കുച്ഛ് നാ കഹോ....കുച്ഛ് ഭീനാ കഹോ...

നിശബ്ദതയുടെ ഭംഗിയിൽ ഒഴുകി വരുന്ന വാക്കുകൾ, പ്രണയിക്കുന്നവന്റെ നെഞ്ചിലെ ഇതുവരെ പറയാത്ത സ്നേഹത്തിന്റെ കഥ, അവയൊരിക്കലും പരസ്പരം അവർ പറഞ്ഞിട്ടുണ്ടാകില്ല, കേട്ടിട്ടുണ്ടാകില്ല. ഒരേ വികാരത്തിലേക്ക് ഒന്നായി ചേർന്നു നിൽക്കുമ്പോൾ ഹൃദയം സംസാരിച്ചു തുടങ്ങും, ഒരിക്കലും നിലയ്ക്കാതെ. വാക്കുകൾ കൊണ്ട് പറയാനാകാത്ത ആനന്ദങ്ങളും അതു പങ്കുവച്ചു തുടങ്ങും...

കുച്ഛ് നാ കഹോ.... കുച്ഛ് ഭീനാ കഹോ...

ക്യാ കെഹനാ ഹേ..

ക്യാ സുന്നാ ഹേ..

മുച്ഛ്കോ പത്താ ഹേ...

തും കോ പത്താ ഹേ..

സമയകാ യെ പൽ.. ഹംസാഗയാ ഹേ...

ഓർ ഈസ് പൽ മേ കോയി നഹീ ഹേ...

ബസ് ഏക് മി ഹൂ...

ബസ് ഏക് തും ഹോ..."

നീ ഒന്നും പറയേണ്ടതില്ല... എനിക്കൊന്നും കേൾക്കേണ്ടതുമില്ല. നിന്റെ മൗനത്തിലേക്ക്, അത്രയാഴത്തിൽ ഞാനിറങ്ങിയിരിക്കുന്നു... ഈ മനോഹരമായ നിമിഷത്തിന്റെ വിന്യാസങ്ങളിൽ നമുക്കിടയിൽ മറ്റൊരാളില്ല...

നീയും ഞാനും മാത്രം...

സിനിമയിലെ നായകനും നായികയും പരസ്പരം പ്രണയത്തിലേക്കു നൂഴ്ന്നിറങ്ങിപ്പോയി ചുംബിക്കുന്ന രംഗങ്ങളുണ്ടായിട്ടും A സർട്ടിഫിക്കറ്റ് കിട്ടാതെ രക്ഷപ്പെട്ടു 1994 ൽ പുറത്തിറങ്ങിയ ‘1942 എ ലവ് സ്റ്റോറി’ എന്ന ചിത്രം. സ്വാതന്ത്ര്യസമരവും ലഹളകളും ആക്രമണവും നിറഞ്ഞു നിൽക്കുമ്പോഴും അതിനിടയിലൂടെ സമാന്തരമായൊരു പ്രണയം പൂക്കുന്ന സിനിമ. അനിൽ കപൂർ-മനീഷ കൊയ്‌രാള ജോഡിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി എഴുതി വയ്ക്കപ്പെട്ട സിനിമ. ‘1942 എ ലവ് സ്റ്റോറി’ പുറത്തിറങ്ങിയപ്പോൾ ഒരുപക്ഷേ കഥയെക്കാളധികം ഈ സിനിമയെ ഹിറ്റാക്കിയത് ഇതിലെ ഗാനങ്ങളാണ്. ജാവേദ് അക്തറിന്റെ വരികൾക്ക് എ.ഡി. ബർമന്റെ സംഗീതം നൽകിയ ഭാവപൂർണത ആസ്വാദകർ അതിൽ ഇഴുകിച്ചേർന്നാണ് ആസ്വദിച്ചത്.

കോയി സബ് പെഹച്ചാനെ... ഖോയെ സാരേ അപ്നേ.....

സമയ കി ചൽനി സെ ഗിർ ഗിർകെ ഖോയെ സാരേ സപ്നേ...

ഓർ ഈസ് പൽ മേ കോയി നഹീ ഹേ...

ബസ് ഏക് മി ഹൂ...

ബസ് ഏക് തും ഹോ..."

ഭയത്തിലും നെടുനീളൻ ആധികളിലും നഷ്ടപ്പെട്ടു പോകുന്ന സ്വപ്നങ്ങളെ കുറിച്ചാണ് വിലാപങ്ങളത്രയും... എന്നോ ഒരിക്കൽ സംഭവിക്കേണ്ടതാണത്. പ്രണയിക്കപ്പെടുമ്പോഴുള്ള ആധി, അത് ആരെങ്കിലും തിരിച്ചറിയുമോ എന്നതുതന്നെയാണ്. രഹസ്യങ്ങളുടെ മറകൾക്കിടയിലൂടെ ആത്മസംവേദനം നടത്തുമ്പോൾ അതാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഭീതിയിൽ മനസ്സ് ഉലഞ്ഞുകൊണ്ടേയിരിക്കും. ഏതു നേരവും സംഭവിക്കാവുന്ന ഒന്നിനെക്കുറിച്ച്, അതുകഴിഞ്ഞുണ്ടാകാവുന്ന സ്വപ്നനഷ്ടങ്ങളെക്കുറിച്ച് വിലപിച്ചുകൊണ്ടേയിരിക്കും. എന്നിരിക്കിലും എന്തിന്റെയും ഇടയ്ക്ക് അവന്റെ ആ അദൃശ്യസ്പർശം, ആ നിമിഷത്തിൽ നീയും ഞാനും മാത്രമാകുന്നുവെന്ന് പിന്നെയും തിരിച്ചറിയും. സങ്കടങ്ങളിലും അത്യാനന്ദങ്ങളിലും അവന്റെ സാമീപ്യം തരുന്ന നിർവൃതി.

