ചുഴലിക്കൊടുംപാട്ട്

‘ലോകം ക്രിസ്‌തുവിനെ മറന്നേക്കാം. എന്നാലും എന്നിലുള്ള വിശ്വാസം അവർക്കു നഷ്‌ടപ്പെടില്ല. കാരണം, ക്രിസ്‌തുവിനേക്കാൾ അധികം ലോകം എന്നെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു.’

1966 മാർച്ചിൽ ഈവനിങ് സ്‌റ്റാൻഡേഡ് എന്ന അമേരിക്കൻ പത്രത്തിന്റെ റിപ്പോർട്ടർ കേട്ട, നിലതെറ്റിയ ആത്മവിശ്വാസത്തിന്റെ ഈ വാക്കുകൾ ജോൺ ലെനൻ എന്ന ചെറുപ്പക്കാരന്റേതായിരുന്നു. ബീറ്റിൽസിന്റെ സംഗീതവിലാസത്തിലൂടെ ലോകമറിഞ്ഞ ഇംഗ്ലിഷ് ഗായകൻ. ബീറ്റിൽസ് ഒരു മതമായും ഉന്മാദമായും ഭൂഖണ്ഡങ്ങൾ കീഴടക്കുന്നതു കണ്ട് സ്വയം ക്രിസ്‌തു എന്നു വിശേഷിപ്പിക്കുകയും അങ്ങനെ സ്വയം വിശ്വസിക്കുകയും ചെയ്‌തവൻ. വീഞ്ഞുമധുരമുള്ള സംഗീതവിരുന്നൊരുക്കി പതിനായിരങ്ങളെ പോറ്റിയവൻ. കാറ്റായും കടലായും ഇളകിമറിയുന്ന ആരാധകാരവങ്ങളെ പാട്ടിന്റെ പായ്‌ക്കപ്പലേറി അടക്കിനിർത്തിയവൻ. ഒടുവിൽ, മനസ്സിന്റെ താളം തെറ്റിയൊരു ആരാധകന്റെ വെടിയുണ്ട നെഞ്ചിലേറ്റുവാങ്ങി പാതിശ്വാസം പോലും മൂളിത്തീരാതെ പാട്ടിനോടും പാട്ടുകൂട്ടുകാരോടും വിടപറഞ്ഞവൻ.

ക്രിസ്‌തുവിനോടു മൽസരിക്കാൻ വൃഥാ മോഹിച്ചു തോറ്റവൻ!

പ്രസ്്‌ലിയാകാൻ മോഹിച്ച ബാല്യം

ജോൺ ലെനന്റെ ജീവിതം ഒരു കുഞ്ഞു ഗിറ്റാറിന്റെ ഇരു വശത്തുമായി മുറിഞ്ഞുകിടക്കുന്നു.

കടലുകൾക്കപ്പുറമേതോ കപ്പൽവിലാസത്തിൽനിന്നു തേടിയെത്താറുള്ള അച്‌ഛന്റെ മണിയോർഡറുകൾ മുടങ്ങിയപ്പോൾ തുടങ്ങിയതാണ് ജോൺ ലെനന്റെ ദുരിതബാല്യം. ജീവിതം പൂരിപ്പിക്കാൻ അമ്മ ജൂലിയ മറ്റൊരാളെ തേടിപ്പോയതോടെ കുഞ്ഞുലെനൻ തനിച്ചായി. പിന്നീട് വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകൾ മാത്രം. അമ്മയാണ് ലെനനെ എൽവിസ് പ്രസ്‌ലിയുടെ റിക്കോർഡുകൾ ഉറക്കെ വച്ചുകേൾപ്പിച്ചത്. പാട്ടുന്മാദങ്ങളുടെ വിദ്യുത് വേഗങ്ങൾകൊണ്ട് ലോകരുടെ മുഴുവൻ വിരൽത്തുമ്പിൽ താളംപകർന്ന എൽവിസ് പ്രസ്‌ലിയെപ്പോലെയാകണം എന്നായിരുന്നു അന്നത്തെ ആ പതിനഞ്ചുവയസ്സുകാരന്റെ മോഹം.

