ആമിയുടെ ഓർമ്മകൾക്ക് നാല് വയസ്

ആമി വൈൻഹൗസ്

വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ആമി വൈൻഹൗസ് പാടി മതിവരാതെ ലോകത്തോട് വിട പറഞ്ഞിട്ടിന്ന് നാല് വർഷം തികയുന്നു. വടക്കൻ ലണ്ടനിലെ സൗത്ത് ഗേറ്റിൽ 1983 സെപ്റ്റംബർ 14നാണ് ആമി ജനിച്ചത്. 2003ൽ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആൽബത്തിലൂടെയാണ് ആമി സംഗീതലോകത്തേക്ക് കടന്നുവന്നത്.

അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ ജാസ് സംഗീതത്തിന്റെ സ്വാധീനം ആമിയുടെ ഒട്ടുമിക്ക ആൽബത്തിലും പ്രതിഫലിച്ചിട്ടുണ്ട്. 2003 ൽ പുറത്തിറങ്ങിയ ഫ്രാങ്ക് എന്ന ആൽബത്തിലൂടെ പ്രശസ്തയാകുന്ന ആമി ഏറ്റവും പ്രഗത്ഭയായ ബ്രിട്ടീഷ് ഗായികമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. തുടർന്ന് ബാക്ക് ടു ബ്ലാക്ക്, ലയണസ്; ഹിഡൻ ട്രെഷേഴ്‌സ് തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2008 ൽ അഞ്ച് ഗ്രാമി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ആമി ഇത്രയും ഗ്രാമി പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ഗായികയാണ്.

ബ്രിറ്റ് പുരസ്‌കാരം രണ്ട് വട്ടവും എംടിവി യൂറോപ്യൻ വിഎംഎ പുരസ്‌കാരം ഒരു തവണയും, വേൾഡ് മ്യൂസിക്ക് പുരസ്‌കാരം ഒരു തവണയും താരത്തെ തേടി എത്തിയിട്ടുണ്ട്. വളരെ കുറച്ചു കാലം കൊണ്ട് പ്രശസ്ത ഇംഗ്ലീഷ് ഗായികയായി മാറിയ ആമി അമിതമായ മദ്യപാനത്തെ തുടർന്ന് 2011 ന് ജൂലൈ 23നാണ് അന്തരിക്കുന്നത്. പാടി മതിയാക്കാതെ ലോകത്തോട് വിട പറഞ്ഞ ആമിയുടെ വിയോഗത്തിൽ ലോകത്തിന് നഷ്ടമായത് അതിപ്രഗത്ഭയായൊരു ഗായികയാണ്.