പാട്ടിൽ ആലുവപ്പുഴ പിന്നെയും ഒഴുകുന്നു

ആലുവപ്പുഴയുടെ തീരത്ത്, ആരോരുമില്ലാ നേരത്ത്... പ്രേമത്തിലെ ഈ ഗാനം മലയാളികളുടെ മനസിനെ കീഴടക്കുമ്പോൾ സിനിമാപ്പാട്ടിൽ വീണ്ടും ആലുവയുടെ നേരം തെളിയുന്നു.53 വർഷമായി ചലച്ചിത്ര ഗാനങ്ങളിൽ നിറസാന്നിധ്യമാണു പുണ്യനദിയായ പെരിയാർ, വയലാറും ഒ എൻ‍വിയും പി ഭാസ്കരനും തുടങ്ങിവച്ച ആ പാരമ്പര്യമാണു പ്രേമത്തിലെ വരികൾ രചിച്ച ശബരീഷ് വർമയിൽ എത്തിനിൽക്കുന്നത്.

ആലുവാപ്പുഴയോരത്ത് എന്ന പാട്ട് ശബരീഷ് എഴുതിയതു ചെന്നൈയിൽ വച്ചാണ്. എന്നാൽ ചിത്രീകരിച്ചതു മുഴുവൻ സംവിധായകൻ അൽഫോൻസ് പുത്രന്റേയും അഭിനേതാക്കളുടെയും നാടായ ആലുവയിൽ ഉളിയന്നൂർ നീർപ്പാലവും യുസികോളജ് ചാപ്പലും മണപ്പുറം കുട്ടിവനത്തോടു ചേർന്നുള്ള പുഴയുമാണു ഫ്രെയിമിൽ നിറയുന്നത്. താരങ്ങളിൽ അനുപമ പരമേശ്വരനും സിബുവും ഒഴികെ എല്ലാവരും ആലുവക്കാരാണ്. നായകൻ നിവിൻ പോളി, കൂട്ടുകാരായെത്തുന്ന കൃഷ്ണ ശങ്കർ, ശബരീഷ് വർമ, സിജു വിൽസൻ, മജു, ഷിയാസ്, ഷറഫ്, അൽത്താഫ് തുടങ്ങിയവർ.

ആയിരം പാദസരങ്ങൾ കിലുങ്ങി

പ്രേമം ഹിറ്റാകുന്നതു വരെ ആലുവാപ്പുഴയെ വർണിക്കാൻ 1969 ൽ പുറത്തിറങ്ങിയ നദിയിലെ ആയിരം പാദസരങ്ങൾ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി എന്ന വരികളാണ് ഉദ്ധരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഒരു എഫ് എം റേഡിയോ നടത്തിയ സർവേയിൽ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച ഗാനമായി ഇതു തിരഞ്ഞെടുത്തിരുന്നു. തെളിനീരൊഴുക്കുള്ള പഴയ പെരിയാറും സ്വർണ നിറമുള്ള മണപ്പുറവുമാണ് നദിയിൽ. പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന രണ്ടു ക്രൈസ്തവ കുടുംബങ്ങൾ മണപ്പുറത്തു കുളിച്ചു താമസിക്കാനെത്തിയപ്പോൾ ഉണ്ടായ അലോസരങ്ങളും അതിനിടയിലെ അനുരാഗവും കഥയാക്കിയതു പ്രശസ്ത നടൻ പി ജെ ആന്റണി. പച്ചാളംകാരനാണെങ്കിലും ആന്റണിയുടെ ബാല്യകൗമാരങ്ങളും വിദ്യാഭ്യാസവും ആലുവയിലായിരുന്നു. ഇതേ സിനിമയിൽ തന്നെ കായാമ്പു കണ്ണിൽ വിടരും എന്ന പ്രണയ ഗാനത്തിൽ പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തിയ പുഴയുടെ ഏകാന്ത പുളിനത്തിൽ എന്നു വയലാർ വീണ്ടും ആലുവാപ്പുഴയെ വാഴ്ത്തുന്നുണ്ട്.