പാട്ടുൽസവം കൊടിയേറ്റി കുഞ്ഞു ഗിറ്റാർ

ആ മോഹതന്ത്രികൾ തൊട്ടുണർത്തിയാണ് അമ്മ അവനു ജീവിതത്തിൽ ആദ്യത്തേതും അവസാനത്തേതുമായ സമ്മാനം നൽകുന്നത്: ആ കുഞ്ഞു ഗിറ്റാർ. ആ സമ്മാനം നൽകി അധികനാൾ വൈകാതെ അമ്മ ഒരു കാറപകടത്തിൽ മരിച്ചു. അമ്മയുടെ സ്‌നേഹം തന്ത്രികളായ ആ ഗിറ്റാറിൽ സങ്കടം മീട്ടി മീട്ടി ലെനൻ പാട്ടിനോടു കൂട്ടുകൂടി. വെറും അഞ്ചു പൗണ്ട് വിലയുള്ള ആ ഗിറ്റാർ തന്ത്രികളിൽ നിന്നാണ് തലമുറകൾക്കു താരാട്ടാനും തമ്മിൽ പ്രണയിക്കാനും താളച്ചുവടിൽ ഉറയാനും പാടിയ ആളെത്തന്നെ കൊല്ലാനുംമാത്രം പോന്ന പാട്ടുന്മാദങ്ങൾക്കു ലെനൻ തുടക്കമിടുന്നത്.

ക്വാറിമെൻ എന്ന ഗായകസംഘത്തിനു രൂപംനൽകുമ്പോൾ ജോൺ ലെനൻ തനിച്ചായിരുന്നു. ക്വാറിമെന്റെ രണ്ടാമത്തെ പാട്ടുവേദിയിലേക്കാണ് പോൾ മക്കാർട്ടെനി ലെനന്റെ പാട്ടുകൂട്ട് തേടിയെത്തുന്നത്. ഇരുവരും ചേർന്ന് ഒരേ ഗിറ്റാറിൽ ചങ്ങാത്തത്തിന്റെ ആഘോഷഗാനങ്ങൾ മീട്ടാൻ തുടങ്ങിയതോടെ ബീറ്റിൽസ് പിറന്നു.

ഒരേയൊരു ബീറ്റിൽസ്

ആദ്യം സിൽവർ ബീറ്റിൽസ് എന്നും പിന്നീട് ബീറ്റിൽസ് എന്നും ലോകമറിഞ്ഞ ബാൻഡിനു വേണ്ടി മക്കാർട്ടെനിയും ലെനനും ഒരേ മഷിനീലിമയിൽ വരികളെഴുതി ഒരേ സ്വരത്തിൽ പാടിത്തുടങ്ങി. ആദ്യ ഗാനമായ ഹലോ ലിറ്റിൽ ഗേൾ എഴുതുമ്പോൾ ലെനൻ പതിനെട്ടിന്റെ പടി കടക്കുന്നതേയുള്ളു. ഏതാണ്ട് അഞ്ചുവർഷക്കാലം ഹിറ്റ്‌ചാർട്ടിൽ ഇടമുറിയാതെ മുഴങ്ങിക്കേട്ട ആ ഗാനത്തോടെ ബീറ്റിൽസ് ലോകമെങ്ങുമുള്ള കൗമാരമനസ്സുകളുടെ കരഘോഷമായി. പതിനാലുകാരനായ ജോർജ് ഹാരിസണും അക്കാലത്താണ് ബീറ്റിൽസിലെത്തിച്ചേരുന്നത്. എടുത്താൽ പൊങ്ങാത്ത ഡ്രംസുമായാണ് ബീറ്റിൽസിലെ നാലാമന്റെ രംഗപ്രവേശം: റിങ്കോ സ്‌റ്റാർ. ആരാധകരിലേക്ക് ഇടിമുഴക്കം പോലെ, കൊള്ളിയാൻ പോലെ റിങ്കോ മിന്നിപ്പടർന്നു.

ആ നാൽവർ സംഘത്തിന്റെ ആഘോഷരാവുകൾക്കു കാതോർക്കാൻ ആരാധകർ മധുരമൂറുന്ന മൗനംപൂണ്ടു.

