നമ്മളിന്നു കേൾക്കണം അച്ഛനും ബാപ്പയും പാടിയ പാട്ട്

കാലത്തിനുള്ളിലെ അർഥമറി​ഞ്ഞ് സമൂഹത്തെ നോക്കിക്കണ്ട് പാട്ടുകളൊരുക്കിയവരാണ് വയലാറും ദേവരാജനും. മുൻപേ പറക്കുന്ന പക്ഷികളെ പോലെയായി അവരുടെ പാട്ടുകൾ. കാലാതീതമായ കലാസൃഷ്ടികളേതെന്നു ചോദിച്ചാൽ മലയാളിക്ക് നെഞ്ചിൽ കൈവച്ച് പറയാനൊരു പാട്ടുപെട്ടി സമ്മാനിച്ചവർ. അസഹിഷ്ണുത എന്ന വാക്കിനൊപ്പം സഞ്ചരിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ കാതിനുള്ളിലേക്ക് ചേർത്തുവയ്ക്കേണ്ട, വരികൾക്കിടയിലൂടെ നമ്മൾ സഞ്ചരിക്കേണ്ട ഒരു പാട്ടും അവരുടേതാണ്. അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു വേണ്ടി അവരൊരുക്കിയ ആ ഗാനം.

റഹ്മാൻ ഫത്‌വ നേരിടേണ്ടി വരുമ്പോൾ ഗുലാം അലി പാടാതെ മടങ്ങുമ്പോൾ നമ്മൾ കേൾക്കേണ്ട പാട്ട്. മനുഷ്യനും ദൈവങ്ങളും തെരുവിൽ മരിക്കുമ്പോൾ ചെകുത്താനും മതവും ചിരിക്കുന്നുവെന്നു വയലാറെഴുതിയിട്ടു. എല്ലാ വിവാദങ്ങൾക്കപ്പുറത്തു നിന്ന് നമ്മൾ നമ്മളുടെ മനസിനോട് സംവദിക്കേണ്ട കാര്യങ്ങളാണ് 1972ൽ പുറത്തിറങ്ങിയ അച്ഛനും ബാപ്പയുമെന്ന ചിത്രത്തിലെ ഈ ഗാനം പറഞ്ഞുതരുന്നത്.

മതങ്ങൾക്കതീതരായി മനുഷ്യർ ജീവിക്കുന്ന കാലത്തെ സ്വപ്നം കാണുന്ന ചിത്രമാണ് കെ ടി മുഹമ്മദ് തിരക്കഥയെഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അച്ഛനും ബാപ്പയും. വയലാർ പറയുന്നു, മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ചത്. മതങ്ങളിലൂടെ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു. പിന്നീട് മനസും പങ്കുവച്ചു. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായി മനുഷ്യൻ അവരവർക്കിടയിൽ വേലികെട്ടി. രക്ത ബന്ധങ്ങളും സ്നേഹബന്ധങ്ങളും തിരിച്ചറിയാതായി. മതത്തിന്റെ പേരിൽ പല തെരുവുകളിലും അവർ ഏറ്റുമുട്ടി. ഇതിൽ നിന്നെല്ലാം മനുഷ്യന് എന്താണ് കിട്ടിയത്. ആരാണ് ജയിച്ചത്. ദൈവം തെരുവിൽ മരിക്കുകയും ചെകുത്താൻ ചിരിക്കുകയും ചെയ്യുന്നു. മതങ്ങളിലൂടെ മനുഷ്യൻ വേർതിരിവുകളുണ്ടാക്കിയപ്പോൾ സത്യവും സൗന്ദര്യവും സ്വാതന്ത്ര്യവും അവരിൽ നിന്ന് പോയിമറഞ്ഞു. എത്ര അർഥവത്തായ വരികൾ.

സംവാദങ്ങൾക്കായുള്ള ഇടങ്ങൾ ഒരിക്കലും അടയുന്നില്ല. അതിനിടയിൽ പച്ചയായ മനുഷ്യജീവിയുടെ ഉത്തരവാദിത്തത്തിൽ‌ നിന്ന് നമ്മൾ ഓടിയൊളിക്കാൻ പാടില്ല,. എന്തുകൊണ്ടെന്നാൽ സമൂഹത്തിന്റെ അടിസ്ഥാനപരമായ ധനം മനുഷ്യരാണ്. വ്യക്തിപരമായ വികാസമാണ് ഓരോ മനുഷ്യനും സമൂഹത്തിന് നൽകാനുള്ള ഏറ്റവും വലിയ സംഭാവന. ആ വികാസത്തിലേക്ക് നയിക്കുവാൻ കല എന്ന മാധ്യമത്തിനുള്ളതു പോലെ ശക്തി മറ്റൊന്നിനുമില്ല. അതിനാണ് കല അതിനു വേണ്ടിയാണ് കലയെ ഉപയോഗപ്പെടുത്തേണ്ടതും. അത്തരത്തിൽ സമൂഹത്തിന്റെ യഥാർഥ മുഖത്തെ തിരിച്ചറിഞ്ഞ് മനുഷ്യ രാശിക്ക് നല്ലതു പറഞ്ഞു തന്ന ഈ പാട്ടും നമ്മൾ ഇക്കാലഘട്ടത്തിൽ കേൾക്കേണ്ടു തന്നെയല്ലേ. മനസിനുള്ളിലേക്ക് അതിന്റെ അർഥമറിഞ്ഞ് ഉൾക്കൊള്ളേണ്ടതു തന്നെയല്ലേ. വേണം തീർച്ചയായും വേണം.

ചിത്രം: അച്ഛനും ബാപ്പയും

സംവിധാനം: കെ എസ് സേതുമാധവൻ

തിരക്കഥ: കെ ടി മുഹമ്മദ്

ഗാനരചന:വയലാർ രാമവർമ്മ

സംഗീത സംവിധാനം: ജി ദേവരാജൻ‌

പാടിയത്: യേശുദാസ്

വരികൾ

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണു പങ്കുവച്ചു

മനസു പങ്കുവച്ചു

(മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു)

ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി

നമ്മളെ കണ്ടാലറിയാതായി

ഇന്ത്യ ഭ്രാന്താലയമായി

ആയിരമായിരം മാനവഹൃദയങ്ങൾ

ആയുധപ്പുരകളായി

ദൈവം തെരുവിൽ മരിക്കുന്നു

ചെകുത്താൻ ചിരിക്കുന്നു

(മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു)

സത്യമെവിടെ സൗന്ദര്യമെവിടെ

സ്വാതന്ത്ര്യമെവിടെ നമ്മുടെ

രക്തബന്ധങ്ങളെവിടെ

നിത്യ സ്നേഹങ്ങളെവിടെ

ആയിരം യുഗങ്ങളിൽ ഒരിക്കൽ

വരാറുള്ളൊരവതാരങ്ങളെവിടെ

മനുഷ്യൻ തെരുവിൽ മരിക്കുന്നു

മതങ്ങൾ ചിരിക്കുന്നു

(മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു)