അണയാത്ത ദീപമാണച്ഛൻ

ഗായിക കെ.എസ് ചിത്ര പറയുന്നു: ‘‘നല്ല പാട്ടു പാടിക്കഴിഞ്ഞാൽ ആളുകൾ അഭിനന്ദിക്കുമ്പോഴാണ് ഏറ്റവും സന്തോഷം. എങ്കിലും ചില പാട്ടുകൾ കേൾക്കുമ്പോഴും പാടുമ്പോഴും മനസിൽ ഒരു സങ്കടം തോന്നും. സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം എന്ന പാട്ടു പാടിയപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. പൊതുവേ ശോകഗാനങ്ങൾ പാടുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ തോന്നാറുണ്ട്. പക്ഷേ, ഈ പാട്ടു പാടിയപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ പെട്ടെന്ന് അച്ഛനെ ഓർത്തു. അച്ഛനാണ് എന്നെ ഗായികയാക്കിയത്. സംഗീതത്തിലെ ആദ്യ ഗുരു അച്ഛനാണ്. അച്ഛൻ പാടുമായിരുന്നു. പക്ഷേ ഗായകനായി അറിയപ്പെടാൻ ഭാഗ്യമുണ്ടായില്ല.

അച്ഛനു കവിളിൽ കാൻസറായിരുന്നു. ഞാൻ ഓരോ തവണയും പാടാൻ പോകുമ്പോൾ വേദന കടിച്ചു പിടിച്ച് അച്ഛൻ എന്റെ കൂടെ വന്നു. അതിന് അച്ഛന് ഒരു ന്യായീകരണമുണ്ടായിരുന്നു. ‘ഓരോരുത്തർ ചാൻസ് കിട്ടാതെ ബുദ്ധിമുട്ടുന്നു. നിനക്കു കിട്ടിയ ചാൻസ് നഷ്ടപ്പെടാതെ നോക്കണം.

‘ ഇളയരാജയും ശ്യാം സാറുമൊക്കെ എപ്പോഴും പറയും, ചിത്രയെ കാണുമ്പോൾ കൂടുതൽ ഓർമ വരുന്നത് ചിത്രയുടെ അച്ഛനെയാണ്’ ന്ന്. അച്ഛൻ വളരെ സോഫ്റ്റായ മനുഷ്യനായിരുന്നു. ആരോടും എതിർത്തു സംസാരിക്കില്ല. ആരെന്തു പറഞ്ഞാലും അനുസരിക്കും. അച്ഛനും അമ്മയും അമ്മൂമ്മയും മരിക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്നു. അച്ഛൻ മരിക്കുമ്പോൾ അച്ഛന്റെ ബെഡ്ഡിൽത്തന്നെ ഞാൻ ഇരിക്കുകയായിരുന്നു. അതിന്റെ തലേന്നു ഞാൻ മദ്രാസിൽ നിന്നു വന്നതാണ്. അതുകൊണ്ട് അതുവരെയുള്ള വിശേഷങ്ങളെല്ലാം ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അച്ഛൻ എല്ലാം മൂളിക്കേട്ടു. പെട്ടെന്ന് എന്റെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ടു മരിച്ചു. കയ്യിലെ ആ മുറുകിപ്പിടിത്തം എനിക്കിപ്പോഴും അനുഭവപ്പെടുന്നു.’’

‘ സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം എഴുതി വിദ്യാസാഗർ ഈണമിട്ടതാണ് ഈ ഗാനം.

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ

അച്ഛനെയാണെനിക്കിഷ്ടം

ഞാനൊന്ന് കരയുമ്പോൾ അറിയാതെയുരുകുമെൻ

അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്)

കല്ലെടുക്കും കളിത്തുമ്പിയെപ്പോലെ

ഒരുപാടുനോവുകൾക്കിടയിലും

പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ

പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ (സൂര്യനായ്)

എന്നുമെൻ പുസ്തത്താളിൽ മയങ്ങുന്ന

നന്മതൻ പീലിയാണഛൻ (എന്നുമെൻ)

കടലാസുതോണിയെപ്പോലെന്റെ ബാല്യത്തിൽ

ഒഴുകുന്നൊരോർമ്മയാണച്ഛൻ

ഉടലാർന്ന കാരുണ്യമച്ഛൻ

കൈവന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്)

അറിയില്ലെനിക്കേതുവാക്കിനാലച്ഛനെ

വാഴ്ത്തുമെന്നറിയില്ലയിന്നും (അറിയില്ലെനിക്കേതു)

എഴുതുമീസ്നേഹാക്ഷരങ്ങൾക്കുമപ്പുറം

അനുപമസങ്കൽപമച്ഛൻ

അണയാത്തദീപമാണച്ഛൻ

കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്)