ഭൂഖണ്ഡങ്ങൾ കീഴടക്കാൻമാത്രം വളരുകയായിരുന്നു നാൽവർ സംഘം. 1962 ഒക്‌ടോബറിൽ ബീറ്റിൽസിന്റെ ആദ്യത്തെ ഒറിജിനൽ സിംഗിൾ ആൽബം പിറന്നു: ‘ലവ് മി ഡു. പാട്ടിനെ പ്രണയിച്ച നാലു ചങ്ങാതിമാരുടെ ആദ്യ സംഘഗാനോന്മാദം. പിന്നീട് കാതൊഴിയാതെ തുടരെത്തുടരെ ഹിറ്റുകൾ. പ്ലീസ് പ്ലീസ് മി (1963), എ ബാൻഡ് ബോയ്‌സ് നൈറ്റ് (1964), റിവോൾവർ (1966), സാർജന്റ് പേപ്പേഴ്‌സ് ലോൺലി ബാർട്‌സ് ക്ലബ് (1967), ദ് ബീറ്റിൽസ് (1968).. അങ്ങനെ ഒന്നിനു പിറകെ ഒന്നായി ബീറ്റിൽസ് ഒരുക്കിയ സംഗീതവിരുന്നുകൾ.

പാട്ടിൽ മയങ്ങി യുഎസ്

1964ൽ ആണ് ബീറ്റിൽസ് അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് കെന്നഡിയുടെ മരണം അവശേഷിപ്പിച്ച സങ്കടത്തിലും മൂകതയിലും അമേരിക്കൻ ജനത മൗനം തുടരുന്ന കാലം. എഡ്‌സുള്ളിവൻ ടിവി ഷോയ്‌ക്കു വേണ്ടി ലിവർപൂളുകാരായ നാലു ചെറുപ്പക്കാർ കരാർ ഉറപ്പിക്കുമ്പോൾ അത് അമേരിക്കയെ പാടിക്കീഴ്‌പ്പെടുത്താനുള്ള സമ്മതപത്രം കൂടിയാണെന്ന് ആരും കരുതിയിരിക്കില്ല!

ബീറ്റിൽസ് പാടിത്തകർത്ത ആ അമേരിക്കൻരാത്രി. വിരൽ തൊട്ടുണർന്ന നേർത്ത ഗിറ്റാർ തന്ത്രികളിൽ ലെനനും കൂട്ടരും ഒരു ജനതയെ മുഴുവൻ കൊരുത്തിട്ട രാത്രി.

ആർത്തലച്ചു പെയ്‌ത ബീറ്റിൽസിന്റെ ചുഴലിക്കൊടുംപാട്ടിൽ ഉള്ളുലയാതെ, അവർ പകർന്ന ഉന്മാദ മൂർച്ഛയിൽ ഉൾനനയാതെ, ആരുംതന്നെയുണ്ടായിരുന്നില്ല അമേരിക്കയിൽ. ആ രാത്രി ന്യൂയോർക്കിൽ ഗൗരവമുള്ള കുറ്റകൃത്യങ്ങളൊന്നും നടന്നില്ല. എല്ലാ കൺകാതുകളും ഒരു പാട്ടുവേദിയിലേക്കു നീണ്ടു, എല്ലാ ചുണ്ടുകളിലും ബീറ്റിൽസിന്റെ പാട്ടുചുംബനം പുരണ്ടു... പിന്നെ നിശ്‌ചലമാകാതെയെങ്ങനെ, നിശ്ശബ്‌ദമാകാതെയെങ്ങനെ ഏത് അമേരിക്കയും! (ബീറ്റിൽസിൽ ശേഷിച്ച റിങ്കോ സ്‌റ്റാറും പോൾ മക്കാർട്ടെനിയും ചേർന്ന് കഴിഞ്ഞ വർഷം, അൻപതാം വാർഷികത്തിൽ ആ അമേരിക്കൻരാത്രി പുനഃസൃഷ്‌ടിച്ചിരുന്നു!)

ആളിക്കത്തി; അടങ്ങി

നാലുപേരുടെ പാട്ടുകൂട്ടുകെട്ടിനു ലോകം കീഴടങ്ങുകയായിരുന്നു. ബീറ്റിൽസ് മാനിയ – ചരിത്രം ആ കീഴടങ്ങലിന് അങ്ങനെ പേരു വിളിച്ചു. എങ്കിലും ഒടുവിൽ നാലും നാലുവഴി പിരിയാൻതന്നെയായി പല കൂട്ടുകെട്ടിന്റെയുംപോലെ ബീറ്റിൽസിന്റെയും ഒടുക്ക വിധിനിയോഗം.

