‘ആയിരം പാദസരങ്ങൾ കിലുങ്ങി’; ശരത് വയലാർ

വയലാർ ശരത്ചന്ദ്രവർമ്മ

അന്ന് ഞാൻ രാജഗിരി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. ഹോസ്റ്റലിലായിരുന്നു താമസം. ഒരു ദിവസം അച്ഛൻ മദ്രാസിൽ നിന്നു വന്ന സമയത്ത് എന്നെ കാണാൻ ഹോസ്റ്റലിലെത്തി. എന്നെയും കൂട്ടിക്കൊണ്ട് ആലുവാ ഗസ്റ്റ് ഹൗസിലേക്ക് പോയി. ‘നദി എന്ന സിനിമയിക്കു വേണ്ടി പാട്ടെഴുതാൻ അച്ഛൻ അവിടെ താമസിക്കുകയായിരുന്നു. പഴയ രാജകൊട്ടാരമാണ് ‘ആലുവാ ഗസ്റ്റ് ഹൗസ്‘. അവിടുത്തെ ഗതകാല പ്രതാപത്തിന്റെ അന്തരീക്ഷം . ഗസ്റ്റ് ഹൗസിന്റെ മുറിയിലിരിക്കുമ്പോൾ കൽപടവുകൾക്കു താഴെ ഒഴുകിപ്പോകുന്ന ആലുവാപ്പുഴ കാണാമായിരുന്നു. പുഴയിലേക്ക് ഇടയ്ക്ക് കണ്ണുനട്ടിരുന്ന് അച്ഛൻ ഒരു പാട്ടിന്റെ വരികൾ കുറിക്കുന്നതു ഞാൻ കണ്ടു. വെള്ളക്കടലാസിൽ വെട്ടിത്തിരുത്തിയെഴുതി ഭംഗിയാക്കിയ വരികൾ ഞാൻ വായിച്ചു. ‘ ആയിരം പാദസരങ്ങൾ കിലുങ്ങി... ആലുവാപ്പുഴ പിന്നെയുമൊഴുകി..

വർഷങ്ങളെത്ര കടന്നുപോയി. പക്ഷേ ഇന്നും എന്നെ ഏതോ ഗൃഹാതുകരത്വത്തിലേക്കു കൊണ്ടുപോകും ആ പാട്ട്. ആ ഒരു പാട്ടു മാത്രമേ അച്ഛനിരുന്ന് എഴുതുന്നതായി ഞാൻ നേരിട്ടു കണ്ടിട്ടുള്ളൂ

എന്തു സംഭവിച്ചാലും ജീവിതമെന്ന നദി ഒഴുകിക്കൊണ്ടിരിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ആ പാട്ടെനിക്ക്. അച്ഛന്റെ മരണം പോലെ. ആരു മരിച്ചാലും ആര് ഇല്ലാതായാലും ജീവിതം ആർക്കു വേണ്ടിയും കാത്തു നിൽക്കുന്നില്ല. ചിലപ്പോൾ കുറച്ചുനേരം ഒന്ന് നിശ്ചലമായേക്കാം. വേഗം കുറഞ്ഞേക്കാം.. പിന്നെയും ജീവിതം അതിന്റെ ഒഴുക്കു തുടരുന്നു. എല്ലാം ആ പാട്ടിലുണ്ട്. പ്രണയം, മരണം, വേർപാട്...

വർഷങ്ങൾക്കു ശേഷം വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയ്ക്ക് പാട്ടെഴുതാനായി ഞാൻ ആലുവാ ഗസ്റ്റ് ഹൗസിലെത്തി ഞാനവിടെ രാത്രിയിൽ തനിച്ചായിരുന്നു. മുന്നിൽ ആലുവാപ്പുഴ ഒഴുകിക്കൊണ്ടിരിക്കുന്നു. പഴയ കൊട്ടാരത്തിന്റെ നിശബ്ദമായ മുറികൾ. ആ നിലയിൽ ഒറ്റയ്ക്കായിരുന്നു ഞാൻ. ഓർമകളുറങ്ങുന്ന പഴയ രാജകൊട്ടാരം. ഭയം തോന്നിക്കുന്ന ഏകാന്തതയായിരുന്നു അവിടെ. അപ്പോഴും മനസിലുണ്ടായിരുന്നു കുട്ടിയായിരുന്നപ്പോൾ ഞാൻ കണ്ട ദൃശ്യം.. ജനാലയ്ക്കപ്പുറം ഒഴുകുന്ന ആലുവാപ്പുഴയിലേക്ക് നോക്കിയിരുന്ന് കവിത കുറിക്കുന്ന അച്ഛന്റെ രൂപം.. ഇന്നും എനിക്ക് കരയാൻ തോന്നുമ്പോൾ, ഒന്നു വിതുമ്പാൻ തോന്നുമ്പോൾ ഞാൻ കേൾക്കാനാഗ്രഹിക്കുന്ന പാട്ടാണത്.

ചിത്രം : നദി (1969)

സംഗീതം : ദേവരാജൻ

രചന : വയലാർ

പാടിയത് : യേശുദാസ്

ആയിരം പാദസരങ്ങൾ കിലുങ്ങി

ആലുവാപ്പുഴ പിന്നെയുമൊഴുകി

ആരും കാണാതെ ഓളവും തീരവും

ആലിംഗനത്തിൽ മുഴുകി.. മുഴുകി

ഈ നിലാവും ഈ കുളിൽ കാറ്റും

ഈ പളുങ്കു കൽപടവുകളും

ഓടിയെത്തും ഓർമകളിൽ ഓമലാളിൻ ഗദ്ഗദവും

ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി

ഈറനായ നദിയുടെ മാറിൽ

ഈ വിടർന്ന നീർക്കുമിളകളിൽ

വേർപെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ

ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി