന്നു വരെ...

താൻ കാത്തിരുന്ന കാതലനെ തൂമഴയുടെ മുത്തിളം തുള്ളികളിൽ കണ്ടെത്തുന്ന കാതലി ... അവസാന നാലുവരി ഹൃദ്യമായി പാടിയ മൃദുല വാര്യരുടെ തുറന്ന ആലാപനത്തിന്റെ വൈദഗ്ധ്യവും വൈശിഷ്ട്യവും ഈ ഗാനത്തിലും ആസ്വദിക്കുന്നു.

സിനിമയും സിനിമാപ്പാട്ടും മിക്കപ്പോഴും കാഴ്ചയുടെ ആഘോഷമായി മാറിയ പുതിയ കാലത്ത് ഈ ഗാനത്തിന്റെ വ്യത്യസ്ഥമായ സംഗീതവും ആലാപനവും ലളിതമായ വരികളുടെ ഭാവതലത്തിലെ ആസ്വാദനം സാധ്യമാക്കുന്നു. ഓരോ കാഴ്ചയും ഓരോ കേൾവിയും പ്രണയത്തിന്റെയും സംഗീതത്തിന്റെയും ഓരോ വ്യത്യസ്ത അനുഭവമാകുന്നു.

ഗാനരചന: സന്തോഷ് വർമ്മ 

സംഗീതം: എം ജയചന്ദ്രൻ

ആലാപനം: ഹരിചരൺ, മൃദുല വാര്യർ

സിനിമ: പട്ടം പോലെ (2013)

സംവിധാനം: അഴകപ്പന്‍