ഹാംനെ ജബ് ദേഖേ ധെ സുന്ദർ കോമൾ സപ്നേ...

ഭൂൽ സിതാരെ പർവ്വത് ബാദൽ സബ് ലഗത്തെ ധെ അപ്നേ...

ഓർ ഈസ് പൽ മേ കോയി നഹീ ഹേ...

ബസ് ഏക് മി ഹൂ...

ബസ് ഏക് തും ഹോ..."

പ്രണയിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം സ്വന്തമാണെന്നും എന്നിൽ അലിഞ്ഞിരിക്കുന്നതാണെന്നും തോന്നിപ്പോകും. പൂക്കളും ആകാശവും പർവതങ്ങളും മേഘങ്ങളുമെല്ലാം സ്വപ്നങ്ങളിൽ ചേർന്നലിഞ്ഞു ചേരുന്ന പ്രണയത്തിന്റെ ലോകം. തണുത്ത കാറ്റിൽ ഏതുനേരവും ഉടയാടകൾ പാറിപ്പറക്കുന്ന പോലെ തോന്നിക്കുന്ന, അപ്പോൾ ലോകത്തെ മുഴുവൻ മാറോടുചേർത്തു പിടിക്കാൻ തോന്നിക്കുന്ന  മാന്ത്രികനിമിഷങ്ങൾ ഓരോ പ്രണയകഥയ്ക്കുമുണ്ട്. ആ നിമിഷങ്ങൾ അവരുടേതു മാത്രമാണ്. വീണ്ടും വീണ്ടും ‘നീയും ഞാനും’ മാത്രമാകുന്ന ആ നിമിഷങ്ങൾ... അവരിലേക്ക് ഒതുങ്ങിക്കൂടുന്ന ലോകം... പിന്നെ എന്തു കേൾക്കണമെന്നും പറയണമെന്നും അവരിരുവരും തീരുമാനിക്കും.

തൊണ്ണൂറുകളുടെ മധ്യത്തിലാണ് ജാവേദ് അക്തറിന്റെ 'കുച്ഛ് നാ കഹോ.... കുച്ഛ് ഭീനാ കഹോ' ... എന്ന വരികൾ യുവാക്കളുടെ തരളിത മനസ്സുകളിൽ കത്തിപ്പടർന്നത്. ഇതേ ചിത്രത്തിലെ "ഏക് ലഡ്കി കോ ദേഖാ തോ..." എന്നു തുടങ്ങുന്ന ഗാനമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടതെങ്കിലും പ്രണയികളെ പ്രണയപരവശരാക്കുന്ന ഗാനമെന്ന നിലയിൽ ‘കുച്ഛ് നാ കഹോ’ യ്ക്കായിരുന്നു മാറ്റ് കൂടുതൽ. മനോഹരമായ ആ വരികൾ എഴുതുമ്പോൾ മനസ്സിൽ മാധുരി ദീക്ഷിത്തായിരുന്നുവെന്ന് കവി ജാവേദ് ഒരിക്കൽ ഒരു വാരികയിലൂടെ വെളിപ്പെടുത്തുകയുമുണ്ടായി. വരികൾ കൊണ്ടും ബർമാന്റെ സംഗീതം കൊണ്ടും അന്നത്തെ ചെറുപ്പക്കാരുടെ ഹൃദയം തൊടാനായിഎന്നതുതന്നെയാണ് ഈ പാട്ടിന്റെ പ്രത്യേകത.

സഞ്ജയ് ലീലാ ബൻസാലി എഴുതി വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 1942 എ ലവ് സ്റ്റോറി തിയറ്ററിൽ ഏറെ തരംഗമുണ്ടാക്കിയ ചിത്രമാണ്. സ്വാതന്ത്ര്യസമരകാലത്തെ പ്രണയത്തിന്റെ മധുരം മാർക്കേസിന്റെ കോളറാകാലത്തെ പ്രണയം പോലെ കത്തിപ്പടർന്നു. സിനിമയും പാട്ടുകളും ഒരേ പോലെ ഹിറ്റാവുക എന്നാൽ അതിൽ എന്തെങ്കിലും മാന്ത്രികതയുണ്ടാകണം, അതിലതുണ്ടായിരുന്നു. ഇപ്പോഴും ഗൃഹാതുരതയുടെ നിറങ്ങൾക്കിടയിൽ മങ്ങാതെ, മായാതെ ആ ഗാനമുണ്ട്...

ഇപ്പോഴും ഹൃദയത്തോടു നിശബ്ദമായി അവൻ സംവദിക്കാറുണ്ട്... അപ്പോൾ അറിയാതെ ഒരു കാറ്റ് വീശും, ഉടയാടകൾ കാറ്റിൽ പറന്നു ചെന്ന് അവന്റെ മുഖത്തു പതിയും. പെൺഗന്ധത്തിന്റെ തീവ്രതയിൽ അവന്റെ ഹൃദയം പറയും, ആ നിമിഷത്തെക്കുറിച്ച്. അവിടെ വീണ്ടും പ്രണയം തനിച്ചാകുന്നു, നീയും ഞാനും മാത്രമാകുന്നു...