പോപ്പ് ലോകത്തെ രാജ്ഞിക്ക് 34- ാം പിറന്നാൾ

ബിയോൺസ്

പോപ്പ് ലോകത്തെ രാജ്ഞി ബിയോൺസ് 34-ാം പിറന്നാൾ. സെലസ്റ്റീൻ ആൻ ടീന നോൾസിന്റേയും മാത്യൂ നോൾസിന്റേയും മകളായി 1981 സെപ്റ്റംബർ 4 നാണ് ബിയോൺസ് എന്ന ബിയോൺസ് ജിസെല്ലി നോൾസ് കാർട്ടർ ജനിച്ചത്. ജന്മനാടായ ടെക്‌സാസിലെ ഡാൻസ്, പാട്ട് മത്സരങ്ങളിൽ അഞ്ചാം വയസുമുതൽ പങ്കെടുക്കുന്ന ബിയോൺസ് 1990 കളുടെ അവസാനം സ്ഥാപിച്ച ബാൻഡ് ഡിസ്‌നി ഗേൾസിലൂടെയാണ് താരമായി മാറുന്നത്. 1997 തുടങ്ങിയ ബാൻഡ് വളരെ വേഗം തന്നെ പ്രശസ്തമായി മാറി. 2002 ലാണ് ബിയോൺസ് ബാൻഡ് വിട്ട് തന്റെ സോളോ കരിയർ ആരംഭിക്കുന്നത്.

2003 ലാണ് ബിയോൺസ് തന്റെ ആദ്യ ആൽബം ഡെയിഞ്ചറസ്‌ലി ഇൻ ലൗ പുറത്തിറക്കുന്നത്. ആദ്യ ആൽബം തന്നെ സൂപ്പർഹിറ്റായതോടെ ബിയോൺസ് പോപ്പ് ലോകത്ത് പ്രശസ്തയായി. നിരവധി രാജ്യങ്ങളിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ആൽബത്തിന്റെ ഏകദേശം 2 കോടി കോപ്പികളാണ് ലോകത്താകെമാനം വിറ്റുപോയത്. തുടർന്ന് 2006 ൽ ബർത്ത്‌ഡേ, 2008 ൽ ഐ ആം സാഷാ ഫേർസ്, 2011 ൽ 4, 2013ൽ ബിയോൺസ് എന്നിങ്ങനെ സൂപ്പർ ഹിറ്റായ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

മോഡേൺ ഡേ ഫെമിനിസ്റ്റെന്ന് സ്വയം വിലയിരുത്തുന്ന ബിയോൺസിന്റെ വരികൾ പ്രണയത്തേയും, വ്യക്തി ബന്ധങ്ങളേയും, സ്ത്രീകളുടെ ഉന്നമനത്തേയും പറ്റിയുമുള്ളതായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ജെയ് സിയുടെ ഏഴാമത്തെ ആൽബം ദ ബ്ലൂ പ്രിന്റ് 2: ദ ഗിഫ്റ്റ് ആന്റ് ദ ക്രൂസ് എന്ന ആൽബത്തിന് വേണ്ടി സഹകരിച്ചതിലൂടെയാണ് ബിയോൺസും ജെയ് സിയുമായി പ്രണയത്തിലാകുന്നത്. 2008 ൽ ഇരുവരും വിവാഹിതരായി. 2012 ൽ ഇവരുടെ ആദ്യ മകൾ ബ്ലൂ ഐവി കാർട്ടർ ജനിച്ചു. ഇന്ന് ലോകത്തിൽ ഏറ്റവും അധികം വരുമാനമുള്ളതും ആൽബങ്ങൾ വിറ്റതുമായ ദമ്പതിമാരിൽ ഒരാളാണ് ബിയോൺസും ജെയ് സിയും. ഇരുവരും ചേർന്ന് ഏകദേശം 30 കോടി ആൽബങ്ങളാണ് ലോകത്താകെമാനം വിറ്റത്. ബിയോൺസിന്റെ മാത്രം ആസ്തി ഏകദേശം 250 ദശലക്ഷം ഡോളറാണ്.

നാൽപ്പത്തിയാറ് നാമനിർദ്ദേശങ്ങളുമായി ഗ്രാമി ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വനിതാ പോപ്പ് താരമാണ് ബിയോൺസ്. ഗ്രാമി പുരസ്‌കാരങ്ങൾ 17 പ്രാവശ്യവും, അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം 10 പ്രാവശ്യവും, ബിഇടി മ്യൂസിക്ക് പുരസ്‌കാരം 16 പ്രാവശ്യവും, ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരം എട്ട് പ്രാവശ്യവും ബിയോൺസിനെ തേടി എത്തിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗത്തിൽ ഐട്യൂൺസിൽ വിൽക്കുന്ന ആൽബം എന്ന പേരിൽ ബിയോൺസിന്റെ ബിയോൺസേ എന്ന ആൽബം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. 2013 ലും 2014 ലും ലോകത്തെ സ്വാധീനിച്ച 100 വ്യക്തിളിൽ ഒരാളായി ടൈം മാസിക ബിയോൺസിനെ തിരഞ്ഞെടുത്തിരുന്നു.