മിഴിയോരം നനഞ്ഞൊഴുകും...

ഫാസിൽ

സംവിധായകൻ ഫാസിൽ മിഴിയോരം എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിലെ കഥ പറയുന്നു: സിനിമയിലെ ഗാനരംഗത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ ഞാൻ സംഗീത സംവിധായകനെ കൂടെ കൂട്ടാറുണ്ട്. അത് ഇന്നും തുടരുന്നു. മാപ്പിളപ്പാട്ടിന്റെ രീതി അല്ലെങ്കിൽ തിരുവാതിര, സെമി ക്ലാസിക് സ്റ്റൈൽ എന്നിങ്ങനെ വേണം പാട്ട് എന്നു പറയാറുണ്ട്. ചിലപ്പോൾ താമസമെന്തേ വരുവാൻ എന്ന പാട്ടിന്റെ രാഗത്തിൽ, അല്ലെങ്കിൽ സാഗരമേ ശാന്തമാകൂ നീ എന്ന രാഗത്തിൽ എന്നൊക്കെ. അതു സംഗീത സംവിധായകനു കൊടുക്കുന്ന ഒരു ടിപ്പാണ്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ മിഴിയോരം എന്ന പാട്ടിന്റെ ചർച്ചയിൽ ഞാൻ ജെറി അമൽദേവിനോടു പറഞ്ഞത് പിന്നെ ഒരിക്കലുംഒരിടത്തും എനിക്കു പറയേണ്ടിവന്നിട്ടില്ല ഇന്നും അതാരും അറിഞ്ഞിട്ടുമില്ല. എന്നെ വളരെ സ്വാധീനിച്ച ഒരു പാട്ടാണു താജ്മഹൽ എന്ന സിനിമയിൽ മുഹമ്മദ് റാഫി പാടിയ ജോബാത്ത് തുജുമേഹേ എന്നു തുടങ്ങുന്നത്.

ആ പാട്ടിനെ ഞാൻ സ്നേഹിക്കാനുള്ള പ്രധാന കാരണം ആ പാട്ടിന്റെ ഓർക്കസ്ട്രേഷനാണ.് ഹൃതിക് റോഷന്റെ മുത്തച്ഛൻ ആണ് ആ പാട്ടു ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാളികൾക്ക് അന്നുവരെ തീരെ പരിചയമില്ലാത്ത ഹിന്ദുസ്ഥാനി സംഗീത ഉപകരണങ്ങളായ സിത്താറും സരോദുമാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. ആ പാട്ടു കൊടുത്തിട്ടു ഞാൻ ജെറിയോടു പറഞ്ഞത് ഈ പാട്ടിന്റെ ഓർക്കസ്ട്രേഷൻ എനിക്കൊരു പാട്ടുവേണമെന്നാണ്. മിഴിയോരത്തിന്റെ റിക്കോർഡിങ്ങിനു മുംബൈയിൽ നിന്നു സിത്താറും സരോദും വരുത്തി. അവയുടെ മനോഹരമായ സമ്മേളനമാണ് ആ പാട്ടിനെ വേറിട്ടു നിർത്തുന്നത്. അതു കൊടൈക്കനാലിലെ നല്ല മഞ്ഞുള്ള ദിവസം പൂർണിമ ജയറാമിനെയും ശങ്കറിനെയും വച്ചു ചിത്രീകരിച്ചു

എന്റെ ആദ്യ സിനിമയാണത്. നവോദയ നിർമിച്ച (1980) ആ സിനിമയിലൂടെയാണു പൂർണിമ ജയറാമും ശങ്കറും മോഹൻലാലും ആദ്യമായി മലയാളത്തിലെത്തുന്നത്. ബിച്ചു തിരുമലയുടെ മനോഹരമായ രചനകളിലൊന്നാണു മിഴിയോരം..

മിഴിയോരം നനഞ്ഞൊഴുകും

മുകിൽ മാലകളോ നിഴലോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ(2)

ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ

പനിനീരിലെൻ ഹൃദയം നിലാവായ്

അലിഞ്ഞുപോയ്(2)

അതുപോലുമിനി നിന്നിൽ വിഷാദം പകർന്നുവോ

മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ(മിഴിയോരം)

താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ

എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം

ഞാനൊതുങ്ങിടാം(2)

അഴകേ.. അഴകേറുമീ വനാന്തരം

മിഴിനീരു മായ്ക്കുമോ

മഞ്ഞിൽവിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ

(മിഴിയോരം...)