'അകലേ അകലേ' മലയാളി പാടാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട്

അകലേ അകലേ നീലാകാശം എന്ന മലയാളിയുടെ  പ്രിയ യുഗ്മഗാനത്തിന് അമ്പത് വയസ്സ്.

അകലേ ... അകലേ ... നീലാകാശം …

ഉച്ചസ്ഥായിയിൽ അകലേ ആകാശത്തെ തൊട്ടുതുടങ്ങി, തീരുവോളം പ്രണയാർദ്രമായി കൂടെക്കൂട്ടുന്ന ഗാനം. നാളിതുവരെയുള്ള മലയാളസിനിമയിലെ മികച്ച യുഗ്മഗാനങ്ങളിൽ ഒന്ന്. വേദനയൂറുന്ന സുഖമോ നെഞ്ചിൽ തൊടുന്ന സുഖനൊമ്പരമോ ആയി വല്ലാത്ത വശ്യതയുള്ള ഈ പാട്ടു മലയാളി കേൾക്കന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടു പിന്നിടുന്നു

അകലെ....അകലെ... നീലാകാശം

ആ ആ ആ.... 

അകലെ അകലെ നീലാകാശം

അലതല്ലും മേഘതീർഥം

അരികിലെൻറെ ഹൃദയാകാശം

അലതല്ലും രാഗതീർഥം

അകലേ...നീലാകാശം

1968 സെപ്തംബറിൽ റിലീസായാ 'മിടുമിടുക്കി' എന്ന സിനിമയിലേതാണ്  ശ്രീകുമാരൻ തമ്പി രചിച്ച് ബാബുരാജ്‌ ഈണമിട്ട് യേശുദാസും എസ് ജാനകിയും ചേർന്നുപാടിയ പ്രണയമാനസങ്ങൾക്കു പ്രിയതരമായ ഈ യുഗ്മഗാനം. മിന്നാമിനുങ്ങിൽ (1957) സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ബാബുരാജ്, പി ഭാസ്കരനും (250), വയലാര്‍ രാമവർമ്മയും (125) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്കു ഈണമിട്ടത് ശ്രീകുമാരൻ തമ്പിയോടൊപ്പം (62) ആയിരുന്നു. 

മിടുമിടുക്കിയിൽ ആകെ അഞ്ചു ഗാനങ്ങൾ. അഞ്ചും പാടിയത്‌ യേശുദാസ്, എസ്.ജാനകി, പി.സുശീല എന്നിവരായിരുന്നു. യേശുദാസ് പാടിയ പൊന്നും തരിവള..., ദൈവമെവിടെ..., പൈനാപ്പിൾ പോലൊരു പെണ്ണ്..., പി. സുശീല പാടിയ കനകപ്രതീക്ഷ തൻ... ഇവയാണ് ക്രോസ്ബൽറ്റ് മണി സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റു നാലു ഗാനങ്ങൾ. റേഡിയോയിലൂടെ കേട്ടുകേട്ട് എല്ലാ ഗാനങ്ങളും ഹിറ്റായി.

ശ്രീകുമാരൻ തമ്പി പാട്ടെഴുതിയ ആദ്യചിത്രമായ കാട്ടുമല്ലികയിലെ (1966) താമരത്തോണിയിൽ താലോലമാടി ... മുതൽ യേശുദാസിന്റെ ശബ്ദസൗഭാഗ്യത്തൽ അനുഗ്രഹീതമായ നൂറുകണക്കായ ശ്രീകുമാരൻതമ്പി ഗാനങ്ങളുടെ മുൻപന്തിയിലാണ് മിടുമിടുക്കിയിലെ ഈ ഗാനവും.  

ഹൃദയേശ്വരിയുടെ നെടുവീർപ്പിലും മധുരസംഗീതംകേട്ട ശ്രീകുമാരൻതമ്പിയുടെ കാവ്യഭാവനയാണ് പ്രണയവും വിരഹവും നിറയുന്ന ഈ  ഗാനത്തിൻറെ സാഹിത്യം. മേഘതീർഥം അലതല്ലുന്ന അകലെ, അങ്ങകലെയുള്ള നീലാകാശം. അരികിലോ രാഗതീർഥം അലതല്ലുന്ന ഹൃദയാകാശം.

പാടിവരുന്ന നദിയും അതിൻറെ കുളിരും, പാരിജാതപൂവും അതിന്റെ മണവും ഒന്നിലൊന്നു കലരുന്നപോലെ ഒന്നായലിയാൻ കൊതിക്കുന്ന കാമുകീകാമുകർ.

പാടിവരും നദിയും കുളിരും

പാരിജാത മലരും മണവും

ഒന്നിലൊന്നു കലരുംപോലെ

നമ്മളൊന്നായലിയുകയല്ലേ  ....

നിത്യസുന്ദര നിർവൃതിയായ് ആത്മാവിൽ കാമുകിയെ പ്രതീക്ഷിക്കുന്ന കാമുകൻ. നീയില്ലെങ്കിൽ ഈ മണ്ണിൽവീണടിയും എന്നും പാടുന്ന കാമുകി...