ലാലൻ ബംഗ്ലാവ്

ആലുവ പാലസിൽ ലാലൻ ബംഗ്ലാവിന്റെ ബാൽക്കണിയിൽ പെരിയാറിലേക്കു നോക്കിയിരുന്നാണു വയലാർ നദിയിലെ പാട്ടുകൾ രചിച്ചത്. അവിടെയിരുന്നാൽ, മണൽ നിറഞ്ഞു കിടന്ന പുഴയിൽ ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകുന്നത് അക്ഷരാർഥത്തിൽ തന്നെ കാണാമായിരുന്നു. ഈ ഗാനം ചിത്രീകരിക്കുന്നതിന്റെ തലേന്നു രാത്രിയും വയലാർ വരികൾ പൂർത്തിയാക്കിയിരുന്നില്ല.

സംവിധായകൻ എ വിൻസെന്റും, സംഗീത സംവിധായകൻ ദേവരാജനും അതിന്റെ ടെൻഷനുമായി പാലസിൽ തന്നെ കഴിഞ്ഞു. കവിയാകട്ടെ ഇതൊന്നും ഗൗനിക്കാതെ മുറിയിൽ സുഹൃത്തുക്കളുമൊത്തു കമ്പനി കൂടി നേരം വെളുക്കാറായപ്പോഴാണ് ഉറങ്ങിയത്. പക്ഷേ രാവിലെ മേശപ്പുറത്തു പാട്ടു റെഡിയായിരുന്നു. അക്കാലത്തു സിനിമകളുടെ സ്ഥിരം ലൊക്കേഷനുകളിൽ ഒന്നായിരുന്നു ആലുവ. ആലുവപ്പുഴയുടെ ഒരു കരയിൽ ശിവക്ഷേത്രവും മറുകരയിൽ കൃഷ്ണ ക്ഷേത്രവുമാണ്. 1972 ൽ റിലീസ് ചെയ്ത ആദ്യത്തെ കഥ എന്ന സിനിമയിൽ ആലുവാപ്പുഴയ്ക്കക്കരെയൊരു പൊന്നമ്പലം, അവിടത്തെ കൃഷ്ണനു രത്നകിരീടം. ആലുവാപ്പുഴയ്ക്കിക്കരെയൊരു കല്ലമ്പലം, അവിടത്തെ കൃഷ്ണനു പുഷ്പകിരീടം എന്നു വയലാർ എഴുതിയത് ഇതു മനസിൽ വച്ചാണ്.

പെരിയാറേ, പെരിയാറേ

സംവിധായകൻ വിൻസെന്റിന്റെ ശിഷ്യനായ ഭരതനും ഏറെ ഇഷ്ടപ്പെട്ടിരുന്നു ആലുവാപ്പുഴയെ. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എടുത്തപ്പോൾ മണപ്പുറത്തെ ശിവക്ഷേത്രവും ആൽച്ചുവട്ടിലെ പെൻഷൻകാരുടെ വെടിവട്ടവും അദ്ദേഹം അതിലുൾപ്പെടുത്തി. 1962 ൽ ഇറങ്ങിയ ഉദയായുടെ ഭാര്യ എന്ന ചിത്രം തുടങ്ങുന്നത് ആലൂവാപ്പുഴയെ വർണിച്ചുകൊണ്ടാണ്. പെരിയാറേ, പെരിയാറേ പർവത നിരയുടെ പനിനീരെ കുളിരുംകൊണ്ടു കുണുങ്ങിനടക്കും മലയാളിപ്പെണ്ണാണു നീ എന്ന ഗാനം ആലുവയ്ക്കടുത്തു ചൂർണിക്കര പഞ്ചായത്തിലായിരുന്നു ചിത്രീകരണം.

