നാദഭാഷയുടെ മാധുര്യം

സുകുമാര കലകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ കലയാണ് സംഗീതം.

‘പശുർവേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണി

പശുവും, ശിശുവും പാമ്പുമെല്ലാം ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് സംഗീതം. മനുഷ്യൻ മാനസിക പിരിമുറുക്കങ്ങളിൽ നിന്നു മുക്തി നേടാനും അധ്വാനിക്കുന്നവന്റെ അധ്വാനഭാരം ലഘൂകരിക്കാനും എന്തിനേറെ രക്തസമ്മർദം പോലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾക്കുള്ള സിധൗഷധമായും സംഗീതത്തെ പ്രയോജനപ്പെടുത്തുന്നു. പ്രകൃതിയിൽ നിന്നുണ്ടായ ശബ്ദങ്ങൾ, പക്ഷിമൃഗാദികളുടെ കളകൂജനങ്ങൾ, കാറ്റിന്റെ മർമരശബ്ദം, മുളങ്കാടുകളിൽ കാറ്റു വീശുമ്പോഴുണ്ടാകുന്ന ചൂളം വിളി, ഒഴുകുന്ന വെള്ളത്തിന്റെ കളകളാരവം എന്നിവയിലെല്ലാം ആദിമമനുഷ്യൻ സംഗീത്തതിന്റെ സൗന്ദര്യം ദർശിച്ചു. പിന്നീട് വിവിധ ദേശങ്ങളുടെ സംസ്കാരങ്ങളും തൊഴിലുകളുമായും ബന്ധപ്പെട്ട് പുതിയ പുതിയ സംഗീതരൂപങ്ങൾ ആവിർഭവിച്ചു.

സാമവേദത്തിൽ നിന്നാണ് സംഗീതം ഉത്ഭവിച്ചതെന്നു പറയപ്പെടുന്നു. വേദമന്ത്രോച്ചാരണം നടത്തുമ്പോൾ ഒരേ രീതിയിൽ ചൊല്ലുന്നതിനു പകരം കുറച്ച് മേൽസ്ഥായിയിലും കുറച്ച് കീഴ്സ്ഥായിയിലും മാറി മാറി ചൊല്ലുന്നത് കർണങ്ങൾക്ക് ആനന്ദം പകരുമെന്നു മനുഷ്യൻ തിരിച്ചറിഞ്ഞു. വേദോച്ചാരണത്തിലുള്ള സ്വരങ്ങൾ ഉദാഹരണം, അനുദാത്തം, സ്വരിതം എന്നീ പേരുകളിൽ അറിയപ്പെട്ടു. മന്ത്രസ്ഥായി നിഷാദത്തെ ‘അനുദാത്തം എന്നും മധ്യസ്ഥായി ഷഡ്ജത്തെ ‘സ്വരിതം എന്നും ഋഷഭത്തെ ‘ഉദാത്തം എന്നും അറിയപ്പെട്ടിരുന്നതായി പ്രാചീന ഗ്രന്ഥങ്ങളിൽ കാണുന്നു. ഇതിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കാലാന്തരത്തിലുള്ള പരിണാമങ്ങളിലൂടെ ഈ മൂന്നു സ്വരങ്ങൾക്കു പുറമെ (നി,സ,രി) സപ്തസ്വരാധിഷ്ഠിതമായ സംഗീതം ഉടലെടുക്കപ്പെട്ടതായി സംഗീത ചരിത്രകാരന്മാർ വിലയിരുത്തുന്നു. സംഗീതം അല്ലെങ്കിൽ ‘സമ്യക്കാകുന്ന ഗീതം എന്ന അർഥത്തിലാണ് സംഗീതം എന്ന പേർ ഉത്ഭവിച്ചത്.

മാർഗസംഗീതവും ദേശീയസംഗീതവും പൗരാണികകാലം മുതൽക്കെ നിലനിന്ന സംഗീതത്തിനെ മാർഗസംഗീതം എന്നാണ് പറഞ്ഞുവന്നിരുന്നത്. പിന്നീട് സംഗീതം ഓരോ ദേശത്തിന്റെയും സംസ്കാരങ്ങൾക്കനുസൃതമായി സവിശേഷതകളും വൈവിധ്യങ്ങളും ഉൾക്കൊണ്ടതായി മാറി. ഇതിനെ ദേശീയഗീതം അഥവാ ദേശ്യസംഗീതം എന്നു പറയപ്പെടുന്നു. അതായത് മാർഗസംഗീതമാണ് പുരാതന സംഗീതം. ദേശീയ സംഗീതത്തിന്റെ ഉത്ഭവവും ഇതിൽ നിന്നാണ്. കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഈ ദേശീയ വിഭാഗത്തിൽപെടുന്നു.

ഭാരതത്തിൽ പ്രാചീനമായി നിലനിന്നിരുന്ന സംഗീതം വിദേശികളുടെ ആധിപത്യത്തിനുശേഷം അവരുടെ സ്വാധീനത്തിൽപെട്ട് രണ്ടായി പിരിഞ്ഞു. അതുവരെ ഭാരതത്തിൽ നിലനിന്നിരുന്ന സംഗീതം കർണാടക (പ്രത്യേകിച്ച് പേർഷ്യൻ സംഗീതത്തിന്റെ) പരിണമിക്കപ്പെട്ട സംഗീതം ഹിന്ദുസ്ഥാനി സംഗീതമായും രൂപാന്തരപ്പെട്ടുവെന്നു ഗ്രന്ഥങ്ങൾ വിലയിരുത്തുന്നു.

സ്വരങ്ങളുടെ സഹായത്തോടുകൂടി ആശയപ്രകടനം നടത്തുന്ന നാദഭാഷയാണ് സംഗീതം. മനുഷ്യന്റെ എല്ലാ വികാരങ്ങളെയും സംഗീതത്തിലൂടെ പ്രകടിപ്പിക്കാൻ സാധിക്കുന്നു. നവരസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി രാഗങ്ങളുടെ മേളനമാണു സംഗീതം. കവി തന്റെ ആശയങ്ങളെ പദങ്ങളുടെ സഹായത്തോടുകൂടി രചിക്കുന്നതുപോലെ, ചിത്രകാരൻ തന്റെ ഭാവനകളെ കാൻവാസിൽ പകർത്തുന്നതുപോലെ, ശിൽപ്പി തന്റെ ഭാവനയെ കല്ലിലോ, മരത്തിലോ കൊത്തിവയ്ക്കുന്നതുപോലെ ഒരു സംഗീതജ്ഞൻ തന്റെ വികാരങ്ങളെ നാദദേവതയോടുള്ള ഉപാസനയിൽ ശബ്ദവൈവിധ്യങ്ങളുടെ സഹായത്തോടെ ഗാനരൂപത്തിൽ ആവിഷ്കരിക്കുന്നു. ഇവിടെ ഉപാസന എന്നതുകൊണ്ടുദേശിക്കുന്നത് സംഗീതത്തോടുള്ള ആത്മ സമർപ്പണം, ഭക്തി, സ്വായക്തമാക്കുന്നതിനുള്ള ഉറച്ച തീരുമാനം എന്നിവയാണ്. (Dedication, Devotion, Determination)

ഇതുവരെ സൂചിപ്പിച്ചത് സംഗീതത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള ചെറിയ ചിത്രം മാത്രം.

(പ്രമുഖ സംഗീതജ്ഞനാണു ലേഖകൻ)