നിത്യസുന്ദര നിർവൃതിയായ് നീ

നിൽക്കുകയാണെന്നാത്മാവിൽ 

വിശ്വമില്ലാ നീയില്ലെങ്കിൽ 

വീണടിയും ഞാനീ മണ്ണിൽ ....

ആകെ 96 സിനിമാകളിലായി ബാബുരാജ് സംഗീതം നൽകിയ 600 ലേറെ ഗാനങ്ങളിൽ ഏറെയും യേശുദാസും(142) പ്രിയ ഗായിക എസ് ജാനകിയും(130) സോളോയായും ഒന്നിച്ചും പാടിയവയാണ്. ബാബുരാജിന്റെ പ്രതിഭ ഏറെ തിളങ്ങിയതു യുഗ്മഗാനങ്ങളിലായിരുന്നു എന്നു വിലയിരുത്തുന്ന രവി മേനോൻ ചൂണ്ടിക്കാട്ടുന്നതുപോലെ ഒരുമിച്ചൊഴുകി പുഴയായി തീരുന്ന അരുവികളായിരുന്നു ഈ ഡ്യുവറ്റിലെയും ഗായകശബ്ദങ്ങൾ. എഴുതിയതാരാണ് സുജാത നിന്റെ... (ഉദ്യോഗസ്ഥ, 1967), പാതിരാവായില്ല പൗർണ്ണമി കന്യക്ക്‌... (മനസ്വിനി, 1968),  അസ്തമനക്കടലിന്നകലെ (സന്ധ്യ,1969) പോലെ  യേശുദാസും എസ് ജാനകിയും ചേർന്ന്‌ പാടിയ ബാബുരാജ് സംഗീതം പകർന്ന 11 യുഗ്മഗാനങ്ങളിൽ ഏറ്റവും ജനപ്രിയവും ഈ ഗാനമാണ്. ബാബുരാജ് സംഗീതത്തിന്റെ സൂക്ഷ്മാശങ്ങളിൽപോലും വെളിച്ചം പകർന്ന ജാനകിയുടെ ആലാപന മികവ് ഈ യുഗ്മഗാന ആലാപനത്തിലും അനുഭവിക്കുവെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.

ഗാനത്തിന്റെ ഈണം പിറന്ന കഥ ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടുണ്ട്. ആദ്യം ബാബുരാജ് നൽകിയ ഈണം ഇന്ന് കേൾക്കുന്നതായിരുന്നില്ല. ആ ഈണം തമ്പിക്കു ഇഷ്ടവുമായില്ല. എന്നാൽ തുടക്കക്കാരനായ തമ്പിക്ക് അത് ബാബുരാജിനോട് പറയാൻ ഒരു സങ്കോചം. എന്നാൽ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ഒരുക്കിയിരുന്ന ആർ.കെ. ശേഖർ കാര്യം തമ്പിയുടെ മുഖഭാവത്തിൽനിന്നും മനസ്സിലാക്കി ബാബുരാജിനോടു സൂചിപ്പിച്ചു.  'ബാബുക്കയുടെ അകലെ വളരെ അടുത്തുപോയി. ആകാശത്തിന്റെ അകലം അനുഭവിപ്പിക്കുന്നതാവണം സംഗീതം', എന്ന ശ്രീകുമാരൻ തമ്പിയുടെ നിർദ്ദേശം ബാബുരാജ് സ്വീകരിക്കുകയായിരുന്നു. 

ചാരുകേശി രാഗത്തിലാണ് ബാബുരാജ് ഈ ഗാനത്തിന് ഈണം നൽകിയത്. ദേവരാജൻ മാസ്റ്ററുടെ കാറ്റടിച്ചു കൊടും കാറ്റടിച്ചു… (തുലാഭാരം, 1968), പുലരിത്തൂ മഞ്ഞുതുള്ളിയില്‍ ... (ഉത്സവപ്പിറ്റേന്ന്,1988), അർജുനൻ മാസ്റ്ററുടെ ചന്ദ്രക്കല മാനത്ത്... (പിക്‌നിക്, 1975), എം.എസ്‌. വിശ്വനാഥന്റെ ചഞ്ചലിത ചഞ്ചലിത ... (ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, 1975), ബോംബെ രവിയുടെ കൃഷ്ണ കൃപാസാഗരം ... (സർഗം 1992) പോലെ നാളിതുവരെ ചാരുകേശി രാഗഛായയിൽ പുറത്തുവന്ന മലയാള ചലച്ചിത്രഗാന പട്ടികയുടെ തുടക്കത്തിൽ തന്നെയാണ് ബാബുക്കയുടെ ഈ ഗാനവും. ഇത്രയും കലാപരമായി ചാരുകേശി രാഗം മലയാള ചലച്ചിത്രഗാനങ്ങളിൽ മറ്റാരുംതന്നെ പ്രയോഗിച്ചു കണ്ടില്ലെന്നാണ് ഈ ഗാനത്തെ കുറിച്ച് ബാബുരാജിന്റെ പ്രിയ രാഗങ്ങൾ എന്ന പഠനത്തിൽ  ഡോ എസ്.പി. രമേശ് കുറിച്ചിരിക്കുന്നത്.