‘ആബേ റോഡ്’ ആയിരുന്നു അവരുടെ അവസാന ആൽബം. 1969ൽ ലെനൻ മക്കാർട്ടെനിയോടു പറഞ്ഞു: ‘ഇവിടെ അവസാനിപ്പിക്കാം. ഞാൻ ഇനി ബീറ്റിൽസിൽ ഇല്ല.’

യോകോ ഓനോ എന്ന ജാപ്പനീസ് കലാകാരിയുടെ താളത്തിനൊത്തു തുള്ളിയ ഏതോ ശപിക്കപ്പെട്ട നിമിഷത്തിലായിരിക്കണം ജോൺ ലെനൻ ആ തീരുമാനത്തിലെത്തിയതെന്ന് ചിലർ പഴിപറഞ്ഞു. സിരകളിലൂടെ വേഗപ്പാച്ചിൽ തുടങ്ങിയ ലഹരി മരുന്നിന്റെ പിടിയിലമർന്ന ജോൺ സ്വയം മറന്നു പറഞ്ഞതായിരിക്കാമെന്ന് ചിലർ ആശ്വസിച്ചു. എന്തായാലും, 1970 ഏപ്രിൽ 10ന് ബീറ്റിൽസിന്റെ മരണം സ്‌ഥിരീകരിച്ചു.

നിറതോക്കിൽ നിലച്ച ഗീതം

പിന്നീട് പത്തുവർഷം കൂടി. ലെനന്റെ പാട്ടുകൾ ബീറ്റിൽസിന്റെ ബാൻഡ്‌വിലാസമില്ലാതെ കേട്ടും കേൾക്കാതെയും കഴിച്ചുകൂട്ടി ആരാധകർ. 1980 ഡിസംബർ എട്ട്. രാത്രി 11 മണി. മാൻഹട്ടൻ തെരുവിലെ അപ്പാർട്ട്‌മെന്റിനു പുറത്ത് ലെനനെ കാത്ത് ഒരു അതിഥിയുണ്ടായിരുന്നു: ടെക്‌സസുകാരനായ മാർക്ക് ഡേവിഡ് ചാപ്‌മാൻ. അന്നു വൈകുന്നേരം ലെനന്റെ ഓട്ടോഗ്രാഫ് വാങ്ങി നന്ദിപറഞ്ഞു പിരിഞ്ഞ ഒരു കടുത്ത ആരാധകൻ. അതിഥിയെ സ്വീകരിക്കാൻ പുറത്തേക്കിറങ്ങിയ ലെനന്റെ നേർക്ക് ചാപ്‌മാൻ നിറതോക്കു നീട്ടി. നാലു വെടിയുണ്ടകൾ. ജോൺ ലെനൻ എന്ന ഇതിഹാസം അവസാനിച്ചു.

ബാൻഡ് പലവഴി പിരിഞ്ഞിട്ടും, ജോൺ ലെനനും ജോർജ് ഹാരിസണും ലോകമൊഴിഞ്ഞിട്ടും, ആരാധനയ്‌ക്കും അനുരാഗത്തിനുമപ്പുറം ബീറ്റിൽസ് ഒരു ഭ്രാന്തൻ ആവേശമായി ഇന്നും എത്രയോ പേരിൽ കത്തിനിൽക്കുന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഉന്മാദത്തിന്റെ വിശുദ്ധ അടയാളങ്ങൾ കണ്ട് ബീറ്റിൽസിലേക്ക് പലരും സംഗീതസ്‌നാനം ചെയ്യപ്പെടുന്നു. വെളിപാടിനൊടുവിൽ വാഗ്‌ദത്ത ഭൂമിയിലേക്കു കൺതുറന്നവരെപ്പോലെ ആരാധകർ ഒരേ സ്വരത്തിൽ ഇന്നും ആർത്തലച്ചുകൊണ്ടേയിരിക്കുന്നു...ബീറ്റിൽസ്...ബീറ്റിൽസ്...