സത്യനും രാഗിണിയും മക്കളും കൂടി തോണിയിൽ പോകുമ്പോഴാണ് മയിലാടും കുന്നിൽ പിറന്നു, പിന്നെ മയിലാഞ്ചിക്കാട്ടിൽ വളർന്നു. നഗരം കാണാത്ത നാണം മാറാത്ത നാടൻ പെണ്ണാണു നീ എന്നു പെരിയാറിനെ കുറിച്ചു പാടുന്നത്. സഹ്യാദ്രിയിൽ നിന്ന് ഒഴുകിയെത്തുന്ന പുഴയുടെ സഞ്ചാരപഥങ്ങൾ വിവരിക്കുന്നതിനിടെ മലയാറ്റൂർ പള്ളിയിൽ പെരുന്നാളു കൂടണം, ശിവരാത്രി കാണേണം നീ, ആലുവ ശിവരാത്രി കാണേണം നീ എന്നും കവി രേഖപ്പെടുത്തി.

ഒ എൻ വി കണ്ട പുഴ

എന്റെ നന്ദിനിക്കുട്ടിക്ക് എന്ന സിനിമയ്ക്കു വേണ്ടി 1984ൽ ഒ എൻവി എഴുതിയ വരികളും ഏറെ പ്രശസ്തമാണ്. പുഴയോരഴകുള്ള പെണ്ണ് ആലുവാപ്പുഴയോരഴകുള്ള പെണ്ണ് എന്ന പാട്ടു മൂളാത്ത മലയാളികളുണ്ടാവില്ല. പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും പാലുകൊണ്ടോടുന്ന പാൽക്കാരി പെണ്ണായും ആലുവാപ്പുഴയെ ഇതിൽ ഒ എൻവി ചിത്രീകരിക്കുന്നു. മഴയത്തു തുള്ളുന്ന, മഴവില്ലു കണ്ടാൽ ഇളകുന്ന, വെയിലത്തു ചിരിതൂകുന്ന, ശിവരാത്രി വ്രതവുമായി നാമം ജപിച്ചൊഴുകുന്ന അവളെ കാലവർഷത്തിൽ ഭ്രാന്തിയെന്നു വിളിച്ചപ്പോൾ ആയിരം നൊമ്പരം ഉള്ളിലൊതുക്കി, ആരോടും മിണ്ടാതെ ആഴിയിലേക്കവൾ പറഞ്ഞു എന്നാണ് ഒഎൻ വി എഴുതിയത്.

സിനിമാക്കാരുടെ ഭാഗ്യതീരം

പി ഭാസ്ക്കരൻ സംവിധാനം ചെയ്ത നീലക്കുയിലിലെ എല്ലാ പാട്ടുകൾക്കും കെ രാഘവൻ സംഗീതം പകർന്നത് ആലുവ മണപ്പുറത്തിനടുത്തു തോട്ടയ്ക്കാട്ടുകരയിലെ വാടക വീട്ടിലിരുന്നാണ് അടുത്തകാലത്തു വിനീത് ശ്രീനിവാസന്റെ ഒരു വടക്കൻ സെൽഫിയുടെ തിരക്കഥ പിറന്നതും തോട്ടയ്ക്കാട്ടു കരയിലെ മറ്റൊരു വീട്ടിൽ പ്രേമത്തിന്റെ കഥയും തിരക്കഥയും അൽഫോൻസ് പുത്രൻ കടലാസിലേക്കു പകർത്തിയത് ഇവിടെ നിന്ന് അധികം ദൂരെയല്ലാതെ യു സി കോളജിനു സമീപത്തെ വീട്ടിലിരുന്ന്. നടൻ ദിലീപിന്റെ ആദ്യകാല സിനിമകളുടെ തിരക്കഥകൾ ഒരുങ്ങിയത് ആലുവ പാലസിൽ വയലാർ പാട്ടെഴുതിയിരുന്ന ലാലൻ ബംഗ്ലാവിലാണ്.