ചലച്ചിത്രഗാന നിരൂപകനായ രമേശ് ഗോപാലകൃഷ്ണൻ  ചൂണ്ടികാട്ടുന്നപോലെ അധികവും മധ്യ-മന്ദ്രസ്ഥായിയിൽ ചിട്ടപ്പെടുത്തുന്ന ബാബുരാജിന്റെ സംഗീതമല്ല ഈ ഗാനത്തിൽ അനുഭവിക്കുന്നത്. സാഹിത്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 'അകലേ അകലേ' എന്നു തുറന്നുപാടാനാണ് ഈണം അവസരമൊരുക്കുന്നത്. അപ്പോഴും ഈണം സാഹിത്യത്തോട് മുളംകാട്ടിൽ കാറ്റെന്നപോലെ തഴുകി ചേര്‍ന്നോഴുകുന്നു.   അങ്ങനെ ഗാനം സാഹിത്യത്തിൻറെ സീമകളും കഥാസന്ദർഭങ്ങളുടെ ഇത്തിരി വട്ടവും കടന്നു അനുഭവത്തിൻറെ മുദ്രകൾ ആസ്വാദകമനസ്സിൽ  ചാർത്തുന്നു. അതുകൊണ്ടുതന്നെയാണ് മറക്കാനാവാത്ത സംഗീതാനുഭവമായി അവ ഏറ്റുവാങ്ങിയവർ എന്നും കൂടെ കൊണ്ടുനടക്കുന്നതും.

എന്നാൽ അരനൂറ്റാണ്ടു മുൻപുള്ള പാട്ടുകേൾവിയുടെ കാലത്തെ പാട്ടിന്റെ കാഴ്ചയാണ് മിടുമിടുക്കിയിലെ ഗാനരംഗം. കടൽത്തീരം. പാറക്കെട്ട്. ആകാശം. കറുത്ത കൂളിംഗ് ഗ്ലാസ് വച്ച  സത്യൻ. ഡാൻസ്‌കാരിയെപ്പോലെ സദാ വട്ടം കറങ്ങുന്ന  ശാരദ. ചിരി. ഓട്ടം. ആടിപ്പാടി തകർക്കുന്നു.... പാട്ടിന്റെ അന്തർധാരയായ ശോകം ഗാനചിത്രീകരണം അനുഭവിപ്പിക്കുന്നില്ല.

ഇതേ ഗാനം 27 വർഷങ്ങൾക്കുശേഷം ഗണേഷ് പിക്‌ചേഴ്‌സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമ്മിച്ച ആദ്യത്തെ കണ്മണി (1995) എന്ന ചിത്രത്തിൽ  യേശുദാസും എസ്.ജാനകിയും പുതിയ ഓർക്കസ്ട്രയോടൊപ്പം ആ പഴയ രാഗഭാവങ്ങളിൽതന്നെ പാടിയിട്ടുണ്ട്. ഭാഗ്യജാതകം (1962) എന്ന ചിത്രത്തിലെ ആദ്യത്തെ കണ്മണി... എന്ന ഗാനവും ഇതേ ചിത്രത്തിലുണ്ട്. സംവിധായകനായ രാജസേനനും സിന്ധുവും ചേർന്നാണ് പാടിയത്.

താമസമെന്തേ വരുവാന്‍...., വാസന്ത പഞ്ചമിനാളില്‍... (ഭാർഗ്ഗവീനിലയം), പ്രാണസഖി ഞാൻ ... അവിടുന്നെന്‍ ഗാനം ... (പരീക്ഷ), തളിരിട്ട കിനാക്കൾ... (മൂടുപടം), അഞ്ജനക്കണ്ണെഴുതി... (തച്ചോളി ഒതേനന്‍), സൂര്യകാന്തി... (കാട്ടുതുളസി), തേടുന്നതാരെയീ ശൂന്യതയിൽ ഈറൻ മിഴികളേ... (അമ്മു), നദികളില്‍ സുന്ദരി... (അനാർക്കലി) തുടങ്ങിയ ബാബുക്കയുടെ ഹാർമോണിയം പെട്ടിയിൽനിന്നും പിറവിയെടുത്ത എണ്ണമറ്റ അനശ്വര ഗാനങ്ങൾക്കൊപ്പം ആസ്വാദക ഹൃദയങ്ങൾ പണ്ടുകേട്ട റേഡിയോ പാട്ടുപോലെ ഇന്നും പാടിക്കൊണ്ടിരിക്കുന്നു….

അകലെ... അകലെ... നീലാകാശം

ആ ആ ആ... 

അകലെ അകലെ നീലാകാശം

അലതല്ലും മേഘതീർഥം…