മറുനാട്ടിൽനിന്ന് ഒഴുകിയെത്തി മലയാളക്കരയിലലിഞ്ഞ സംഗീതം

അന്തരിച്ച ബോംബെ എസ്. കമാലിനെ ഓർക്കുമ്പോൾ

മറുനാട്ടിൽ ജനിച്ച് കേരളത്തെ സ്വന്തം നാടും വീടുമാക്കിയ അനുഗൃഹീത സംഗീതജ്ഞൻ ഇനി ഓർമ. ആറു പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തിൽ മലയാളികൾ എന്നുമോർമിക്കുന്ന ഒരു പിടി ഗാനങ്ങൾ ബാക്കിവച്ചാണു ബോംബെ എസ് കമാൽ ഓർമയായത്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബാബുരാജുമായുള്ള സൗഹൃദത്തെത്തുടർന്ന് കേരളത്തിലെത്തി പിന്നീട് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത കമാൽ കോഴിക്കോട്ടും വളരെക്കാലം ചെലവഴിച്ചു. കേരളത്തെയും കോഴിക്കോടിനെയും ഒരു കാലത്തും മറക്കില്ലെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

എവിടെ എൻ പ്രഭാതം, അടുക്കള, അക്ഷരാർത്ഥം, നിലവിളക്ക്, പൊലീസ് ഡയറി, ശാന്തിനിലയം, ശീർഷകം തുടങ്ങിയ ചിത്രങ്ങൾക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു. മോഹൻലാലിന്റെ ‘കുരുക്ഷേത്ര’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിന്റെ രചനയും സംഗീതവും ബോംബെ എസ്. കമാലിന്റേതാണ്. 1932ലെ ബോംബെയിലെ അബ്ദുൽ റഹിമാൻ സ്ട്രീറ്റിലാണ് ജനനം. പിതാവ് നജ്മുദിൻ സാഹിബ്. മാതാവ് ഫാത്തിമാബീവി. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടു. പിന്നീട് അമ്മാവനാണ് വളർത്തിയത്. ആന്ധ്രക്കാരനായ മൊയ്ഹിദീൻ സാഹിബിൽനിന്നാണ് സംഗീതം അഭ്യസിച്ചത്.

ബോംബെ തെരുവുകളിൽ സന്ധ്യസമയങ്ങളിൽ സംഘടിപ്പിച്ചിരുന്ന ഗാനമേളകളിലൊന്നിൽ ഖവാലി ആലപിച്ച് സംഗീത രംഗത്ത് തന്റെ സാന്നിധ്യമറിച്ചു. മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച് ഗാനമേളകളിൽ ശ്രദ്ധേയനായതിനിടെ, ബോംബെയിലെ രഞ്ജിത്ത് സ്റ്റുഡിയോയിൽ എത്തിയ ബാബുരാജിനെയും സംഘത്തെയും പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. പാട്ടുകാരനാണെന്നു പറഞ്ഞപ്പോൾ ബാബുരാജ് പാടാൻ ആവശ്യപ്പെട്ടു. ഞാൻ മുഹമ്മദ് റാഫിയുടെ ആരാധകനായതുകൊണ്ട് റാഫിയുടെ ഒരു പാട്ടുപാടി. ബാബുരാജിന് പാട്ട് ഇഷ്ടമായി. കേരളത്തിലേക്ക് വരുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇല്ല എന്നുപറഞ്ഞപ്പോൾ എന്നെങ്കിലും കേരളത്തിൽ വരികയാണെങ്കിൽ തന്നെ വന്നുകാണണം എന്നു പറഞ്ഞു.

ഒരു ദിവസം പാട്ടുകഴിഞ്ഞ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു സ്റ്റേഷനിൽ കമാലിന്റെ പോക്കറ്റടിച്ചുപോയി. ടിക്കറ്റും പൈസയും നഷ്ടപ്പെട്ടു. ടിടിആർ എത്തി കള്ളവണ്ടി കയറിയതാണെന്നു കരുതി തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കിവിട്ടു. അവിടത്തെ സ്റ്റേഷൻമാസ്റ്ററോട് കാര്യങ്ങളൊക്കെ പറഞ്ഞു. പറയുന്നതൊക്കെ അകലെനിന്ന് ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബാബുരാജിന്റെ തബലിസ്റ്റായിരുന്ന കൊച്ചി അബ്ദുവായിരുന്നു അത്. അദ്ദേഹം വിളിച്ചുകൊണ്ടുപോയി. പതിനഞ്ചുദിവസം അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. ചില ഗാനമേളകളിലൊക്കെ പാടി. അതിനുശേഷം കോഴിക്കോട്ടുപോയി ബാബുരാജിനെ കണ്ടു. പിന്നെ ഒരു വർഷത്തോളം അദ്ദേഹത്തിന്റെ കൂടെ സംഗീതസംവിധാനം പഠിച്ചു.

1979ൽ ‘എവിടെ എൻ പ്രഭാതം‘എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പാട്ട് കംപോസ് ചെയ്യുന്നത്. ബാലു കിരിയത്തിന്റെ ആദ്യത്തെ പാട്ടുകളായിരുന്നു അത്. ആ പാട്ടുകൾ എല്ലാം തന്നെ സൂപ്പർഹിറ്റായിരുന്നു. വൈതരണി, കുമിളകൾ, സ്നേഹ ദളങ്ങൾ, അമാവാസി എന്നീ സീരിയലുകൾക്കുവേണ്ടിയും ഇൗണമിട്ടു. യേശുദാസ് മുതൽ പുതുതലമുറയിലെ പാട്ടുകാരുമായി വരെ നല്ല ബന്ധം പുലർത്തിയിരുന്ന കമാൽ കുടുംബത്തോടൊപ്പം തിരുവനന്തപുരം മുടവൻമുകളിലായിരുന്നു താമസം.